ന്യൂഡല്‍ഹി: രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഭാഗമാകുന്നതില്‍ മുതിര്‍ന്ന നേതാക്കള്‍ക്ക് മുറുമുറുപ്പ്. നാലംഗ സമിതി പ്രശാന്ത് കിഷോര്‍ നല്‍കിയ റിപ്പോര്‍ട്ട് പഠിച്ച് സോണിയ ഗാന്ധിയ്ക്ക് സമര്‍പ്പിച്ചെങ്കിലും നിര്‍ദേശങ്ങളില്‍ പുതുമയില്ലെന്നും മുതിര്‍ന്ന നേതാക്കള്‍ വിമര്‍ശിക്കുന്നു. യഥാര്‍ഥ പ്രശ്‌നങ്ങളില്‍ നിന്ന് വഴി തിരിക്കുന്നുവെന്നാണ് ജി 23 നേതാക്കളുടെ വിമര്‍ശനം.
മുന്‍പ് പല പാര്‍ട്ടികള്‍ക്കും വേണ്ടി പ്രവര്‍ത്തിച്ച പ്രശാന്ത് കിഷോര്‍ പാര്‍ട്ടിയിലെത്തുന്നത് കൂടുതല്‍ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നാണ് ചില നേതാക്കളുടെ ആരോപണം. ഇക്കാര്യത്തില്‍ അതൃപ്തി രേഖപ്പെടുത്തി മുതിര്‍ന്ന നേതാവ് ദിഗ്‌വിജയ് സിങ് തന്നെ രംഗത്തെത്തി.
പാര്‍ട്ടി സംഘടനാ സംവിധാനത്തിലും മുന്നണിയിലും വലിയ മാറ്റങ്ങളാണ് പ്രശാന്ത് കിഷോര്‍ നിര്‍ദേശിച്ചിരിക്കുന്നത്. മാറ്റങ്ങള്‍ നടപ്പിലായാല്‍ പ്രിയങ്ക ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും ചുമതലകളില്‍ മാറ്റമുണ്ടാകും. ഒപ്പം പുതിയ മുഴുവന്‍ സമയ അധ്യക്ഷനോ ഉപാധ്യക്ഷനോ ഉണ്ടാകും.
1984 മുതല്‍ കോണ്‍ഗ്രസിനു സംഭവിച്ച പിഴവുകള്‍ പ്രശാന്ത് കിഷോര്‍ എണ്ണമിട്ടു നിരത്തിയിട്ടുണ്ട്. നേതാക്കളുടെ പ്രവര്‍ത്തന പരിചയവും പാരമ്പര്യവും മുതലാക്കുന്നതില്‍ കോണ്‍ഗ്രസിനു വീഴ്ച പറ്റിയെന്നും സംഘടനാ ദൗര്‍ബല്യമുണ്ടായെന്നുമാണ് റിപ്പോര്‍ട്ടിലുള്ളത്.
കൂടാതെ ജനങ്ങളുമായി ഇടപഴകുന്നതിലും വീഴ്ച സംഭവിച്ചു. കോണ്‍ഗ്രസ് നേതൃത്വം പാര്‍ട്ടിയെ പുനര്‍നിര്‍മിക്കേണ്ടതുണ്ടെന്നും ജനാധിപത്യവത്കരിക്കേണ്ടതുണ്ടെന്നുമാണ് മറ്റൊരു നിര്‍ദേശം.
പ്രശാന്ത് കിഷോര്‍ മുന്നോട്ടു വെച്ച കാര്യങ്ങളില്‍ ചിലത് പാര്‍ട്ടി ഉടന്‍ നടപ്പാക്കിയേക്കുമെന്നാണ് സൂചന. പാര്‍ട്ടിയില്‍ മാറ്റം വേണമെന്ന അഭിപ്രായമാണ് സോണിയ ഗാന്ധിയ്ക്കുമുള്ളത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.