നിജില്‍ ദാസിന് സംരക്ഷണം നല്‍കിയ രേഷ്മയും ഭര്‍ത്താവ് പ്രശാന്തും സൗദിയില്‍ ഇടതുപക്ഷ സംഘടനയുടെ മുന്‍ ഭാരവാഹികള്‍

നിജില്‍ ദാസിന് സംരക്ഷണം നല്‍കിയ രേഷ്മയും ഭര്‍ത്താവ് പ്രശാന്തും സൗദിയില്‍ ഇടതുപക്ഷ സംഘടനയുടെ മുന്‍ ഭാരവാഹികള്‍

കണ്ണൂർ: തലശേരി പുന്നോലിലെ സി.പി.എം പ്രവർത്തകൻ കോരമ്പേത്ത്​ ഹരിദാസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ആർ.എസ്​.എസ്​ പ്രവർത്തകൻ നിജിൽ ദാസിന്​ സ്വന്തം വീട്ടിൽ സംരക്ഷണം നൽകിയെന്ന വിവാദത്തിലായ അധ്യാപിക രേഷ്മയും ഭർത്താവ്​ പ്രശാന്ത്​ പിണറായിയും സൗദി അറേബ്യയിലായിരുന്നപ്പോൾ സി.പി.എം പ്രവാസി സംഘടനയുടെ പ്രധാനഭാരവാഹികൾ.

കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജനും പാർട്ടിയും ഇപ്പോൾ തള്ളിപ്പറയുന്നുണ്ടെങ്കിലും ദീർഘകാലം സൗദി അൽഖസീം പ്രവിശ്യയിലെ സി.പി.എം സംഘടനയായ ഖസീം പ്രവാസി സംഘത്തിന്‍റെ മുഖ്യഭാരവാഹികളായിരുന്നു ഇരുവരും. ഒരു പതിറ്റാണ്ടിലധികം പ്രശാന്ത്​ ജോലി ചെയ്ത ബുറൈദയിലെ സാമൂഹിക പ്രവർത്തകർക്കും മാധ്യമപ്രതിനിധികൾക്കും ഒരു ഉറച്ച സി.പി.എം പ്രവർത്തകനെന്ന നിലയിലാണ്​ ഇയാ​ളെ പരിചയം.

ഖസീം പ്രവാസി സംഘത്തിന്‍റെ പ്രസിഡന്‍റ്​, രക്ഷാധികാരി പദവികൾ ഇദ്ദേഹം ദീർഘകാലം വഹിച്ചിരുന്നു. പ്രശാന്തിന്‍റെ ഭാര്യയും ബുറൈദ ഇന്‍റർനാഷനൽ ഇന്ത്യൻ സ്‌കൂൾ അധ്യാപികയുമായിരുന്ന രേഷ്മ ഖസീം പ്രവാസി സംഘത്തിന്‍റെ വനിതാ സംഘടന 'സർഗശ്രീ'യുടെ കേന്ദ്രകമ്മിറ്റി സെക്രട്ടറിയായിരുന്നു. പുതിയ വിവാദ പശ്ചാത്തലത്തിൽ പാർട്ടി തള്ളിപ്പറഞ്ഞതോടെ ഇവരുടെ ​പാർട്ടി ബന്ധം തെളിയിക്കുന്ന അന്നത്തെ പത്രവാർത്തകളും ഫോട്ടോകളും പ്രചരിപ്പിക്കുകയാണ്​ ബുറൈദയിലെ പ്രവാസി മലയാളികൾ.

സി.പി.എം പ്രവർത്തകന്റെ കൊലപാതക സംഭവത്തിൽ പൊലീസ് അന്വേഷിക്കുന്ന ആർ.എസ്.എസുകാരനായ പ്രതിക്ക് സംരക്ഷണം നൽകിയ കേസിൽ രേഷ്മയെ പൊലീസ് അറസ്റ്റ് ചെയ്തതോടെ പ്രതിരോധത്തിലായ സി.പി.എം ജില്ലാസെക്രട്ടറി എം.വി. ജയരാജൻ നടത്തിയ പ്രസ്താവനയിൽ അത്ഭുതപ്പെടുകയാണ് പ്രശാന്തിന്‍റെ സൗദിയിലെ പഴയ സഹപ്രവർത്തകരും ബുറൈദയിലെ മലയാളി സമൂഹവും. രേഷ്മ പ്രവാസം അവസാനിപ്പിച്ച്​ മടങ്ങിയപ്പോൾ സർഗശ്രീ വിപുലമായ യാത്രയയപ്പ് നൽകിയതിന്‍റെ വാർത്ത പ്രസിദ്ധീകരിച്ച പത്രകട്ടിങ്ങുകളും പുറത്തുവന്നിട്ടുണ്ട്​.

അഞ്ചുവർഷം മുമ്പാണ്​​ സ്വകാര്യ കമ്പനി ജോലി ഉപേക്ഷിച്ച്​ പ്രശാന്തും നാട്ടിലേക്ക്​ മടങ്ങിയത്​. പിന്നീട്​ വീണ്ടും സൗദിയിലേക്ക്​ വന്നതായാണ്​ സൂചനയെങ്കിലും ഏത്​ പ്രദേശത്താണെന്ന് പഴയകാല സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കുമൊന്നും അറിയില്ല. ദക്ഷിണ സൗദിയിലെ ഖമീസ്​ മുശൈത്തിലാണെന്ന സൂചനകളുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.