കൊച്ചി: ബലാത്സംഗക്കേസില്‍ ഉള്‍പ്പെട്ട നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെ കണ്ടെത്താന്‍ പൊലീസ് ലുക്കൗട്ട് സര്‍ക്കുലര്‍ പുറത്തിറക്കി. ഇയാള്‍ വിദേശത്താണെന്നാണ് നിഗമനം. വിമാനത്താവളത്തില്‍ എത്തിയാല്‍ ഉടന്‍ പിടികൂടാനാണ് നീക്കം. വിജയ് ബാബുവിനെതിരേ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നും പരാതിയില്‍ പ്രാഥമിക നടപടികള്‍ പൂര്‍ത്തിയാക്കിയെന്നും സിറ്റി പൊലീസ് കമ്മിഷണര്‍ സി.എച്ച്. നാഗരാജു അറിയിച്ചു.
അറസ്റ്റ് അനിവാര്യമാണ്. യുവതിയുടെ മൊഴിയെ സാധൂകരിക്കുന്ന തെളിവുകള്‍ അന്വേഷണത്തില്‍ കിട്ടിയതായും കമ്മിഷണര്‍ വ്യക്തമാക്കി.
ഹോട്ടല്‍, ഫ്‌ളാറ്റ് എന്നിവിടങ്ങളില്‍ നിന്നാണ് തെളിവ് ശേഖരിച്ചത്. പരിശോധന നടത്തിയ സ്ഥലങ്ങളില്‍ വിജയ് ബാബുവിന്റെ സാന്നിധ്യം ഉറപ്പിച്ചിട്ടുണ്ട്. ഇരയാക്കപ്പെട്ടയാളെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന്റെ തെളിവും കിട്ടി. കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനുള്ള ഒരുക്കത്തിലാണ് പൊലീസ്. ഇരയെ ഭീഷണിപ്പെടുത്തിയതിനെതിരേയും നടപടി സ്വീകരിക്കും.
പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് വൈദ്യ പരിശോധന പൂര്‍ത്തിയാക്കി. പ്രതിയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് പൊലീസ് പറയുന്നു. വിദേശത്തു നിന്ന് ഇയാള്‍ തിരിച്ചെത്തിയില്ലെങ്കില്‍ നാട്ടിലെത്തിക്കാനുള്ള നീക്കവും നടത്തുന്നുണ്ട്. അതിനായി മറ്റ് ഏജന്‍സികളുടെ സഹായം തേടും.
അതേസമയം വിജയ് ബാബു ദുബായിലേക്ക് കടന്നത് 24നെന്നാണ് പൊലീസ് പറയുന്നത്. കേസെടുത്ത് അന്വേഷണം തുടങ്ങിയതറിഞ്ഞ് വിദേശത്തേക്ക് കടക്കുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. നാട്ടിലെത്തിയാല്‍ ഉടന്‍ അറസ്റ്റ് ചെയ്യാന്‍ എല്ലാ വിമാനത്താവളങ്ങളിലും അറിയിപ്പ് നല്‍കിയിട്ടുണ്ട്.
അതിനിടെ മുന്‍കൂര്‍ ജാമ്യാപേക്ഷ വെള്ളിയാഴ്ചയോടെ ഹൈക്കോടതിയുടെ പരിഗണനയില്‍ വന്നേക്കുമെന്ന് അറിയുന്നു. ഇതിനായി മുതിര്‍ന്ന അഭിഭാഷകരെ സമീപിച്ചിട്ടുണ്ട്. ബലാത്സംഗം ചെയ്തുവെന്ന പരാതി വന്നതിനു ശേഷം ഇരയ്‌ക്കെതിരേ സമൂഹ മാധ്യമത്തിലൂടെ വെളിപ്പെടുത്തല്‍ നടത്തിയിട്ടാണ് വിജയ് ബാബു ഒളിവില്‍പ്പോയത്. സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ച് എറണാകുളത്തെ ഫ്‌ളാറ്റില്‍വെച്ച് നിരവധി തവണ ബലാത്സംഗം ചെയ്‌തെന്ന നടിയുടെ പരാതിയിലാണ് വിജയ് ബാബുവിനെതിരേ കേസെടുത്തത്.
ബലാത്സംഗം, ഗുരുതരമായി പരിക്കേല്‍പ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്കുള്ള വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. 22നാണ് യുവതി വിജയ് ബാബുവിനെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചത്. പരാതിയില്‍ സൂചിപ്പിച്ച സ്ഥലങ്ങളിലെത്തി സാക്ഷികളില്‍ നിന്ന് മൊഴിയെടുക്കും. നടിക്കെതിരേ സോഷ്യല്‍ മീഡിയയിലൂടെ നടത്തിയ വെളിപ്പെടുത്തലിനെ തുടര്‍ന്ന് ഇയാള്‍ക്കെതിരെ ഐടി ആക്ട് പ്രകാരവും കേസെടുത്തിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.