മഹാരഥന്മാര്‍ അലങ്കരിച്ച പദവി തന്നിലേക്കു വന്നത് ദൈവനിയോഗം: ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി

മഹാരഥന്മാര്‍ അലങ്കരിച്ച പദവി തന്നിലേക്കു വന്നത് ദൈവനിയോഗം: ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി

കൊച്ചി: വിശ്വാസികളുടെ ഹൃദയവും മനസും തൊട്ടറിഞ്ഞിട്ടുള്ള മഹാരഥന്മാര്‍ അലങ്കരിച്ച പദവി തന്നിലേക്ക് വന്നത് ദൈവനിയോഗമായി കാണുന്നതായി തലശേരി അതിരൂപത ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി. ദൈവം തന്നില്‍ അനുഗ്രഹിച്ചു നല്‍കിയ ഉത്തരവാദിത്തത്തിലും പദവിയിലും അഹങ്കരിക്കുകയോ മതിമറക്കുകയോ ഇല്ല. ഇന്നലെ എങ്ങനെയായിരുന്നോ അതേപോലെ ഇനിയും ജീവിക്കാനാണ് ആഗ്രഹം. ഏതൊരു വിശ്വാസികള്‍ക്കും മുന്‍കൂട്ടി അനുമതി വാങ്ങാതെ തന്നെ കാണാന്‍ അവസരം ഉണ്ടാകും. മുന്‍ഗാമികള്‍ വെട്ടിയൊരുക്കിയ പാതയിലൂടെയാണ് തന്റെ സഞ്ചാരമെന്നും ആര്‍ച്ച് ബിഷപ് പറഞ്ഞു. തലശേരി ആര്‍ച്ച് ബിഷപ്പായി അടുത്തിടെ അഭിഷിക്തനായ പാംപ്ലാനി പിതാവിന് സി ന്യൂസ് ലൈവ് ഒരുക്കിയ അനുമോദനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ആര്‍ച്ച് ബിഷപ്.

സഭയ്ക്കും ക്രൈസ്തവ വിശ്വാസത്തിനും സാക്ഷ്യം വഹിക്കാന്‍ വൈദികനും മെത്രാനും മാത്രമല്ല ഹൃദയവിശുദ്ധിയുള്ള അല്‍മായര്‍ക്കും സാധിക്കുമെന്നും വാഴ്ത്തപ്പെട്ട ദേവസഹായം പിള്ളയുടെ ജീവിതം ഇതിനുദാഹരണമാണെന്നും ആര്‍ച്ച് ബിഷപ് പറഞ്ഞു.


ഹൃദയവിശുദ്ധിയോടെയും ആത്മീയ ജീവിതത്തിലൂടെയും വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തപ്പെടാമെന്ന് പഠിപ്പിച്ചവരാണ് വാഴ്ത്തപ്പെട്ട ദേവസഹായം പിള്ളയും വിശുദ്ധ അല്‍ഫോന്‍സാമ്മയും. അവരുടെ ജീവിതമാതൃക ഭാരത കത്തോലിക്ക സഭയ്ക്ക് നല്‍കിയത് വലിയ സന്ദേശമാണെന്നും ആര്‍ച്ച് ബിഷപ് പറഞ്ഞു.


സമ്പൂര്‍ണ്ണ സമര്‍പ്പണത്തോടെ നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്നവരുടെ കൂട്ടായ്മയാണ് സി ന്യൂസിന്റേത്. അത്തരത്തിലുള്ളവരെയാണ് സഭയ്ക്കും പ്രസ്ഥാനങ്ങള്‍ക്കും ആവശ്യം. പുതിയ സംരംഭങ്ങള്‍ ആരംഭിക്കുമ്പോഴും പരിപാടികള്‍ സംഘടിപ്പിക്കുമ്പോഴും സി ന്യൂസിലെ കുടുംബാംഗങ്ങള്‍ സ്വീകരിക്കുന്ന പ്രാര്‍ത്ഥനയോടെയുള്ള തയ്യാറെടുപ്പുകള്‍ സഭയിലെ അത്മായ സംഘടനകള്‍ മാതൃകയാക്കേണ്ടതാണ്.

