വാണിയപ്പാറ ഉണ്ണിമിശിഹാ പള്ളി തീപിടുത്തം: ചാരത്തിൽ നിന്നും ഉയിർത്തെഴുന്നേറ്റ് ഇടവകസമൂഹം; കൈത്താങ്ങായി മാർ ജോസഫ് പാംപ്ലാനിയും

വാണിയപ്പാറ ഉണ്ണിമിശിഹാ പള്ളി തീപിടുത്തം: ചാരത്തിൽ നിന്നും ഉയിർത്തെഴുന്നേറ്റ് ഇടവകസമൂഹം; കൈത്താങ്ങായി മാർ ജോസഫ് പാംപ്ലാനിയും

തലശ്ശേരി : ബുധനാഴ്ച ഉച്ചകഴിഞ്ഞ് തലശ്ശേരി രൂപതയിലെ വാണിയപ്പാറ ഉണ്ണിമിശിഹാ പള്ളിയുടെ വെഞ്ചിരിപ്പിന് തൊട്ടുമുൻപ് ഉണ്ടായ ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് നവീകരിച്ച പള്ളിയുടെ സീലിംഗ് കത്തി നശിച്ചപ്പോൾ 150 ഇടവകാംഗങ്ങൾ മാത്രമുള്ള മലയോരത്തെ ഈ പള്ളിയുടെ പുനർനിർമ്മാണത്തിന് ഇടവക മാത്രമല്ല, അതിരൂപത മുഴുവൻ ഒന്നിക്കുകയാണ്.

ഇതിനിടെ തീപിടുത്ത സംഭവത്തിൽ കുറ്റം വിധിക്കാൻ വന്നവർക്കായി ഫാ. ജോബിൻ വലിയപറമ്പിൽ എഴുതിയ കുറിപ്പും ശ്രദ്ധേയമാകുന്നു. കരയുന്നവരോട് കൂടെ കരഞ്ഞില്ലെങ്കിലും കുറ്റം വിധിക്കാതെ ഇരുന്ന് കൂടെ എന്നാണ് അദ്ദേഹത്തിന്റെ ചോദ്യം. എന്ത് നല്ല കാര്യം കണ്ടാലും അതിൽ നെഗറ്റീവ് കാണുന്ന പ്രിയപ്പെട്ടവരോട്  വിശുദ്ധ ഗ്രന്ഥത്തിൽ നിന്നുള്ള ഭാഗം ഉദ്ധരിച്ചാണ് അദ്ദേഹം മറുപടി നൽകുന്നത് “ചതഞ്ഞ ഞാങ്ങണ ഓടിക്കുകയോ പുകഞ്ഞ തിരി കെടുത്തുകയോ അരുത്.”

150 ഇടവകാംഗങ്ങൾ മാത്രമുള്ള മലയോരത്തെ ഈ പള്ളിയുടെ നിർമ്മാണത്തിനു വേണ്ടി ആരുടെ അടുത്ത് നിന്നും ഒരു നിർബന്ധിത പിരിവും നടത്തിയില്ല. ചോർന്നൊലിക്കുന്ന പള്ളിയുടെ മുഖവാരം പുനഃദ്ധരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് മനസിലായപ്പോൾ ഇടവക ജനങ്ങൾ തന്നെയാണ് ഇങ്ങനെ ഒരു നിർദ്ദേശം ആദ്യം മുന്നോട്ട് വച്ചത്. നിർമ്മാണ പ്രവർത്തനം തുടങ്ങുന്നതിന് മുൻപ് വികാരിയച്ചൻ പള്ളിയിൽ അറിയിപ്പ് കൊടുത്തു. “പള്ളി തകർന്നു പോകാതെ സംരക്ഷിക്കാൻ നാം ബാധ്യസ്ഥരാണ്. ഈ ഉദ്യമത്തിനായി ഇടവകജനങ്ങൾ ഓരോരുത്തരും എത്ര രൂപ തരുന്നോ അത്രയും തുകയുടെ ഇരട്ടി പണി ചെയ്യാൻ ആവശ്യമായതിൽ  കൂടുതൽ തുക വ്യക്തിപരമായി ഞാൻ കണ്ടെത്തുന്നതാണ്.” പിരിവിനു വേണ്ടി അച്ചൻ ഒരു വീടും കയറിയിറങ്ങിയിട്ടില്ല. ഓരോരുത്തരായി അച്ചനെ കണ്ട് തങ്ങൾക്ക് സാധിക്കുന്ന ഒരു തുക വാഗ്ദാനം ചെയ്തു. കാരണം ഈ കോവിഡ് കാലത്ത് പോലും രണ്ട് വീടുകൾ സൗജന്യമായി നിർമിച്ചു നൽകിയ തങ്ങളുടെ വികാരി അച്ചനെ അവർക്ക് വിശ്വാസമായിരുന്നു.

