'കണ്ടക്ടറില്ലാതെ ഓടാന്‍ പറ്റില്ല'; വൈറല്‍ ബസിന് മോട്ടോര്‍ വാഹന വകുപ്പിന്റെ പൂട്ട്

'കണ്ടക്ടറില്ലാതെ ഓടാന്‍ പറ്റില്ല'; വൈറല്‍ ബസിന് മോട്ടോര്‍ വാഹന വകുപ്പിന്റെ പൂട്ട്

വടക്കഞ്ചേരി: കണ്ടക്ടറില്ലാതെ യാത്രക്കാരെ വിശ്വസിച്ച് പരീക്ഷണ ഓട്ടം തുടങ്ങിയ സ്വകാര്യ ബസിന് മോട്ടോര്‍ വാഹന വകുപ്പിന്റെ പൂട്ട്. കണ്ടക്ടറില്ലാതെ ഓടാനാവില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ് വിലക്കിയതോടെ സര്‍വീസ് ആരംഭിച്ച് നാലാം നാള്‍ ബസ് ഓട്ടം നിര്‍ത്തി.

സ്വകാര്യ ബസ് മേഖലയുടെ പ്രതിസന്ധി മറികടക്കാന്‍ നടത്തിയ പരീക്ഷണം വൈറലായെങ്കിലും അധികൃതരുടെ നിര്‍ദേശം മാനിച്ച് ബസോട്ടം നിര്‍ത്തേണ്ടി വന്നതോടെ കണ്ടക്ടറെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ബസുടമ വടക്കഞ്ചേരി സ്വദേശി തോമസ് മാത്യു.

ഡീസലിന്റെ തീവില കണക്കിലെടുത്ത് പ്രകൃതിവാതകം ഇന്ധനമാക്കിയ കാടന്‍കാവില്‍ ബസാണ് നിയമക്കുരുക്കില്‍പ്പെട്ട് ഓട്ടം നിര്‍ത്തിയത്. വടക്കഞ്ചേരിയില്‍ നിന്ന് നെല്ലിയാമ്പാടം, പുളിങ്കൂട്ടം, തെന്നിലാപുരം വഴി ആലത്തൂര്‍വരെയും തിരിച്ചുമായിരുന്നു റൂട്ട്. ഞായറാഴ്ച ആരംഭിച്ച ബസ് സര്‍വീസിന് സമൂഹമാധ്യമങ്ങള്‍ വഴി വന്‍ പ്രചാരണം ലഭിച്ചിരുന്നു.

ബസിനുള്ളില്‍ സ്ഥാപിച്ചിട്ടുള്ള പെട്ടിയില്‍ യാത്രക്കൂലി ഇടുന്നതായിരുന്നു രീതി. ഗൂഗിള്‍ പേ സംവിധാനവും ഒരുക്കിയിരുന്നു. പുതിയ പരീക്ഷണത്തിന് യാത്രക്കാരില്‍ നിന്ന് പൂര്‍ണ പിന്തുണ കിട്ടിയതായും തോമസ് മാത്യു പറഞ്ഞു. എന്നാല്‍ കേരള മോട്ടോര്‍ വാഹന നിയമം 219 അനുസരിച്ച് നിര്‍ബന്ധമായും ബസില്‍ കണ്ടക്ടര്‍ വേണമെന്നാണ് വ്യവസ്ഥയെന്നും യാത്രക്കാര്‍ക്ക് ടിക്കറ്റ് നല്‍കണമെന്നും റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ എന്‍. തങ്കരാജ് പറഞ്ഞു.

33 ലക്ഷം രൂപ ചെലവിട്ട് പുറത്തിറക്കിയ ബസ് വെറുതെ നിര്‍ത്താനാകില്ലെന്നും എങ്ങിനെയെങ്കിലും കണ്ടക്ടറെ കണ്ടെത്തി ഓട്ടം പുനരാരംഭിക്കുമെന്നും തോമസ് മാത്യു പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.