ന്യൂഡല്‍ഹി: കല്‍ക്കരി ക്ഷാമം മൂലം കൂടുതല്‍ സംസ്ഥാനങ്ങള്‍ വൈദ്യുതി പ്രതിസന്ധിയില്‍. കല്‍ക്കരിയുടെ ലഭ്യത കുറവ് മൂലം താപവൈദ്യുതി നിലയങ്ങള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കാന്‍ കഴിയാത്തതാണ് വന്‍ ഊര്‍ജ പ്രതിസന്ധിക്ക് കാരണം.
ഡല്‍ഹിക്ക് പുറമേ പഞ്ചാബ്, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളാണ് വൈദ്യുതി നിയന്ത്രണങ്ങളിലേക്ക് നീങ്ങിയിരിക്കുന്നത്. കേരളത്തിലും ഇന്നലെ മുതല്‍ ചെറിയ തോതില്‍ നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്.
ഇതിനിടെ രാജ്യത്ത് വൈദ്യുതി ക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ കല്‍ക്കരി വിതരണം വേഗത്തിലാക്കാന്‍ റെയില്‍വേ നടപടികള്‍ പ്രഖ്യാപിച്ചു. കല്‍ക്കരി വിതരണം വേഗത്തിലാക്കാനായി 670 യാത്ര ട്രെയ്‌നുകളുടെ ട്രിപ്പുകള്‍ മെയ് 24 വരെ റദ്ദാക്കും.
കല്‍ക്കരി തീവണ്ടികളുടെ നീക്കം വേഗത്തിലാക്കാനാണ് ഈ നടപടി. വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണാനായി പ്രതിദിനം 3500 ടണ്‍ കല്‍ക്കരി താപവൈദ്യുതി നിലയങ്ങളില്‍ എത്തിക്കാനാണ് റെയില്‍വേ ലക്ഷ്യമിടുന്നത്.
മുഴുവന്‍ സമയവും വൈദ്യുതി നല്‍കാന്‍ കഴിയാത്തതിനാല്‍ മെട്രോ ഉള്‍പ്പെടെ തന്ത്രപ്രധാന സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിച്ചേക്കുമെന്ന് ഡല്‍ഹി സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി.
ആശുപത്രികളുടെ അടക്കം പ്രവര്‍ത്തനത്തെ ബാധിക്കുന്ന പശ്ചാത്തലത്തില്‍ ഊര്‍ജ മന്ത്രി സത്യേന്ദര്‍ ജെയ്ന്റെ നേതൃത്വത്തില്‍ അടിയന്തര യോഗം ചേര്‍ന്നു. താപനിലയങ്ങളില്‍ ആവശ്യത്തിന് കല്‍ക്കരി എത്തിക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കാന്‍ കേന്ദ്രത്തിന് ഡല്‍ഹി സര്‍ക്കാര്‍ കത്തയച്ചു.
ഡല്‍ഹിയുടെ വൈദ്യുതി ആവശ്യകതയുടെ 30 ശതമാനം നിര്‍വഹിക്കുന്നത് ദാദ്രി രണ്ട്, ഉഞ്ചഹാര്‍ താപനിലയങ്ങളില്‍ നിന്നാണ്. എന്നാല്‍ കല്‍ക്കരി ക്ഷാമം മൂലം ഈ താപനിലയങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിച്ചിരിക്കുകയാണെന്ന് സത്യേന്ദര്‍ ജെയ്ന്‍ പറഞ്ഞു.
പഞ്ചാബില്‍ കടുത്ത ചൂടിനെ തുടര്‍ന്ന് വൈദ്യുതി ആവശ്യകതയില്‍ 40 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. കാര്‍ഷിക മേഖലയ്ക്ക് ആവശ്യമായ വൈദ്യുതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് കമ്മിറ്റി പഞ്ചാബ് ഊര്‍ജ മന്ത്രിയുടെ വീടിന് മുന്നില്‍ പ്രതിഷേധിച്ചു.
മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ വൈദ്യുതി ആവശ്യകതയില്‍ 40 ശതമാനത്തിന്റെ വര്‍ധന രേഖപ്പെടുത്തിയതായി ഊര്‍ജ മന്ത്രി ഹര്‍ഭജന്‍ സിങ് വ്യക്തമാക്കി.
ഉത്തര്‍പ്രദേശിലും സ്ഥിതി ആശാവഹമല്ല. നാലില്‍ ഒന്ന് കല്‍ക്കരി മാത്രമേ സ്റ്റോക്കായി അവശേഷിക്കുന്നുള്ളൂ. നിശ്ചിത അളവിനേക്കാള്‍ കുറവാണ് സംസ്ഥാനത്തെ കല്‍ക്കരി സ്റ്റോക്ക്. ചൂട് വര്‍ധിച്ചതിനെ തുടര്‍ന്ന് വൈദ്യുതി ആവശ്യകത വര്‍ധിച്ചതാണ് പ്രതിസന്ധിക്ക് കാരണം. കഴിഞ്ഞ 38 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വൈദ്യുതി ആവശ്യകതയാണ് ഈ മാസം രേഖപ്പെടുത്തിയതെന്ന് അധികൃതര്‍ പറയുന്നു.
ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാന്‍, ഝാര്‍ഖണ്ഡ്, ഹരിയാന എന്നി സംസ്ഥാനങ്ങളും പ്രതിസന്ധി നേരിടുന്നുണ്ട്. ഈ സംസ്ഥാനങ്ങളില്‍ മൂന്ന് മുതല്‍ 8.7 ശതമാനം വരെ പവര്‍കട്ട് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. രാജസ്ഥാനില്‍ ഗ്രാമങ്ങളില്‍ മൂന്ന് മണിക്കൂര്‍ വരെയാണ് പവര്‍ കട്ട് പ്രഖ്യാപിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.