സി ന്യൂസിന്റെ ഓരോ വളര്‍ച്ചയും വലിയ പ്രതിക്ഷയോടെ സഭ നോക്കി കാണുന്നുണ്ട്. സിനഡ് യോഗങ്ങളില്‍ വരെ സി ന്യൂസ് വാര്‍ത്തകള്‍ ചര്‍ച്ചയാകുന്നു. സഭ സി ന്യൂസിനെ വീക്ഷിക്കുകയും ആശ്രയിക്കുകയും ചെയ്യുന്നു എന്നതിന്റെ വലിയ അംഗീകാരമാണത്.

ദിവസേന ഒരു ലക്ഷം പേര്‍ സി ന്യൂസ് സന്ദര്‍ശിക്കണമെന്ന ലക്ഷ്യത്തോടെയാണ് ആരംഭിച്ചതെങ്കിലും ചുരുങ്ങിയ കാലത്തിനുള്ളില്‍ സന്ദര്‍ശകരുടെ എണ്ണം രണ്ട് ലക്ഷം മറികടക്കാനായി എന്നത് അഭിമാനം ഉളവാക്കുന്നതാണ്. ജസ്റ്റിസ് കുര്യന്‍ ജോസഫിനെ പോലെ ലോകം ആദരവോടെ കാണുന്ന വ്യക്തിത്വങ്ങള്‍ സി ന്യൂസിന്റെ തലപ്പത്ത് ഉണ്ടാകുമ്പോള്‍ വാര്‍ത്തകളില്‍ വിശ്വാസ്യതയും ആധികാരികതയും വർധിക്കും. ശക്തമായ അടിത്തറയുണ്ടാക്കാന്‍ കഴിഞ്ഞു എന്നതാണ് സി ന്യൂസിന്റെ വേഗത്തിലുള്ള വളര്‍ച്ചയുടെ ആധാരമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നല്ലിടയനെ അനുസ്മരിപ്പിക്കുന്ന പിതാവ്: ജസ്റ്റിസ് കുര്യന്‍ ജോസഫ്

ആഗോള, ഭാരത, കേരള കത്തോലിക്ക സഭയും സിറോ മലബാര്‍ സഭയും വലിയ പ്രതീക്ഷ വച്ചുപുലര്‍ത്തുന്ന വ്യക്തിത്വത്തമാണ് ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയെന്ന് സുപ്രീം കോടതി റിട്ട ജസ്റ്റിസ് കുര്യന്‍ ജോസഫ്. തലശ്ശേരി അതിരൂപതയുടെ പുതിയ ആര്‍ച്ച് ബിഷപ്പായി സ്ഥാനമേറ്റ മാര്‍ ജോസഫ് പാംപ്ലാനിയെ അനുമോദിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു സുപ്രീം കോടതി റിട്ട ജസ്റ്റിസ് കുര്യന്‍ ജോസഫ്.

തലശ്ശേരി അതിരൂപതയുടെ സ്വകാര്യ അഹങ്കാരവും അഭിമാനവുമാണ് പിതാവ്. വളരെ വിശാലമായി ചിന്തിക്കുകയും പ്രകൃതത്താല്‍ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഹൃദയത്തിനുടമയുമാണ് മാര്‍ ജോസഫ് പാംപ്ലാനിയെന്ന് ജസ്റ്റിസ് പറഞ്ഞു.

