കോഴിക്കോട്: വിവാഹത്തിനായി കരുതി വച്ചിരുന്ന സ്വര്‍ണം പണയം വച്ച ശേഷം യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം പൂര്‍ത്തിയായി. കൊയിലാണ്ടി ചേലയില്‍ സ്വദേശി ബിജീഷയാണ് ഡിസംബര്‍ 12 ന് ആത്മഹത്യ ചെയ്തത്. ഓണ്‍ലൈന്‍ റമ്മിയില്‍ ലക്ഷങ്ങള്‍ നഷ്ടപ്പെട്ടതിന്റെ നിരാശയിലാണ് യുവതിയുടെ ആത്മഹത്യയെന്ന് അന്വേഷണത്തില്‍ വ്യക്തമായി. 90 ലക്ഷം രൂപയിലധികം രൂപയാണ് യുവതി കളിച്ചു കളഞ്ഞത്.
സ്വകാര്യ ടെലികോം കമ്പനിയുടെ സ്റ്റോറിലെ ജീവനക്കാരിയാണ് ബിജീഷ. കോവിഡ് കാലത്ത് ബിജീഷ ഓണ്‍ലൈന്‍ ഗെയിമുകളില്‍ സജീവമായിരുന്നു. ആദ്യം ചെറിയ രീതിയിലുള്ള ഓണ്‍ലൈന്‍ ഗെയിമുകളിലാണ് പണം മുടക്കി കളിച്ചത്. പിന്നീട് ഓണ്‍ലൈന്‍ റമ്മി പോലുള്ള ഗെയിമുകളിലേക്ക് കടന്നു. ആദ്യഘട്ടത്തില്‍ കളികള്‍ ജയിച്ച് പണം ലഭിച്ചതോടെ വീണ്ടും ഗെയിമുകള്‍ക്ക് വേണ്ടി പണം നിക്ഷേപിച്ചു.
കൈയിലെ പണം തീര്‍ന്നതോടെ വിവിധ ഓണ്‍ലൈന്‍ വായ്പ കമ്പനികളില്‍ നിന്ന് പണം കടമെടുത്തു. ഇതും തീര്‍ന്നതോടെ വിവാഹത്തിനായി വീട്ടുകാര്‍ കരുതിയിരുന്ന സ്വര്‍ണമെടുത്ത് പണയം വച്ചു. ലോണിന്റെയും സ്വര്‍ണ പണയത്തിന്റെയും തിരിച്ചടവ് മുടങ്ങിയതോടെ വായ്പ നല്‍കിയവര്‍ ബിജീഷയുടെ സുഹൃത്തുക്കള്‍ക്കടക്കം സന്ദേശങ്ങള്‍ അയച്ചിരുന്നു.
ബിജീഷയെ മോശമായി ചിത്രീകരിച്ചാണ് സന്ദേശങ്ങള്‍ അയച്ചിരുന്നത്. ഇതെല്ലാമാണ് യുവതിയുടെ ആത്മഹത്യയ്ക്ക് കാരണമായതെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. ഓണ്‍ലൈന്‍ ഗെയിമുകള്‍ക്കായി ഒന്നേമുക്കാല്‍ കോടി രൂപയുടെ ഇടപാടുകളാണ് ബിജിഷ നടത്തിയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.