വണ്‍ ബില്ല്യണ്‍ മീല്‍സ് ലക്ഷ്യം പൂ‍ർത്തിയായെന്ന് പ്രഖ്യാപിച്ച് ഷെയ്ഖ് മുഹമ്മദ്

വണ്‍ ബില്ല്യണ്‍ മീല്‍സ് ലക്ഷ്യം പൂ‍ർത്തിയായെന്ന് പ്രഖ്യാപിച്ച് ഷെയ്ഖ് മുഹമ്മദ്

ദുബായ്: യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്‍റെ നിർദ്ദേശപ്രകാരം ആരംഭിച്ച വണ്‍ ബില്ല്യണ്‍ മീല്‍സ് ക്യാംപെയിന്‍ ലക്ഷ്യം പൂർത്തിയായി. ദുബായ് ഭരണാധികാരിയാണ് ട്വിറ്ററിലൂടെ ഇക്കാര്യം പ്രഖ്യാപിച്ചത്.

വണ്‍ ബില്ല്യണ്‍ ക്യാംപെയിനിന് വലിയ പിന്തുണയാണ് ലഭിച്ചത്. 600 മില്ല്യണ്‍ മീല്‍സ് സംഭാവനയായി ലഭിച്ചു. വ്യക്തികളും സ്ഥാപനങ്ങളുമടക്കമുളള 320,000 പേർ ഇതില്‍ പങ്കാളികളായി. ബാക്കിയുളള 400 മില്ല്യണ്‍ ഷെയ്ഖ് മുഹമ്മദ് നല്‍കി. 50 രാജ്യങ്ങളില്‍ നിന്നുളള ആവശ്യക്കാരിലേക്കാണ് പദ്ധതിയിലൂടെ ഭക്ഷണമെത്തിച്ചത്. 

 ഇതിനായി സഹകരിച്ച ഓരോരുത്തരോടും ദുബായ് ഭരണാധികാരി നന്ദി രേഖപ്പെടുത്തി.
പ്രതിസന്ധികളിലൂടെ കടന്ന് പോകുന്നവരിലേക്ക്,ഭക്ഷണസുരക്ഷിതത്വമില്ലാതിരിക്കുന്നവരുടെ ഇടയിലേക്കാണ് വണ്‍ ബില്ല്യണ്‍ മീല്‍സുമായി യുഎഇയുടെ സഹായമെത്തിയത്.

കഴിഞ്ഞ റമദാനില്‍ നടപ്പിലാക്കിയ വണ്‍ മില്ല്യണ്‍ മീല്‍സിന്‍റെ തുടർച്ചയായാണ് ഇത്തവണ വണ്‍ ബില്ല്യണ്‍ മീല്‍സ് പദ്ധതി നടപ്പിലാക്കിയത്. ജോർദാൻ, ഇന്ത്യ, പാകിസ്ഥാൻ, ലെബനൻ, കിർഗിസ്ഥാൻ, അംഗോള, ഉഗാണ്ട എന്നിവയുൾപ്പെടെ 13 രാജ്യങ്ങളിലെ അഭയാർഥികൾക്കും കുടിയൊഴിപ്പിക്കപ്പെട്ട വ്യക്തികൾക്കും കുടുംബങ്ങൾക്കും പ്രതിസന്ധിയിലായ സമൂഹങ്ങളിലേക്കും സഹായമെത്തി.

അബുദാബിയില്‍ നടന്ന മോസ്റ്റ് നോബിൾ നമ്പേഴ്സ് ചാരിറ്റി ലേലത്തിൽ നിന്ന് 111 ദശലക്ഷം ദിർഹവും ദുബായില്‍ നടന്ന മോസ്റ്റ് നോബിൾ നമ്പേഴ്സ് ചാരിറ്റി ലേലത്തിൽ നിന്ന് 53 ദശലക്ഷം ദിർഹവും സംഭാവനയായി ലഭിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.