കോഴിക്കോട്: തീര്‍ത്തും അശാസ്ത്രീയ പദ്ധതിയാണ് കെ റെയിലെന്ന് സാമൂഹിക, രാഷ്ട്രീയ നിരീക്ഷകനും ഐ.ടി വിദഗ്ധനുമായ ജോസഫ് സി മാത്യു. പല കാര്യങ്ങളിലും വ്യക്തമായ പഠനങ്ങളില്ലാതെയാണ് കെ റെയിലുമായി സര്‍ക്കാര്‍ മുന്നോട്ടു പോയത്. കേരളത്തിന് താങ്ങാനാവുന്ന പദ്ധതിയല്ല ഇതെന്ന് പദ്ധതിയെ അനുകൂലിക്കുന്നവര്‍ പോലും തിരിച്ചറിയുമെന്നും അദ്ദേഹം പറഞ്ഞു.
സ്വകാര്യ പങ്കാളിത്തത്തോടെയുള്ള പി.പി.പി (പബ്ലിക് പ്രൈവറ്റ് പാര്‍ട്ട്ണര്‍ഷിപ്പ്) മോഡല്‍ പദ്ധതിയാണോ ഇതെന്ന് സര്‍ക്കാരും സിപിഎമ്മും ജനങ്ങളോട് വിശദീകരിക്കണം. കേരളത്തെ സംബന്ധിച്ചിടത്തോളം അനാവശ്യ പദ്ധതിയാണിത്. ജനങ്ങളുടെ എതിര്‍പ്പുകള്‍ മറികടന്ന് ഇത് യാഥാര്‍ഥ്യമാകില്ലെന്നാണ് കരുതുന്നതെന്നും ജോസഫ് സി മാത്യൂ പ്രതീക്ഷ പ്രകടിപ്പിച്ചു.
മണ്ണിന്റെ സ്വഭാവം ഉള്‍പ്പെടെ പരിഗണിച്ചാണ് ബ്രിട്ടീഷുകാരുടെ കാലത്തുതന്നെ രാജ്യത്തെ റെയില്‍വേ ട്രാക്കുകളുടെ വീതി നിശ്ചയിച്ചത്. മണ്ണിന്റെ സ്വഭാവം വളരെ ലൂസായതിനാല്‍ കേരളത്തില്‍ ഇത് കൂടുതല്‍ പ്രസക്തമാണ്. നിലവിലെ ഗേജില്‍ നിന്നുമാറി മറ്റൊരു ഗേജിലേക്ക് പോകുമ്പോള്‍ കൂടുതല്‍ പഠനം ആവശ്യമായിരുന്നു.
വേഗം വര്‍ധിക്കുന്നത് അനുസരിച്ച് ഗേജ് വര്‍ധിപ്പിക്കുകയാണ് വേണ്ടത്. എന്നാല്‍ കെ റെയിലില്‍ ഇതുനേരെ തിരിച്ചാണ്. വേഗം വര്‍ധിപ്പിക്കാനായി ഗേജ് കുറയ്ക്കുന്നത് അശാസ്ത്രീയമാണ്. ഇങ്ങനെ ചെയ്ത മറ്റൊരു രാജ്യവും ലോകത്തില്ല. സില്‍വര്‍ ലൈനില്‍ ഇത്തരമൊരു തീരുമാനത്തിന്റെ ശാസ്ത്രീയത എന്താണ്?
പദ്ധതിയുടെ 74 ശതമാനം ഓഹരി സ്വകാര്യവത്കരിക്കുമെന്ന കാര്യം സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ രേഖാമൂലം അറിയിച്ചിട്ടുണ്ട്. അത് നയപരമായി പാര്‍ട്ടിയും സര്‍ക്കാരും എടുത്ത തീരുമാനമാണോ? അങ്ങനെയാണെങ്കില്‍ 2013 ലെ കേന്ദ്ര സര്‍ക്കാരിന്റെ ഭൂമി ഏറ്റെടുക്കല്‍ നിയമം അനുസരിച്ച് നിര്‍ദ്ദിഷ്ട പദ്ധതി പ്രദേശത്ത് 70 ശതമാനത്തിലധികം ജനങ്ങളുടെ സമ്മതത്തോടെ മാത്രമേ സ്ഥലം ഏറ്റെടുപ്പിനുള്ള നടപടികള്‍ ആരംഭിക്കാന്‍ പാടുള്ളു.
