ഫുട്ടുണാ ദ്വീപിനെ മാനസാന്തരപ്പെടുത്തിയ വിശുദ്ധ പീറ്റര്‍ ചാനെല്‍

ഫുട്ടുണാ ദ്വീപിനെ മാനസാന്തരപ്പെടുത്തിയ വിശുദ്ധ പീറ്റര്‍ ചാനെല്‍

അനുദിന വിശുദ്ധര്‍ - ഏപ്രില്‍ 28

ഷയാനിയായിലെ പ്രഥമ രക്തസാക്ഷിയായ വിശുദ്ധ പീറ്റര്‍ ചാനെല്‍ 1803 ല്‍ ഫ്രാന്‍സിലെ ബെല്ലി രൂപതയിലായിരുന്നു ജനിച്ചത്. ട്രോമ്പിയേ എന്ന തീഷ്ണമതിയായ വൈദികനാണ് പീറ്ററിനെ വൈദിക ജീവിതത്തിലേക്ക് വഴി തിരിച്ചു വിട്ടത്. നാട്ടിലെ സ്‌കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ പീറ്റര്‍ ചാനെല്‍ നേരെ സെമിനാരിയിലേക്കാണ് പോയത്. 1827 ല്‍ പൗരോഹിത്യപട്ടം സ്വീകരിച്ചു.

പിന്നീട് അദ്ദേഹം ക്രോസെറ്റ് ഇടവകയില്‍ നിയമിതനായി. മൂന്ന് വര്‍ഷം കൊണ്ട് വിശുദ്ധന്‍ ആ ഇടവകയെ അപ്പാടെ മാറ്റി. 1831 ല്‍ അദ്ദേഹം വിശുദ്ധ ജോണ്‍ മരിയ വിയാനിയുടെ സഹപാഠിയായിരുന്ന ഫാ.ജീന്‍ക്ലോഡ് കോളിന്‍ ആരംഭിച്ച 'സൊസൈറ്റി ഓഫ് മേരി' എന്ന സഭയില്‍ ചേര്‍ന്നു.

ഒരു സുവിശേഷകനാവുക എന്നത് അദ്ദേഹത്തിന്റെ വളരെ കാലമായിട്ടുള്ള ആഗ്രഹമായിരുന്നു. അതേ തുടര്‍ന്നായിരുന്നു പീറ്റര്‍ ചാനെല്‍ സൊസൈറ്റി ഓഫ് മേരിയില്‍ ചേര്‍ന്നത്. പക്ഷേ അഞ്ച് വര്‍ഷത്തോളം അദ്ദേഹത്തിന് ബെല്ലിയിലെ സെമിനാരിയില്‍ പഠിപ്പിക്കേണ്ടതായി വന്നു.

അവസാനം 1836 ല്‍ ഫാ.പീറ്ററിന്റെ സ്വപ്നം പൂവണിഞ്ഞു. വചന പ്രഘോഷത്തിനായി സൊസൈറ്റി ഓഫ് മേരി ഡയറക്ടര്‍ അദ്ദേഹത്തെ മറ്റ് സന്യാസികള്‍ക്കൊപ്പം പസഫിക്കിലെ ദ്വീപുകളിലേക്കയച്ചു. അവിടെ വിശുദ്ധന് നിരവധി കഠിന യാതനകളും അസ്വസ്ഥതകളും പരാജയങ്ങളും പ്രാദേശിക മുഖ്യന്റെ എതിര്‍പ്പും നേരിടേണ്ടതായി വന്നു. അവിടത്തെ പ്രവര്‍ത്തനങ്ങളില്‍ സംതൃപ്തി കണ്ടെത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല.

അക്കാലങ്ങളില്‍ വളരെ കുറച്ച് പേര്‍ മാത്രമായിരുന്നു ജ്ഞാനസ്‌നാനം സ്വീകരിച്ചിരുന്നത്. അവിടുത്തെ ഗ്രാമ തലവനാകട്ടെ വിശുദ്ധന്റെ പ്രവര്‍ത്തികളെ സംശയത്തോടു കൂടി വീക്ഷിക്കുകയും തടസപ്പെടുത്തുകയും ചെയ്തു. ഗ്രാമ തലവന്റെ മകന്‍ ജ്ഞാനസ്‌നാനം സ്വീകരിക്കുവാന്‍ തയ്യാറായപ്പോള്‍ കോപാകുലനായ അയാള്‍ വിശുദ്ധനെ കൊല്ലുവാനായി തന്റെ പടയാളികളെ അയച്ചു.

1841 ഏപ്രില്‍ 18ന് തദ്ദേശീയരായ ഒരുകൂട്ടം പോരാളികള്‍ ഫുട്ടുണാ ദ്വീപിലുള്ള ഫാ.പീറ്റര്‍ ചാനെലിന്റെ കുടിലിലേക്ക് അതിക്രമിച്ചു കയറി അദ്ദേഹത്തെ അടിച്ചുകൊന്നതിനു ശേഷം ശരീരം മഴുകൊണ്ട് കൊത്തിനുറുക്കി. ക്രിസ്തുവിലുള്ള വിശ്വാസം ഏറ്റു പറഞ്ഞുകൊണ്ടുള്ള ഫാ.പീറ്റര്‍ ചാനെലിന്റെ രക്തസാക്ഷിത്വം ദ്വീപിനെ മാനസാന്തരപ്പെടുത്തി.

ഇന്ന് ഫുട്ടുണായിലെ ജനങ്ങള്‍ മുഴുവനും കത്തോലിക്കരാണ്. 1889 ല്‍ പീറ്റര്‍ ചാനെലിനെ വാഴ്ത്തപ്പെട്ടവനാക്കുകയും 1954 ല്‍ വിശുദ്ധനായി പ്രഖ്യാപിക്കുകയും ചെയ്തു.

ഇന്നത്തെ ഇതര വിശുദ്ധര്‍

1. അഡള്‍ബറോ

2. സെന്‍സിലെ ബിഷപ്പായ ആര്‍ടെമിയൂസ്

3. അഫ്രോസിഡിയൂസ്, കരാലിപ്പുസ്, അഗാപിയൂസ്, ഏവുസെബിയൂസ്

4. ബിധീനിയായിലെ പാട്രിക്, അക്കേസിയൂസ്, മെനാന്റര്‍, പൊളിയെനൂസ്.

'അനുദിന വിശുദ്ധര്‍' എന്ന ഈ ആത്മീയ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.