ഒന്നരക്കോടിക്ക് സഫലമാക്കുന്നത് 30 കുടുംബങ്ങളുടെ സ്വപ്നം; ഇത് കാരുണ്യത്തിന്റെ വ്യത്യസ്ത മുഖം

ഒന്നരക്കോടിക്ക് സഫലമാക്കുന്നത് 30 കുടുംബങ്ങളുടെ സ്വപ്നം; ഇത് കാരുണ്യത്തിന്റെ വ്യത്യസ്ത മുഖം

ചങ്ങനാശേരി: 'കാരുണ്യ'ത്തിനാണ് ഈ കുടുംബം പ്രാഥമ പരിഗണന നല്‍കുന്നത്. അതിന് കാരണമുണ്ട്. പാവങ്ങള്‍ക്ക് വീടുവെച്ച് നല്‍കി കാരുണ്യത്തിന്റെ നിറകുടമായിരിക്കുന്നവരാണ് ഡോക്ടര്‍ ദമ്പതികളായ ചങ്ങനാശേരി വെരൂര്‍ ഇന്‍ഡസ്ട്രിയല്‍ നഗര്‍ പീടിയേക്കല്‍ ഡോ. ജോര്‍ജ് പീടിയേക്കലും കുടുംബവും. ഒന്നര കോടി രൂപ ചെലവഴിച്ച് 30 കുടുംബങ്ങള്‍ക്കാണ് ഭവനം എന്ന സ്വപ്നം സാക്ഷാത്ക്കരിക്കുന്നത്.

മൂന്ന് സെന്റ് സ്ഥലമെങ്കിലും സ്വന്തം പേരില്‍ ഉള്ളവര്‍ക്കാണ് ദമ്പതികള്‍ സഹായം നല്‍കിയത്. 420 സ്‌ക്വയര്‍ ഫീറ്റില്‍ രണ്ട് മുറികളും ഹാളും അടുക്കളയും ശുചിമുറിയും ഉള്‍പ്പെടുന്ന മനോഹരമായ വാര്‍ക്ക വീടാണ് വച്ചു നല്‍കുന്നത്.

അഞ്ച് ലക്ഷം രൂപയാണ് ഒരു വീടിന്റെ നിര്‍മ്മാണച്ചെലവ് എട്ട് വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കി താക്കോല്‍ കൈമാറി. ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി, കുട്ടനാട് നിയോജകമണ്ഡലങ്ങളിലാണ് 30 വീടുകളാണ് നിര്‍മ്മിക്കുന്നത്. ചങ്ങനാശേരി ജംക്ഷന്‍ ഫേസ്ബുക് ഗ്രൂപ്പ് അഡ്മിന്‍ വിനോദ് പണിക്കരുടെ സഹായത്തോടെയാണ് അര്‍ഹരായ ആളുകളെ കണ്ടെത്തിയത്.

അഞ്ചു പതിറ്റാണ്ട് നീണ്ട പ്രവാസ ജീവിതത്തിനു ശേഷം നാട്ടില്‍ എത്തിയപ്പോള്‍ സാധാരണക്കാരെ സഹായിക്കാന്‍ എന്തു ചെയ്യാന്‍ കഴിയുമെന്ന ആലോചനയാണ് ഡോ.ജോര്‍ജിനെയും ഭാര്യ ഡോ. ലീലാമ്മ ജോര്‍ജിനെയും ഈ കാരുണ്യത്തിന്റെ വ്യത്യസ്ത ആശയത്തിലേക്ക് എത്തിച്ചത്.

ഡോ. ജോര്‍ജ് അബുദബിയില്‍ സ്വന്തമായി ക്ലിനിക് നടത്തിയിരുന്നു. യുഎഇയില്‍ നിന്ന് ഗോള്‍ഡന്‍ വിസയും ലഭിച്ചു. വിദേശത്തും ഒട്ടേറെപേര്‍ക്കു സഹായം നല്‍കിയ കരങ്ങളാണ് ജോര്‍ജിന്റേത്. ചങ്ങനാശേരി ഡോക്ടേഴ്സ് ടവറിലെ ഇവരുടെ സമരിറ്റന്‍ മെഡിക്കല്‍ സെന്റര്‍ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ പ്രവര്‍ത്തനം.

മക്കളായ ഡോ. റോബിന്‍സന്‍, ഡോ. എലിസബത്ത്, ഡോ. ജെഫേഴ്സന്‍, മരുമക്കളായ റീന, ഡോ. അനില്‍ ഏബ്രഹാം വര്‍ഗീസ്, ഡോ. നിഷ ചാക്കോ എന്നിവരും പൂര്‍ണ പിന്തുണ നല്‍കുന്നുണ്ട്.

ചങ്ങനാശേരി ഫാത്തിമാപുരത്ത് വിശാലമായ സൗകര്യങ്ങളോടെയുള്ള വൃദ്ധസദനമാണ് ഇവരുടെ അടുത്ത ലക്ഷ്യം. നിര്‍ധനര്‍ക്ക് ഇവിടെ പ്രവേശനം സൗജന്യമായിരിക്കുമെന്നും ഇവര്‍ വ്യക്തമാക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.