'ഉത്തരവുകൾ പലതും നടപ്പാക്കുന്നില്ല'; സര്‍ക്കാരുകള്‍ ശരിയായ വിധം പ്രവര്‍ത്തിച്ചാല്‍ കോടതി ഇടപെടില്ലെന്ന് എന്‍.വി രമണ

'ഉത്തരവുകൾ പലതും നടപ്പാക്കുന്നില്ല'; സര്‍ക്കാരുകള്‍ ശരിയായ വിധം പ്രവര്‍ത്തിച്ചാല്‍ കോടതി ഇടപെടില്ലെന്ന് എന്‍.വി രമണ

ന്യൂഡല്‍ഹി: സംസ്ഥാന സര്‍ക്കാരുകള്‍ ശരിയായ വിധം പ്രവര്‍ത്തിച്ചാല്‍ കോടതികള്‍ക്ക് ഇടപെടേണ്ടി വരില്ലെന്ന് വിമര്‍ശിച്ച്‌ സുപ്രീം കോടതി ചീഫ് ‌ജസ്‌റ്റിസ് എന്‍.വി രമണ. വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെയും ഹൈക്കോടതി ചീഫ് ജസ്‌റ്റിസുമാരുടെയും സംയുക്ത കോണ്‍ഫറന്‍സിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

കോടതിയലക്ഷ്യ ഹര്‍ജികള്‍ കോടതികളുടെ ഭാരം വീണ്ടും വര്‍ധിപ്പിക്കുകയാണ്. ഭരണനിര്‍വഹണം നീതിപൂര്‍വമെങ്കില്‍ കോടതി ഇടപെടില്ല. പഞ്ചായത്ത് തലം മുതല്‍ മതിയായ ഭരണനിര്‍വഹണമുണ്ടായാല്‍ ജനങ്ങള്‍ കോടതിയെ സമീപിക്കേണ്ടി വരില്ല.

നിയമനിര്‍വഹണം വ്യക്തമായ ചര്‍ച്ചകളിലൂടെ വേണം.നിയമങ്ങളിലെ അവ്യക്തതകള്‍ കോടതിയുടെ ഭാരം കൂട്ടുമെന്ന് എന്‍.വി രമണ പറഞ്ഞു. ഹൈക്കോടതികളില്‍ പ്രാദേശിക ഭാഷയില്‍ വാദത്തിന് അനുമതി നല്‍കണം. ഭാഷാ പ്രാവീണ്യമല്ല നിയമ പരിജ്ഞാനമാണ് വേണ്ടത്. ജഡ്‌ജിമാരുടെ തസ്‌തികകളിലെ ഒഴിവുകള്‍ നികത്തണമെന്നും തസ്‌തികകളുടെ എണ്ണം വര്‍ധിപ്പിക്കണമെന്നും ചീഫ് ജസ്‌റ്റിസ് അഭിപ്രായപ്പെട്ടു.

വിവിധ സംസ്ഥാനങ്ങളിലെ പൊലീസ് നീതിപൂര്‍വം പ്രവര്‍ത്തിക്കണം. നിയമവിരുദ്ധമായ അറസ്റ്റും പീഡനവും മറ്റും തടയണമെന്നും ജസ്‌റ്റിസ് എന്‍.വി രമണ കൂട്ടിച്ചേർത്തു.പ്രധാനമന്ത്രി നരേന്ദ്ര മോഡി, കേന്ദ്ര നിയമ മന്ത്രി കിരണ്‍ റിജ്ജു എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

ജുഡീഷ്യറിയുടെ അംഗബലവും അടിസ്ഥാന സൗകര്യങ്ങളും വര്‍ധിപ്പിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു. 'വിധികളും കോടതി വ്യവഹാരവും ജനങ്ങള്‍ക്ക് മനസിലാകുന്ന തരത്തിലാകണം. പ്രാദേശിക ഭാഷയുടെ ഉപയോഗം കോടതി പ്രോത്സാഹിപ്പിക്കണം.' പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.