അങ്ങാടിക്കടവ് സേക്രട്ട് ഹാർട്ട് ഹയർ സെക്കന്ററി സ്കൂളിലെ ഇംഗ്ലീഷ് അധ്യാപകൻ കൂടിയായ വികാരിയച്ചൻ തന്റെ അധ്യാപനത്തിന് ശേഷമുള്ള മുഴുവൻ സമയവും ജനങ്ങളോടൊപ്പം അവരെക്കാളും കൂടുതൽ ശരീരികമായി അധ്വാനിച്ച ആളാണ്. പള്ളി വെഞ്ചിരിപ്പിന്റെ തിയ്യതിക്ക് ഒരാഴ്ച മുൻപ് അവിടെ ചെല്ലുമ്പോൾ തിരക്കിട്ട ജോലിക്കിടയിൽ പണിക്കാരുടെ വേഷത്തിൽ ജോലിയിൽ മുഴുകിയ വികാരിയച്ചനെ ജോലിക്കാരുടെ ഇടയിൽ നിന്ന് കണ്ടെത്താൻ തന്നെ ശരിക്കും വിഷമിച്ചിരുന്നു.

അങ്ങനെ തങ്ങളുടെ സമ്പത്തും അതിലേറെ അധ്വാനവും ചേർത്ത് വച്ച് അവർ കെട്ടിപ്പൊക്കിയ വാണിയപ്പാറ ഉണ്ണിമിശിഹാ ദൈവാലയത്തിന്റെ സന്തോഷം നിറഞ്ഞ ഒരു ദിവസമാണ് ഒരു ഷോർട്ട് സർക്യൂട്ട് കൊണ്ട് ഒരു പിടി ചാരമായി മാറിയത്. സീലിംഗ് കത്തി തുടങ്ങിയപ്പോൾ ആദ്യം എന്ത് ചെയ്യണം എന്ന് അറിയാതെ കുഴങ്ങിയ ഇടവക ജനം തന്നെയാണ് മനസാന്നിദ്ധ്യം വീണ്ടെടുത്ത് തീ അണക്കാൻ മുന്നിട്ട് ഇറങ്ങിയതും ഫയർ ഫോഴ്‌സ് വരുന്നതിനു മുൻപേ ആ ദൗത്യം വിജയകരമായി പൂർത്തിയാക്കിയതും.

തീ പിടുത്തത്തിൽ മനസ്സ് തകർന്ന് പോയവരല്ല വാണിയപ്പാറയിലെ വിശ്വാസസമൂഹം. അതിരൂപത മെത്രാപ്പോലീത്ത മാർ ജോസഫ് പാംപ്ലാനി പുനരുദ്ധാരണത്തിന് സഹായം വാഗ്‌ദാനം നൽകി. കൂടെ അയൽ ഇടവകകളും. അങ്ങനെ ദൈവാലയം മനോഹരമായി പുനരുദ്ധരിച്ച്  മെയ് 31 ന് കൂദാശക്കായി ഒരുങ്ങുകയാണ് ഉണ്ണി മിശിഹാ പള്ളി. വേദനിക്കുന്നവരെ കുറ്റപ്പെടുത്താതെ താങ്ങി നിറുത്തുക എന്ന നന്മയുടെ സന്ദേശമാണ് വാണിയപ്പാറ ഉണ്ണിമിശിഹാ പള്ളി സമൂഹത്തിനു മുന്നിൽ വയ്ക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.