വാഹനം വാങ്ങി പിറ്റേ ദിവസം ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബാറ്ററി പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു

വാഹനം വാങ്ങി പിറ്റേ ദിവസം ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബാറ്ററി പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു

അമരാവതി: പുതിയ വാഹനം വാങ്ങി പിറ്റേ ദിവസം ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബാറ്ററി പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു. ആന്ധ്രാപ്രദേശിലെ വിജയവാഡയിൽ വീട്ടിനുള്ളിൽ ചാർജ് ചെയ്യാനിട്ട ഇലക്ട്രിക് സ്കൂട്ടറിന്റെ ബാറ്ററി പൊട്ടിത്തെറിച്ച് ശിവകുമാർ (40) ആണ് മരിച്ചത്.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ശിവകുമാറിന്റെ ഭാര്യ ഹാരതി (30), മക്കളായ ബിന്ദുശ്രീ (10), സസി (6) എന്നിവർ ചികിത്സയിലാണ്. ശനിയാഴ്ച രാവിലെയാണ് ദാരുണമായ അപകടമുണ്ടായത്. ശിവകുമാറും കുടുംബവും കിടന്നിരുന്ന മുറിക്ക് സമീപമാണ് ബാറ്ററി ചാർജ് ചെയ്യാനിട്ടിരുന്നത്. ബാറ്ററി പൊട്ടിത്തെറിച്ച് വീട്ടിലെ ഇലക്ട്രിക് വയറിങ്ങിലേക്കും തീപടർന്നത് അപകടത്തിന്റെ ആഘാതം വർധിപ്പിച്ചു.

വീട്ടിനുള്ളിലാകെ തീയും പുകയും പടർന്നതോടെ ശിവകുമാറിനും കുടുംബത്തിനും പുറത്തിറങ്ങി രക്ഷപ്പെടാനായില്ല.
പൊള്ളലേറ്റും പുകമൂലം ശ്വാസംമുട്ടിയുമാണ് ശിവകുമാർ മരിച്ചത്. പുക ശ്വസിച്ച് ഭാര്യയും കുട്ടികളും അബോധാവസ്ഥയിലായി. വീട്ടിൽ നിന്ന് തീയും പുകയും ഉയരുന്നത് കണ്ട അയൽവാസികളാണ് പോലീസിനേയും അഗ്നിരക്ഷാ സേനയേയും വിവരം അറിയിച്ചത്.

ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയാണ് ശിവകുമാർ മരിച്ചത്. ഭാര്യയും മക്കളും സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡിടിപി ഓപ്പറേറ്ററായി ജോലി ചെയ്തിരുന്ന ശിവകുമാർ വെള്ളിയാഴ്ചയാണ് പുതിയ ഇലക്ട്രിക് സ്കൂട്ടർ വാങ്ങിയതെന്ന്
പോലീസ് പറഞ്ഞു. ഉറങ്ങുന്നതിന് മുമ്പ് തൊട്ടടുത്തുള്ള മറ്റൊരു മുറിയിൽ ചാർജ് ചെയ്യാനിട്ട ബാറ്ററി ശനിയാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് പൊട്ടിത്തെറിച്ചതെന്നും പോലീസ് പറഞ്ഞു.

തെലങ്കാനയിലെ നിസാമാബാദിലും കഴിഞ്ഞ ദിവസം വീട്ടിനുള്ളിൽ ചാർജ് ചെയ്യാനിട്ട ഇ-സ്കൂട്ടറിന്റെ ബാറ്ററി പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചിരുന്നു. അപകടത്തിൽ രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇലക്ട്രിക് വാഹനങ്ങൾ പൊട്ടിത്തെറിച്ചുള്ള അപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ സുരക്ഷ ഉറപ്പാക്കാൻ നടപടി സ്വീകരിക്കുമെന്നും വീഴ്ച വരുത്തുന്ന നിർമാതാക്കൾക്കെതിരേ കർശന നടപടി സ്വീകരിക്കമെന്നും കഴിഞ്ഞ ദിവസം കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി വ്യക്തമാക്കിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.