കോഴിക്കോട്: ജില്ലയില്‍ വീണ്ടും ഷിഗെല്ല ബാധ സ്ഥിരീകരിച്ചു. എരഞ്ഞിക്കല്‍ സ്വദേശിയായ ഏഴു വയസുകാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഈ മാസം 20, 21 തീയതികളിലാണ് കുട്ടിയില്‍ രോഗ ലക്ഷണം കണ്ടത്. മലത്തില്‍ രക്തം കണ്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഷിഗെല്ല സ്ഥിരീകരിച്ചത്.
കൂടാതെ ഇവരുടെ അയല്‍വാസിയായ മറ്റൊരു കുട്ടിക്കും രോഗ ലക്ഷണം ഉണ്ടെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ വ്യക്തമാക്കി. കുട്ടി തലക്കുളത്തൂര്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടിയിരുന്നു. രണ്ടു കുട്ടികള്‍ക്കും നിലവില്‍ ആരോഗ്യ പ്രശ്‌നങ്ങളില്ലെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു. അതേസമയം രോഗത്തിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല.
ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തതിനാല്‍ മുന്‍കരുതലെന്ന നിലയില്‍ പ്രദേശത്തെ 100 വീടുകളിലെ കിണറുകള്‍ ആരോഗ്യ വകുപ്പ് ക്ലോറിനേറ്റ് ചെയ്തു. പനി, വയറിളക്ക ലക്ഷണങ്ങള്‍ ഉള്ളവരെ കണ്ടെത്താനായി സര്‍വേയും നടത്തി. പുതിയാപ്പ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ.വി മിഥുന്‍ ശശിയുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്.
ഷിഗല്ല വിഭാഗത്തില്‍ പെടുന്ന ബാക്ടീരിയകളാണ് ഷിഗല്ല രോഗത്തിന് കാരണമാകുന്നത്. മലിന ജലത്തിലൂടെയും വൃത്തി ഹീനമായ ഭക്ഷണത്തിലൂടെയും പകരുന്ന ഈ രോഗത്തിന്റെ പ്രധാന ലക്ഷണം വയറിളക്കമാണ്. ഇത് കൂടാതെ പനി, വയറുവേദന, ഛര്‍ദ്ദി, ക്ഷീണം, രക്തം കലര്‍ന്ന മലം എന്നിവയാണ് മറ്റ് രോഗ ലക്ഷണങ്ങള്‍.
ഷിഗല്ല ബാക്ടീരിയ പ്രധാനമായും കുടലിനെ ബാധിക്കുന്നതിനാലാണ് വയറിളക്കം ഉണ്ടാകുമ്പോള്‍ രക്തം പോകുന്നത്. പനി, രക്തം കലര്‍ന്ന മല വിസര്‍ജ്ജനം, നിര്‍ജ്ജലീകരണം, ക്ഷീണം എന്നിവ ഉണ്ടായാല്‍ ഉടന്‍ വൈദ്യ സഹായം തേടണം. രോഗ ലക്ഷണങ്ങള്‍ ഗുരുതരാവസ്ഥയില്‍ എത്തിയാല്‍ അഞ്ച് വയസിനു താഴെയുള്ള കുട്ടികളില്‍ മരണ സാധ്യത കൂടുതലാണ്. മാത്രമല്ല ശ്രദ്ധിച്ചില്ലെങ്കില്‍ രോഗവ്യാപനം വളരെ പെട്ടെന്ന് നടക്കും.
തുടര്‍ച്ചയായ വയറിളക്കം മൂലമുണ്ടാകുന്ന നിര്‍ജ്ജലീകരണം 'ഷോക്ക്' എന്ന അവസ്ഥയിലേക്കും, മരണത്തിലേക്കും വരെ നയിച്ചേക്കും. ഇതോടൊപ്പം ചെറിയ കുട്ടികളില്‍ ജന്നി വരാനുള്ള സാധ്യതയും കൂടുതലാണെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ പറയുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.