ലൗജിഹാദുമായി ബന്ധപ്പെട്ട് ക്രൈസ്തവ സമൂഹത്തിന്റെ ആശങ്ക പരിഹരിക്കാൻ സർക്കാർ തയ്യാറാവണം : കെ സി വൈ എം സംസ്ഥാന സമിതി

ലൗജിഹാദുമായി ബന്ധപ്പെട്ട് ക്രൈസ്തവ സമൂഹത്തിന്റെ ആശങ്ക പരിഹരിക്കാൻ സർക്കാർ തയ്യാറാവണം : കെ സി വൈ എം സംസ്ഥാന സമിതി

കൊച്ചി : ലൗജിഹാദുമായി ബന്ധപ്പെട്ട് ക്രൈസ്തവ സമൂഹത്തിന്റെ ആശങ്ക പരിഹരിക്കാൻ സർക്കാർ തയ്യാറാവണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കെ സി വൈ എം സംസ്ഥാനസമിതി മുഖ്യമന്ത്രിക്ക് കത്തയച്ചു. മതനിരപേക്ഷ നിലപാടുകൾ ഉയർത്തിപ്പിടിക്കുന്നതിൽ കേരള സമൂഹം എക്കാലവും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഒരു മികച്ച മാതൃക തന്നെയാണ്. അതുമായി ബന്ധപ്പെട്ടു വിവിധ കാലയളവുകളിൽ വിവിധ പ്രശ്നങ്ങളിൽ അതാതു സർക്കാരുകളുടെ നിലപാടുകൾ തികച്ചും പ്രശംസനീയം ആയിരുന്നു. എന്നാൽ അടുത്ത കാലയളവുകളിൽ കേരള സമൂഹത്തിൽ ഉണ്ടാകുന്ന മതത്തിന്റെ പേരിൽ ഉള്ള അസ്വാരസ്യങ്ങൾ തികച്ചും ആശങ്കാജനകമാണ്.

കഴിഞ്ഞ ഏതാനും വർഷങ്ങളിലെ കണക്കുകൾ പരിശോധിക്കുമ്പോൾ കേരളത്തിൽ നിന്നും തീവ്രവാദ സംഘടനകളുടെ വലയിൽ കുരുങ്ങി അഫ്ഗാനിസ്ഥാൻ പോലെയുള്ള രാജ്യങ്ങളിൽ ചെല്ലുന്ന മലയാളികൾ ഭീകരവാദ ബന്ധത്തിന്റെ പേരിൽ തടവറയിൽ കഴിയുന്നത് ഭയാനകമാണ്. മതനിരപേക്ഷ നിലപാടുകൾ നിലകൊള്ളുന്ന കേരളത്തിൽ നിന്നും തീവ്രവാദ സംഘടനകളിലേക്ക് യുവതലമുറയെ റിക്രൂട്ട് ചെയ്യുന്നു എന്നത് കേരള കത്തോലിക്കാ യുവജന പ്രസ്ഥാനം ആശങ്കയോടെ തന്നെയാണ് കാണുന്നതെന്നും ഇതിൽ കേരളത്തിലെ പെൺകുട്ടികൾ ഇരയാവുന്നു എന്നുള്ളത് ഗൗരവത്തോടെ നോക്കി കാണേണ്ടതാണെന്നും കെ സി വൈ എം അയച്ച കത്തിൽ പറയുന്നു.

ക്രൈസ്തവ പെൺകുട്ടികളും ഇതിൽ ഇരയാവുന്നു എന്നുള്ളതിനാൽ സഭയും ഈ വിഷയത്തെ ആശങ്കയോടെ തന്നെയാണ് കാണുന്നത്. ജസ്നയുടെ തിരോധാനത്തിന് തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന സിബിഐ റിപ്പോർട്ടുകൾ പുറത്തു വന്നിട്ടും സമകാലിക കേരളത്തിലെ ഇത്തരം തീവ്രവാദ ശ്രമങ്ങളെ കണ്ടില്ല എന്ന് നടിക്കാൻ പാടില്ലെന്നും തീവ്രവാദത്തിന് സ്ലീപ്പർ സെൽ ആയി കേരളം മാറുകയാണ് എന്ന മുൻ ഡി ജി പി ലോകനാഥ് ബഹ്റ ഉൾപ്പെടെയുള്ളവർ അഭിപ്രായപ്പെടുമ്പോൾ നമ്മുടെ നാട്ടിലെ പ്രത്യക്ഷവും പരോക്ഷവുമായ ഇത്തരം ഇടപെടലുകളെ ഉന്മൂലനം ചെയ്യുവാൻ സർക്കാർ തയ്യാറാവണമെന്നും കെ സി വൈ എം അഭിപ്രായപ്പെട്ടു.

പ്രണയത്തിന്റെ മറവിൽ മതപരിവർത്തനം നടത്തുന്നു എന്നതിലുപരി തീവ്രവാദ സംഘടനകളിലേക്ക് അവരെ നയിച്ചു ചതിക്കുഴികളിൽ ആക്കുന്ന ശ്രമങ്ങളെ കേവലമൊരു മതപരിവർത്തന ശ്രമം ആണെന്ന് എഴുതിത്തള്ളാൻ കഴിയുകയില്ല. മതപരിവർത്തനത്തിന് അപ്പുറത്ത് ഭരണാധികാരികളെയും നിയമപാലകരെയും നോക്കുകുത്തികളാക്കി നിർത്തിക്കൊണ്ട് തീവ്രവാദ സംഘടനകൾ തീവ്രവാദ ആശയങ്ങളും പ്രവർത്തനങ്ങളും ഒക്കെ നമ്മുടെ നാട്ടിൽ സജീവമാക്കുമ്പോൾ യുവജന പ്രസ്ഥാനം എന്ന നിലയിൽ കെ സി വൈ എം ഭാവി കേരളത്തെ ഓർത്ത് ആശങ്കപ്പെടുന്നുവെന്നും ഇത്തരം കേസുകൾ തുടർകഥകൾ ആയി മാറിക്കൊണ്ടിരിക്കുമ്പോൾ ഈ വിഷയത്തെ അടിയന്തര പ്രാധാന്യമുള്ളതായി കണക്കാക്കി ഉചിതമായ നടപടികൾ സ്വീകരിക്കണമെന്നും കെ സി വൈ എം കത്തിൽ സൂചിപ്പിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.