ഗുജറാത്ത് തീരത്ത് വന്‍ മയക്കുമരുന്ന് വേട്ട; പാക് കപ്പലില്‍ നിന്ന് പിടിച്ചെടുത്തത് 280 കോടിയുടെ ഹെറോയിന്‍

ഗുജറാത്ത് തീരത്ത് വന്‍ മയക്കുമരുന്ന് വേട്ട; പാക് കപ്പലില്‍ നിന്ന് പിടിച്ചെടുത്തത് 280 കോടിയുടെ ഹെറോയിന്‍

അഹമ്മദാബാദ്: ഗുജറാത്ത് തീരത്ത് കോസ്റ്റ് ഗാര്‍ഡ് നടത്തിയ പരിശോധനയില്‍ 280 കോടിയുടെ ഹെറോയിനുമായി പാകിസ്ഥാന്‍ ബോട്ട് പിടിയില്‍. ഇന്ന് പുലര്‍ച്ചെ നടത്തിയ പരിശോധനയിലാണ് ഒന്‍പത് ജീവനക്കാരടക്കം ബോട്ട് പിടികൂടിയത്. 'അല്‍ ഹജ്' എന്ന ബോട്ട് ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയിലേക്ക് കടക്കുമ്പോഴാണ് കോസ്റ്റ് ഗാര്‍ഡിന്റെ കസ്റ്റഡിയിലായത്.

ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡും ഗുജറാത്ത് തീവ്രവാദ വിരുദ്ധ സേനയും ചേര്‍ന്നാണ് പരിശോധന നടത്തിയത്. ബോട്ട് കസ്റ്റഡിയിലെടുത്ത് ജീവനക്കാരെ കച്ച് ജില്ലയിലെ ജഖാവു തുറമുഖത്തേക്ക് കൊണ്ടുവന്നു. ഇവരെ വിശദമായി ചോദ്യംചെയ്യുമെന്നും പ്രതിരോധ വക്താവ് അറിയിച്ചു.

ഇത് ആദ്യമായിട്ടല്ല ഗുജറാത്ത് തീരത്തു നിന്ന് മയക്കുമരുന്ന് പിടികൂടുന്നത്. കഴിഞ്ഞ ഡിസംബറില്‍ 400 കോടിയുടെ മയക്കുമരുന്ന് പിടികൂടി നശിപ്പിച്ചിരുന്നു. അന്ന് ടാല്‍ക്കം പൗഡര്‍ എന്ന വ്യാജേനയാണ് മയക്കുമരുന്ന് കൊണ്ടു വന്നത്.

മുന്ദ്ര തുറമുഖം വഴിയുള്ള ലഹരിമരുന്ന് കടത്തില്‍ അഫ്ഗാന്‍ പൗരന്മാര്‍ക്ക് പങ്കുള്ളതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ വീണ്ടും ഗുജറാത്തില്‍ വന്‍ തോതില്‍ ലഹരി മരുന്ന് വേട്ട.

ഗുജറാത്ത് തീരം വഴി മയക്കുമരുന്ന് കടത്ത് വര്‍ധിച്ചതോടെ കോസ്റ്റ് ഗാര്‍ഡും തീവ്രവാദ വിരുദ്ധ സേനയും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. മയക്കുമരുന്നില്‍ നിന്നുള്ള പണം ഇന്ത്യയില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കാണ് വിനിയോഗിക്കുന്നതെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിട്ടുള്ളത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.