വരന്‍ ന്യൂസിലന്‍ഡില്‍, വധു കേരളത്തില്‍; ഗൂഗിള്‍ മീറ്റില്‍ മനസമ്മതം, ഓണ്‍ലൈനായി കല്യാണം

വരന്‍ ന്യൂസിലന്‍ഡില്‍, വധു കേരളത്തില്‍; ഗൂഗിള്‍ മീറ്റില്‍ മനസമ്മതം, ഓണ്‍ലൈനായി കല്യാണം

കോഴിക്കോട്: ലോകം ഹൈടെക് ആയതോടെ പല പരിമിതികളും മനുഷ്യനു മുന്നില്‍ പഴങ്കഥയായി. വിവാഹം വരെ അങ്ങനെയായി. അത്തരം ഒരു വിവാഹമാണ് കഴിഞ്ഞ ദിവസം കേരളത്തിലും ന്യൂസിലന്‍ഡിലുമായി നടന്നത്.


ന്യൂസിലന്‍ഡിലുള്ള വരന് നേരിട്ടെത്താന്‍ സാധിക്കാതെ വന്നതോടെ വിവാഹം നടന്നത് ഓണ്‍ലൈനില്‍. കോട്ടയം രാമപുരത്തെ സന്തോഷിന്റെ മകന്‍ സന്‍ജിത്തും കോഴിക്കോട് കീഴരിയൂരിലെ പുതിയോട്ടില്‍ പരേതനായ പത്മനാഭന്‍ നമ്പ്യാരുടെ മകള്‍ മഞ്ജുവുമാണ് ഓണ്‍ലൈനിലൂടെ ഒന്നായത്.

കമ്പ്യൂട്ടര്‍ സ്‌ക്രീനിലെ ഗൂഗിള്‍ മീറ്റിലൂടെ സബ് രജിസ്ട്രാര്‍ വധൂവരന്മാരോട് സമ്മതം ചോദിച്ചു. രണ്ട് വന്‍കരകളിലിരുന്ന് രണ്ടു പേരും തലകുലുക്കിയതോടെ വിവാഹം നടന്നു.

ഐടി രംഗത്തു ജോലി ചെയ്യുന്ന സന്‍ജിത്തിനു ന്യൂസിലന്‍ഡിലെ കോവിഡ് യാത്രാ വിലക്ക് കാരണം വിവാഹത്തിനു നാട്ടിലെത്താന്‍ കഴിയാതിരുന്നതിനെ തുടര്‍ന്നാണ് ഹൈക്കോടതിയുടെ അനുമതിയോടെ ഓണ്‍ലൈനില്‍ വിവാഹ രജിസ്‌ട്രേഷന്‍ നടത്തിയത്.

കഴിഞ്ഞ ഡിസംബറില്‍ വീട്ടുകാര്‍ നിശ്ചയിച്ചുറപ്പിച്ചതാണ് വിവാഹം. കോവിഡ് മൂലം നീട്ടിവയ്ക്കുകയായിരുന്നു. മറ്റു പല രാജ്യങ്ങളും യാത്രാ വിലക്ക് നീക്കിയിട്ടും ന്യൂസിലന്‍ഡില്‍ ഇളവു കിട്ടാത്തതിനാല്‍ വരന്റെ വരവു മുടങ്ങി. തുടര്‍ന്ന് വെര്‍ച്വല്‍ പ്ലാറ്റ്‌ഫോം വഴി ഹാജരായി വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു വധു ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

കോടതി അപേക്ഷ അംഗീകരിക്കുകയും ഓണ്‍ലൈന്‍ വഴി വിവാഹം നടത്താന്‍ സബ് രജിസ്ട്രാര്‍ക്കു നിര്‍ദേശം നല്‍കുകയും ചെയ്തു. ഇന്നലെ മേപ്പയൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസില്‍ നടന്ന രജിസ്‌ട്രേഷനില്‍ വരന്റെ പിതാവ് സന്തോഷും വധുവുമാണ് ഒപ്പുവച്ചത്. പക്ഷേ, പരമ്പരാകത രീതിയില്‍ വിവാഹം നടത്താനാകാത്തതില്‍ വരന്റെയും വധുവിന്റെയും വീട്ടുകാര്‍ക്ക് മാത്രമല്ല ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും തെല്ല് സങ്കടമുണ്ട്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.