മുഖ്യമന്ത്രിക്ക് പോലും രക്ഷയില്ല കേരളത്തില്‍!; പിണറായി വിജയന്റെ പേരില്‍ വാട്‌സാപ് അക്കൗണ്ട് ഉണ്ടാക്കി തട്ടിപ്പ്

മുഖ്യമന്ത്രിക്ക് പോലും രക്ഷയില്ല കേരളത്തില്‍!; പിണറായി വിജയന്റെ പേരില്‍ വാട്‌സാപ് അക്കൗണ്ട് ഉണ്ടാക്കി തട്ടിപ്പ്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ പേരില്‍ വാട്സാപ് അക്കൗണ്ട് ഉണ്ടാക്കി സന്ദേശം അയച്ച് പണം തട്ടാന്‍ ശ്രമം. കോയമ്പത്തൂര്‍ സ്വദേശിയുടെ ഫോണ്‍ നമ്പരില്‍ നിന്നാണ് പണം ആവശ്യപ്പെട്ട് സന്ദേശം എത്തിയത്. തട്ടിപ്പ് ശ്രദ്ധയില്‍പ്പെട്ട മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സൈബര്‍ പൊലീസില്‍ പരാതി നല്‍കി.

'ശ്രീ. പിണറായി വിജയന്‍' എന്ന പേരിലാണ് വാട്‌സാപ് അക്കൗണ്ട് ഉണ്ടാക്കിയത്. മുഖ്യമന്ത്രിയുടെ ചിത്രവും ഉപയോഗിച്ചു. ഈ നമ്പറില്‍ നിന്ന് നിരവധി പേര്‍ക്ക് പണം ആവശ്യപ്പെട്ട് സന്ദേശമയച്ചു. സംശയം തോന്നിയ ചിലര്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ വിവരമറിയിക്കുകയായിരുന്നു.

കോയമ്പത്തൂര്‍ സ്വദേശിയായ 60 കാരന്റെ നമ്പറാണ് തട്ടിപ്പിന് ഉപയോഗിച്ചതെന്ന് പരിശോധനയില്‍ കണ്ടെത്തി. കസ്റ്റഡിയിലെടുത്ത് തിരുവനന്തപുരത്തെത്തിച്ച് നടത്തിയ ചോദ്യം ചെയ്യലില്‍ ഇയാളല്ല പ്രതിയെന്ന് വ്യക്തമായി.

തുടര്‍ന്നുള്ള അന്വേഷണത്തിലാണ് നമ്പര്‍ ഹാക്ക് ചെയ്താണ് തട്ടിപ്പ് നടത്തുന്നതെന്ന് തെളിഞ്ഞത്. ഉത്തരേന്ത്യ കേന്ദ്രീകരിച്ചുള്ള സംഘമാണ് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. വാട്‌സാപ് ഉപയോഗിച്ച ഫോണിന്റെ ഐപി വിലാസം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

നേരത്തെ സ്പീക്കര്‍ എം.ബി രാജേഷിന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടന്നിരുന്നു. തുടര്‍ന്ന് തട്ടിപ്പ് നടത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഉഴവൂര്‍ സ്വദേശിനിയുടെ പരാതിയില്‍ പ്രതി പ്രവീണ്‍ ബാലചന്ദ്രനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.