തലയ്ക്ക് വില 10 ലക്ഷം; കുപ്രസിദ്ധ അധോലോക നേതാവ് ഓസ്‌ട്രേലിയയില്‍ വെടിയേറ്റു മരിച്ചു

തലയ്ക്ക് വില 10 ലക്ഷം; കുപ്രസിദ്ധ അധോലോക നേതാവ് ഓസ്‌ട്രേലിയയില്‍ വെടിയേറ്റു മരിച്ചു

സിഡ്‌നി: ഓസ്‌ട്രേലിയയില്‍ ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള പോരില്‍ കുപ്രസിദ്ധ അധോലോക നേതാവ് വെടിയേറ്റു മരിച്ചു. സിഡ്നി കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്ന കൊടും കുറ്റവാളി മഹമൂദ് ബ്രൗണി അഹമ്മദ് (39) ആണ് ബുധനാഴ്ച രാത്രി കൊല്ലപ്പെട്ടത്. മഹമൂദിനെ കൊലപ്പെടുത്തിയ പ്രതികള്‍ ഒളിവിലാണ്. പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.

എതിരാളികള്‍ തലയ്ക്ക് 10 ലക്ഷം ഡോളര്‍ വിലയിട്ടിരുന്ന കൊടും കുറ്റവാളിയായ മഹമൂദിനെ ആസൂത്രിതമായി കൊലപ്പെടുത്തുകയായിരുന്നെന്ന് ഹോമിസൈഡ് സ്‌ക്വാഡ് കമാന്‍ഡര്‍ ഡിറ്റക്ടീവ് സൂപ്രണ്ട് ഡാനി ഡോഹെര്‍ട്ടി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ഗ്രീനേക്കറിലെ നരെല്ലെ ക്രസന്റിലുള്ള ഒരു സുഹൃത്തിന്റെ വീടിന് പുറത്തുവച്ചാണ് മഹമൂദിന് വെടിയേറ്റത്. വീട്ടില്‍ നിന്ന് പുറത്തേക്കു പോകുമ്പോള്‍ കുറച്ച് അകലെ കാറില്‍ പതിയിരുന്ന പ്രതികള്‍ തുരുതുരാ വെടിയുതിര്‍ക്കുകയായിരുന്നു. വെടിയൊച്ച കേട്ടശേഷം അമിത വേഗത്തില്‍ കാറുകള്‍ പാഞ്ഞുപോകുന്നതു കണ്ടതായി അയല്‍വാസി പറഞ്ഞു. പ്രദേശത്തുണ്ടായിരുന്ന പോലീസ് സി.പി.ആര്‍ നല്‍കിയെങ്കിലും മഹമൂദ് സംഭവസ്ഥലത്തു തന്നെ മരിച്ചു. ആക്രമണത്തില്‍ മറ്റ് ആര്‍ക്കും പരുക്കേറ്റിട്ടില്ല.

ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയുടെ ഏറ്റവും പുതിയ അധ്യായമാണോ ഈ കൊലപാതകമെന്നു പോലീസ് പരിശോധിക്കുന്നുണ്ട്. മഹ്‌മൂദ് ബ്രൗണി അഹമ്മദിന്റെ മരണം ആഗ്രഹിച്ചിരുന്ന നിരവധി പേരുണ്ടെന്ന് പോലീസ് പറഞ്ഞു.

2016-ല്‍ സിഡ്‌നിയിലെ ഷോപ്പിംഗ് മാളില്‍ വെടിയേറ്റ് കൊല്ലപ്പെട്ട അധോലോക നേതാവ് വാലിദ് വാലി അഹമ്മദിന്റെ സഹോദരനാണ് മഹമൂദ്. 2016-ല്‍ ഒരു കൊലപാതകക്കേസില്‍ പിടിയിലായ മഹമൂദ് അഹമ്മദ് ആറ് മാസം മുമ്പാണ് ജയില്‍ മോചിതനായത്.

ജന്മനാടായ ലെബനനില്‍ നിന്ന് അടുത്തിടെ മടങ്ങിയെത്തിയ മഹമൂദ് അഹമ്മദിനെ കൊല്ലാന്‍ പലരും ലക്ഷ്യമിട്ടിരുന്നതായും ഇയാളുടെ ജീവന്‍ അപകടത്തിലാണെന്നും പോലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഈ മുന്നറിയിപ്പുകളെ ഇയാള്‍ വകവച്ചിരുന്നില്ല.

പ്രതികള്‍ ഒളിവില്‍ പോയി അല്‍പസമയത്തിനു ശേഷം സ്ട്രാത്ത്ഫീല്‍ഡിലും ബെല്‍മോറിലും ഒരു കറുത്ത പോര്‍ഷെ സെഡാനും കറുത്ത ബിഎംഡബ്ല്യുവിനും തീപിടിച്ചിരുന്നു. കൊലപാതകത്തിന് ഉപയോഗിച്ച കാറുകളാണോ ഇതെന്നു സംശയം ഉയര്‍ന്നിട്ടുണ്ട്.

2020 ജൂണ്‍ മുതല്‍ ന്യൂ സൗത്ത് വെയില്‍സ് സംസ്ഥാനത്ത് ഗുണ്ടാസംഘങ്ങള്‍ ഉള്‍പ്പെട്ട 35 ആക്രമണങ്ങളെങ്കിലും ഉണ്ടായിട്ടുണ്ടെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. ഗുണ്ടാസംഘങ്ങള്‍ പരസ്പരം ഏറ്റുമുട്ടുമ്പോള്‍ നിരപരാധികളും കൊല്ലപ്പെടുകയാണെന്നും ലേബര്‍ പോലീസ് വക്താവ് വാള്‍ട്ട് സെക്കോര്‍ഡ് പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26