വി.സി നിയമനത്തിൽ ഗവര്‍ണറുടെ അധികാരം കുറയ്ക്കാനുള്ള ബില്‍ പാസാക്കി തമിഴ്നാട് നിയമസഭ

വി.സി നിയമനത്തിൽ ഗവര്‍ണറുടെ അധികാരം കുറയ്ക്കാനുള്ള ബില്‍ പാസാക്കി തമിഴ്നാട് നിയമസഭ

ചെന്നൈ: സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാരെ നിയമിക്കുന്നതില്‍ നിന്ന് ഗവര്‍ണറുടെ അധികാരം കുറയ്ക്കാനുള്ള ബില്‍ പാസാക്കി തമിഴ്നാട് നിയമസഭ.

ബില്ലിനെ പ്രതിപക്ഷമായ എഐഎഡിഎംകെയും ബിജെപിയും എതിര്‍ത്തു. സംസ്ഥാനത്തെ വിവിധ സര്‍വകലാശാലകളുടെ വി.സിമാരുടെ ദ്വിദിന കോണ്‍ഫറന്‍സ് ഊട്ടിയില്‍ ഗവര്‍ണര്‍ ആര്‍എന്‍ രവി ഉദ്ഘാടനം ചെയ്ത അന്നു തന്നെയാണ് ബില്‍ നിയമസഭയില്‍ പാസാക്കിയത്.

സംസ്ഥാന, കേന്ദ്ര, സ്വകാര്യ സര്‍വകലാശാലകളുടെ വി.സിമാരാണ് കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സംസ്ഥാനമായ ഗുജറാത്തിനെയാണ് ഇക്കാര്യത്തില്‍ മാതൃകയാക്കുന്നതെന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ വ്യക്തമാക്കി. സര്‍ക്കാരിന് വി.സിമാരെ നിയമിക്കാന്‍ അധികാരമില്ലാത്തത് സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസത്തെ ബാധിക്കുന്നതായി ബില്ലിനെക്കുറിച്ച്‌ സംസാരിക്കവേ മുഖ്യമന്ത്രി സ്റ്റാലിന്‍ പറഞ്ഞു.

'കീഴ് വഴക്കം അനുസരിച്ച്‌ സംസ്ഥാന സര്‍ക്കാരുമായി ആലോചിച്ച്‌ ഗവര്‍ണറാണ് വി.സിമാരെ നിയമിക്കുക. എന്നാല്‍. കഴിഞ്ഞ നാല് വര്‍ഷമായി പുതിയ ട്രെന്‍ഡ് ആണ് കാണുന്നത്. നിയമനം ഗവര്‍ണറുടെ വിശേഷാധികാരം എന്ന നിലയ്ക്കാണ് വീക്ഷിക്കപ്പെടുന്നത്. ഇതു തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനു നേര്‍ക്കുള്ള അനാദരവാണ്. ജനങ്ങളുടെ ഭരണമെന്ന തത്വത്തിന് എതിരാണ്.'

'നിലവിലെ നടപടിക്രമങ്ങള്‍ ആശയക്കുഴപ്പം ഉണ്ടാക്കുന്നു. 2010ല്‍ മുന്‍ ചീഫ് ജസ്റ്റിസ് മദന്‍ മോഹന്റെ അധ്യക്ഷതയിലുള്ള കമ്മീഷന്‍ നല്‍കിയ കേന്ദ്ര സംസ്ഥാന ബന്ധങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടില്‍ ഗവര്‍ണര്‍മാരെ സര്‍വകലാശാല ചാന്‍സലര്‍ പദവിയില്‍നിന്ന് നീക്കണമെന്ന് ശുപാര്‍ശ ചെയ്തിരുന്നു. പ്രധാനമന്ത്രിയുടെ സംസ്ഥാനമായ ഗുജറാത്തിലും സംസ്ഥാന സര്‍ക്കാരിന്റെ സമിതി തയാറാക്കുന്ന മൂന്നംഗ പട്ടികയില്‍ നിന്ന് ഒരാളെയാണ് വി.സിയായി ഗവര്‍ണര്‍ നിയമിക്കുക' എന്ന് സ്റ്റാലിന്‍ ചൂണ്ടിക്കാട്ടി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.