നിലവില്‍ ബസുകളിലും ട്രെയ്നുകളിലും പോകുന്ന യാത്രക്കാര്‍ കെ റെയിലിലേക്ക് മാറുന്നമെന്ന കണക്കുകള്‍ വച്ചാണ് പ്രതിദിനം 80,000 യാത്രക്കാര്‍ എന്ന് പറയപ്പെടുന്നത്. ഇതോടെ കെഎസ്ആര്‍ടിസി ഉള്‍പ്പെടെയുള്ള മറ്റു ഗതാഗത മേഖലകളെ ഇത് എങ്ങനെ ബാധിക്കുമെന്ന് യാതൊരു പഠനവും നടത്തിയിട്ടില്ല. ഇക്കാര്യങ്ങളിലും കൃത്യമായ പഠനം ആവശ്യമാണ്.
പത്തനംതിട്ട ജില്ലയില്‍ കഴിഞ്ഞ രണ്ട് പ്രളയങ്ങളിലും നദിയിലൂടെയല്ല വെള്ളം ഒഴുകിയത്. റാന്നി, കോഴഞ്ചേരി, ആറന്‍മുള തുടങ്ങിയ ഇടങ്ങളിലൂടെയാണ് വലിയതോതില്‍ വെള്ളം ഒഴുകി പോയത്. ഇതിന്റെ നടുവിലൂടെ 17 മീറ്റര്‍ വരെ ഉയരമുള്ള എംബാഗ്മെന്റ് പണിതാല്‍ ഇനിയുമൊരു പ്രളയം ആവര്‍ത്തിക്കപ്പെട്ടാല്‍ ജലമെല്ലാം എങ്ങനെ ഒഴുകി പോകും?
ഈ പ്രദേശങ്ങളിലെ ജലം എങ്ങനെ ഒഴുകിപ്പോകുമെന്ന് ഒരു സ്റ്റിമുലേഷന്‍ സോഫ്റ്റ്വെയര്‍ വഴി സര്‍ക്കാര്‍ നാട്ടുകാരെ ബോധ്യപ്പെടുത്തണം. പ്രളയജലം എത്തുന്ന പ്രദേശമേതോ അതിന്റെ അതിര്‍ത്തിയില്‍ കല്ലിട്ടുകൊണ്ടാണ് സാമൂഹ്യാഘാത പഠനം നടത്തേണ്ടത്.
കേരളത്തിലെ പാതയില്‍ വേഗത കുറഞ്ഞതിന്റെ പ്രധാന കാരണം ഇവിടെ മണ്ണ് ഇരുത്തുന്നതാണ്. 2016 ല്‍ റെയില്‍വേ നടത്തിയ പഠനത്തില്‍ 200 ലധികം സ്ഥലങ്ങളില്‍ 30 കിലോമീറ്ററില്‍ കൂടുതല്‍ വേഗതയില്‍ സഞ്ചരിക്കരുതെന്ന് പറഞ്ഞിട്ടുണ്ട്. ഇത്തരം പ്രശ്നങ്ങളെല്ലാം നിലനില്‍ക്കെ തന്നെ ജനശതാബ്ദി പോലുള്ള ട്രെയ്നുകള്‍ 200 കിലോമീറ്റര്‍ മൂന്ന് മണിക്കൂര്‍ കൊണ്ട് ഓടിയെത്തുന്നുണ്ട്.
ഒരുസ്റ്റോപ്പിന് എട്ട് മിനിറ്റ് വേണമെന്നാണ് കണക്കാക്കപ്പെടുന്നത്. ഇത് മൂന്ന് സ്റ്റോപ്പുകളായി കുറച്ചാല്‍ തന്നെ രണ്ടേകാല്‍ മണിക്കൂര്‍കൊണ്ട് ഓടിയെത്താന്‍ കഴിയും. അതായത് സില്‍വര്‍ ലൈനുമായുള്ള വ്യത്യാസം 20 മിനിറ്റില്‍ താഴെയാണെന്ന് ചുരുക്കം. ഇത്ര കുറഞ്ഞ സമയം ലാഭിക്കാനായി കോടികള്‍ ചെലവഴിച്ച് പദ്ധതി നടപ്പാക്കുന്നതില്‍ യാതൊരു യുക്തിയുമില്ലെന്നും ജോസഫ് സി മാത്യൂ വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.