ജമ്മു: പ്രധാനമന്ത്രി നരേന്ദ്ര മോഡി ജമ്മുവിലെത്തി. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 2019ലെ ജമ്മു കശ്മീര്‍ വിഭജനത്തിന് ശേഷം ഇതാദ്യമായാണ് പ്രധാനമന്ത്രി ജമ്മുവില്‍ എത്തുന്നത്. ആകെ ഇരുപതിനായിരം കോടി രൂപയുടെ പദ്ധതികളാണ് ഈ സന്ദര്‍ശനത്തില്‍ മോഡി ഉദ്ഘാടനം ചെയ്യുക.
ജമ്മു ശ്രീനഗര്‍ ദേശീയ പാതയിലെ എട്ടു കിലോമീറ്റര്‍ നീളമുള്ള ബനിഹാള്‍- ഖാസികുണ്ട് തുരങ്കം പ്രധാന മന്ത്രി തുറന്നു കൊടുക്കും. കൂടാതെ രണ്ടു ജല വൈദ്യുത പദ്ധതികള്‍ക്കും പ്രധാനമന്ത്രി തറക്കല്ലിടും. പല്ലി ഗ്രാമത്തില്‍ എത്തുന്ന പ്രധാനമന്ത്രി പഞ്ചായത്തി രാജ് ദിനത്തില്‍ പഞ്ചായത്ത് അംഗങ്ങളെ അഭിസംബോധന ചെയ്യും.
500 കിലോവാട്ട് സൗരോര്‍ജ്ജ പ്ലാന്റിന്റെ ഉദ്ഘാടനവും പല്ലിയില്‍ മോഡി നിര്‍വ്വഹിക്കും. രണ്ട് ചാവേറുകള്‍ ഉള്‍പ്പടെ ആറു ഭീകരരെ സൈന്യം കഴിഞ്ഞ ദിവസങ്ങളില്‍ വധിച്ചിരുന്നു. വെള്ളിയാഴ്ച സിഐഎസ്എഫ് ജവാന്‍മാര്‍ സഞ്ചരിക്കുകയായിരുന്ന ബസിനു നേരെയും ആക്രമണം നടന്നിരുന്നു. തുടര്‍ച്ചയായ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ലഫ്റ്റനന്റ് ഗവര്‍ണ്ണര്‍ മനോജ് സിന്‍ഹയുടെ നേതൃത്വത്തില്‍ ഇന്നലെ ഉന്നതതല യോഗം ചേര്‍ന്നു സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തി.
പ്രധാനമന്ത്രി സന്ദര്‍ശിക്കുന്ന പല്ലി ഗ്രാമത്തില്‍ നിന്നും ഇരുപത് കിലോമീറ്റര്‍ അകലെ വച്ചാണ് സിഐഎസ്എഫ് ബസിനു നേരെ ആക്രമണം നടന്നത്. ഇവിടെ മുതിര്‍ന്ന ഉദ്യോഗസ്ഥരെത്തി സുരക്ഷ വിലയിരുത്തി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.