ഹൈക്കോടതിയുടെ 'കെസ്മ' ഷോക്ക്; കെ.എസ്.ഇ.ബി സമരക്കാര്‍ വെട്ടിലായി

ഹൈക്കോടതിയുടെ 'കെസ്മ' ഷോക്ക്; കെ.എസ്.ഇ.ബി സമരക്കാര്‍ വെട്ടിലായി

കൊച്ചി: കെ.എസ്.ഇ.ബിയിലെ സമരം വൈദ്യുതി വിതരണത്തെ ബാധിച്ചാല്‍ അവശ്യസേവന പരിപാലന നിയമമായ കെസ്മ പ്രയോഗിക്കാമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി. കോടതി നിര്‍ദ്ദേശിച്ചതോടെ ഓഫീസേഴ്‌സ് അസോസിയേഷന്റെ രണ്ടാംഘട്ട സമരം വെട്ടിലായിരിക്കുകയാണ്. ആവശ്യങ്ങള്‍ ഒരാഴ്ചയ്ക്കുള്ളില്‍ മാനേജ്‌മെന്റ് അംഗീകരിച്ചില്ലെങ്കില്‍ ചട്ടപ്പടി സമരവും വൈദ്യുതിഭവന് മുന്നില്‍ അനിശ്ചിതകാല നിരാഹാരസമരവും നടത്താനിരിക്കെയാണ് ഇന്നലെ ഇടക്കാല വിധിയുണ്ടായത്.

കോടതിവിധി കൃത്യമായി അനുസരിക്കുമെന്ന് കെ.എസ്.ഇ.ബി ചെയര്‍മാന്‍ ബി. അശോക് വ്യക്തമാക്കി. എന്നാല്‍ കെസ്മ പോലുള്ള നിയമങ്ങളോട് ഇടതുസര്‍ക്കാരിന് വ്യക്തമായ നിലപാടുണ്ടെന്നും അതൊരിക്കലും ജീവനക്കാരുടെ അവകാശ പോരാട്ടങ്ങള്‍ക്ക് എതിരല്ലെന്നുമാണ് ഓഫീസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ഡോ. എം.ജി സുരേഷ് കുമാര്‍ പറയുന്നത്.

കെ.എസ്.ഇ.ബി യിലെ സമരം നിയമ വിരുദ്ധമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് വയനാട് വൈത്തിരി സ്വദേശി അരുണ്‍ ജോസും തിരുവനന്തപുരം സ്വദേശി കെ.വി ജയചന്ദ്രന്‍നായരും നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി പരിഗണിച്ചാണ് ജസ്റ്റിസ് സി.എസ്.ഡയസ്, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ബെഞ്ച് ഉത്തരവിട്ടത്.

ജീവനക്കാര്‍ ജോലി ചെയ്യാന്‍ വിസമ്മതിക്കുകയോ അവരുടെ പ്രവൃത്തി വൈദ്യുതി വിതരണത്തെ ബാധിക്കുകയോ ചെയ്താല്‍ സര്‍ക്കാര്‍ കെസ്മ (കേരള അവശ്യ സര്‍വീസ് പരിപാലന നിയമം) പ്രകാരം സമരം നിരോധിക്കണമെന്നും കോടതി വ്യക്തമാക്കി.

1960ലെ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റച്ചട്ടം കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ക്കും ബാധകമാണ്. സര്‍ക്കാര്‍ ജീവനക്കാരുടെ ഏതു സമരവും നിയമവിരുദ്ധമാണെന്ന് ബാലഗോപാല്‍ കേസില്‍ ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. ജീവനക്കാരുടെ വാദം കൂടി കേട്ട് ഇക്കാര്യത്തില്‍ തീരുമാനമെടുക്കണമെന്നും ഡിവിഷന്‍ ബെഞ്ച് നിര്‍ദ്ദേശിച്ചു. ഹര്‍ജി മേയ് 21നു വീണ്ടും പരിഗണിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.