കുവൈറ്റ് സിറ്റി : ഭാരതത്തിനു വെളിയിൽ സമ്പൂർണ്ണ ബൈബിൾ പകർത്തിയെഴുതി ചരിത്രം കുറിച്ച് കുവൈറ്റ് എസ്എംസിഎ. ഏറ്റവും വലിയ മാർഗംകളി കളിച്ച് റിക്കോർഡിട്ട കുവൈറ്റ് എസ്എംസിഎ ബൈബിൾ പകർത്തിയെഴുതുന്നതിലും ശ്രദ്ധേയമായ നേട്ടം കൈവരിച്ചു. എസ്എംസിഎ അബ്ബാസിയ ഏരിയയിലെ 235 അംഗങ്ങളാണ് “ഇടവകക്കൊരു ബൈബിൾ” എന്നു പേരിട്ട പദ്ധതിയിൽ പങ്കുകാരായത്.അബ്ബാസിയ ഏരിയകമ്മറ്റി സമർപ്പിച്ച ആശയത്തിന് കൾച്ചറൽ കൺവീനറായ ഡേവിഡ് ആന്റണി ചിറയത്ത് ചുക്കാൻ പിടിച്ചു.
നവംബർ 24 ന് കുവൈറ്റിലെ സീറോ മലബാർ അപ്പസ്റ്റോലിക് വികാർ ഫാ. ജോണി ലോനിസ് മഴുവഞ്ചേരി സമ്പൂർണ്ണ ബൈബിൾ കയ്യെഴുത്ത് പദ്ധതിയുടെ ഉത്ഘാടനം നടത്തി. കേരളത്തിൽ നിന്നും ഫാ. സിറിയക് കോടമുള്ളിൽ, സിസ്റ്റർ റെറ്റി പോൾ എന്നിവർ മാർഗ്ഗ നിർദ്ദേശങ്ങളുമായി കുവൈറ്റ് എസ്എംസിയയോട് ചേർന്ന് പ്രവർത്തിച്ചപ്പോൾ പകർത്തെഴുത്തിന് ഗതിവേഗം കൂടി. വെഞ്ചരിച്ച പേപ്പറും പേനകളും ഉപയോഗിച്ചായിരുന്നു എഴുത്ത്. ഇതിൽ എഴുതാൻ സാധിച്ചവർ ഒരു ദൈവ നിയോഗം പോലെയാണ് ഇതിനെ കണ്ടത്.
അബ്ബാസിയയിലെ 35 കുടുംബയൂണിറ്റുകൾക്കും തുല്യമായി ബൈബിൾ ഭാഗങ്ങൾ വീതിച്ചു കൊടുത്തു. ഒരു പേജിൽ രണ്ടു കോളങ്ങളിലായാണ് എഴുതിയത്. ഡിസംബർ ഒന്നാം തീയതി മുതൽ എഴുത്തു തുടങ്ങി.
ഡേവിഡ് ആന്റണി ചിറയത്തിന്റെ നേതൃത്വത്തിൽ ആറു പേർ അടങ്ങുന്ന കോർ കമ്മറ്റി എല്ലാ രണ്ടു ആഴ്ചകളിലും ബൈബിൾ എഴുത്തിന്റെ പുരോഗതി വിലയിരുത്തുകയും അംഗങ്ങളുടെ സംശയ നിവാരണം നടത്തുകയും ചെയ്തു. പൂർണ്ണമായും കൈകൊണ്ടു തന്നെ എഴുതിയ ഈ ബൈബിളിൽ എസ്എംസിഎയുടെ ലോഗോ വരച്ചു ചേർത്തു. അക്ഷരത്തെറ്റോ മറ്റു കൈപ്പിഴകളോ ഉണ്ടാകുന്ന പേപ്പറുകൾ പാടെ ഒഴിവാക്കി അവ വീണ്ടും എഴുതിച്ചു. A3 വലുപ്പമുള്ള 1800 പേപ്പറുകൾ രചനക്കായി ഉപയോഗിച്ചു.


ഏപ്രിൽ 14 നു ബൈബിൾ പകർത്തിയെഴുത്ത് പൂർത്തീകരിച്ചു. ബൈൻഡ് ചെയ്ത ബൈബിൾ കയ്യെഴുത്തുപ്രതി ഏപ്രിൽ 24 പുതുഞായറാഴ്ച്ച വൈകുന്നേരം നടന്ന കുർബ്ബാന മദ്ധ്യേ അബ്ബാസിയ ഇടവക അസിസ്റ്റന്റ് വികാരിയും സീറോ മലബാർ വിശ്വാസപരിശീലന ഡയറക്റ്ററുമായ ഫാ. പ്രകാശ് കാഞ്ഞിരത്തിങ്കൽ ഇടവകയ്ക്ക് സമർപ്പിച്ചു.
എസ്എംസിഎ ഏരിയ കൺവീനർ ജോസ് മത്തായി, സെക്രട്ടറി ബോബിൻ ജോർജ്, ട്രഷറർ ഫ്രാൻസിസ്, എസ്എംസിഎ പ്രസിഡന്റ് ബിജോയ് പാലക്കുന്നേൽ, അബ്ബാസിയ ഏരിയ കൾച്ചറൽ കൺവീനർ ഡേവിഡ് ആന്റണി ചിറയത്ത്, സൈജു മാത്യു മുളകുപ്പാടം എന്നിവർ ഈ അഭിമാന മുഹൂർത്തതിന് അനേകം വിശ്വാസികളോടൊപ്പം സാക്ഷ്യം വഹിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.