തിരുവനന്തപുരം: കേരളം കാത്തിരുന്ന കായിക മാമാങ്കത്തിന് ഇന്ന് തിരിതെളിയും. പ്രഥമ കേരള ഗെയിംസിന്റെ ഉദ്ഘാടനം ഇന്ന് വൈകുന്നേരം അഞ്ചിന് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ കായികമന്ത്രി വി. അബ്ദുറഹ്‌മാന്‍ നിര്‍വ്വഹിക്കുന്നതോടെ പത്ത് നാള്‍ നീണ്ടു നില്‍ക്കുന്ന കായികാഘോഷരാവുകള്‍ക്ക് തുടക്കമാകും.
ചടങ്ങില്‍ മന്ത്രിമാരായ കെ.എം ബാലഗോപാല്‍, വി ശിവന്‍കുട്ടി, ജി.ആര്‍. അനില്‍, ആന്റണി രാജു, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍, എം.എല്‍.എമാര്‍, മറ്റു ജനപ്രതിനിധികളും ഭാഗമാകും.
കേരള ഒളിമ്പിക് അസോസിയേഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന പ്രഥമ കേരള ഗെയിംസിനോടനുബന്ധിച്ച് കായിക മത്സരങ്ങള്‍ക്കു പുറമെ എക്‌സ്‌പോ, മാരത്തോണ്‍, ഫോട്ടോ എക്‌സിബിഷന്‍, ഫോട്ടോ വണ്ടി എന്നിവ സംഘടിപ്പിക്കും. കേരളത്തിലെ 14 ജില്ലകളില്‍ നിന്നായി 7000 മത്സരാര്‍ത്ഥികളാണ് ഗെയിംസില്‍ പങ്കെടുക്കുന്നത്. 24 മത്സരയിനങ്ങളാണ് പ്രഥമ കേരള ഗെയിംസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
യൂണിവേഴ്‌സിറ്റി സ്റ്റേഡിയം, ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയം, പിരപ്പന്‍കോട് സ്വിമ്മിങ് പൂള്‍, സെന്‍ട്രല്‍ സ്റ്റേഡിയം, തൈയ്ക്കാട് പോലീസ് ഗ്രൗണ്ട്, ആറ്റിങ്ങല്‍ ശ്രീപാദം സ്റ്റേഡിയം, ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയം, വട്ടിയൂര്‍ക്കാവ് ഷൂട്ടിങ് റേഞ്ച്, ട്രിവാന്‍ഡ്രം ടെന്നീസ് ക്ലബ്, വൈ.എം.സി.എ., ഐ.ആര്‍.സി. ഇന്‍ഡോര്‍ സ്റ്റേഡിയം ശംഖുമുഖം, കൊല്ലം ഹോക്കി സ്റ്റേഡിയം, മഹാരാജാസ് കോളേജ് ഗ്രൗണ്ട്, വടകര എന്നിവിടങ്ങളിലായാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുക.
ടോക്കിയോ ഒളിമ്പിക്‌സ് മെഡല്‍ ജേതാക്കളെ ആദരിക്കുന്നതിന്റെ ഭാഗമായി മീരാഭായ് ചാനു, ബജ്റംഗ് പൂനിയ, ലോവ്ലിന ബൊര്‍ഗോഹൈന്‍, പി.ആര്‍. ശ്രീജേഷ് എന്നിവര്‍ക്ക് അഞ്ച് ലക്ഷം രൂപ വീതവും പ്രശസ്തി പത്രവും ടോക്കിയോ ഒളിമ്പിക്സില്‍ പങ്കെടുത്ത മലയാളികള്‍ക്ക് ഒരു ലക്ഷം രൂപ വീതവും പ്രശസ്തി പത്രവും ഉദ്ഘാടന ചടങ്ങില്‍ നല്‍കും. ഇതിനുപുറമെ, പ്രശസ്ത ഇന്ത്യന്‍ ബോക്സര്‍ മേരി കോമിനെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് നല്‍കി ആദരിക്കും.
കേരള ഗെയിംസിന്റെയും എക്സ്പോയുടെയും സമാപന ചടങ്ങ് മെയ് 10 ന് വൈകുന്നേരം ആറിന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ വച്ച് നടക്കും. കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്യും. ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ്, ശശി തരൂര്‍ എം.പി. മറ്റു ജനപ്രതിനിധികളുള്‍പ്പടെ ചടങ്ങില്‍ പങ്കെടുക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.