നല്ലിടയന്റെ ചിത്രമാണ് പിതാവിനെ കാണുമ്പോള്‍ മനസിലേക്കു വരുന്നത്. അംശവടി ഇടതു കൈയിലേക്കു മാറ്റി വലതുകൈ കൊണ്ട് മുറിവേറ്റവരുടെ െൈകയില്‍ പിടിക്കുന്ന ആ നല്ലിടയനെയാണ് പിതാവ് ഓര്‍മിപ്പിക്കുന്നത്. പിതാവിന്റെ കരങ്ങളില്‍ കത്തോലിക്ക സഭ ഭദ്രമാണെന്നും ജസ്റ്റിസ് കുര്യന്‍ ജോസഫ് കൂട്ടിച്ചേര്‍ത്തു.

ചടങ്ങില്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുടെ ഇതുവരെയുള്ള ആത്മീയ ജീവിതയാത്ര വീഡിയോയായി ചടങ്ങില്‍ അവതരിപ്പിച്ചു. വാഴ്ത്തപെട്ട ദേവസഹായത്തിന്റെ വിശുദ്ധ പദവി പ്രഖ്യപനത്തോടനുബന്ധിച്ച് ബേബി ജോണ്‍ കാലയന്താനി, ലിസി കെ. ഫെര്‍ണാണ്ടസ് ടീം ഒരുക്കിയ രണ്ട് ഗാനങ്ങള്‍ അടങ്ങിയ ആല്‍ബം പിതാവ് പ്രകാശനം ചെയ്തു. ആല്‍ബത്തെക്കുറിച്ച് ഗാനരചിതാവ് ബേബി ജോണ്‍ കാലയന്താനി വിശദീകരിച്ചു.

ഗ്ലോബല്‍ മീഡിയ നെറ്റ്‌വര്‍ക്ക് ചെയര്‍മാന്‍ വര്‍ഗീസ് തോമസ് അധ്യക്ഷത വഹിച്ചു. ഫാ.ജോമി കമുകുംമറ്റത്തിൽ പ്രാര്‍ഥനയ്ക്കു നേതൃത്വം നല്‍കി. സാന്റാ മോണിക്ക മാനേജിംഗ് ഡയറക്ടര്‍ ഡെന്നി തോമസ് വട്ടക്കുന്നേല്‍, സി ന്യൂസ് ലൈവ് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ ബെന്നി ആന്റോ, പ്രകാശ് ജോസഫ് (അഡൈ്വസറി എഡിറ്റര്‍), സോണി മനോജ് (ചീഫ് എഡിറ്റര്‍, ഇംഗ്ലീഷ് വിഭാഗം), ജോസ് ആന്റണി, ജിന്‍സണ്‍ മാത്യു, അഭിലാഷ് തോമസ്, രാജേഷ് കൂത്രപ്പള്ളി, മഞ്ജു തോമസ് (ഡിസൈനിങ് ടീം), വിനോ പീറ്റര്‍ (ചാനല്‍ ഹെഡ്), വിവിധ രാജ്യങ്ങളില്‍ നിന്നുള്ള കോഡിനേറ്റഴ്‌സായ വര്‍ഗീസ് തമ്പി (ആഫ്രിക്ക), പ്രിന്‍സ് സെബാസ്റ്റ്യന്‍ (ഓസ്‌ട്രേലിയ), രഞ്ജിത്ത് ജോണ്‍ (ബഹ്‌റിന്‍), വിന്‍സെന്റ് പാപ്പച്ചന്‍ (കാനഡ), സോഫിയ ഡേവിസ് (ഇന്ത്യ), ബിജി സെബാസ്റ്റ്യന്‍ (അയര്‍ലന്‍ഡ്), ജോര്‍ജ് അമ്പാട്ട് (യു.എസ്.എ), ജിബി ജോസഫ് (യു.കെ), ജിജി നയന (ഇസ്രയേല്‍), വില്‍സണ്‍ കെ ജെയിംസ് (കുവൈറ്റ്), ബിജു ജോര്‍ജ് (ന്യൂസിലന്‍ഡ്), സജിമോന്‍ തെക്കേല്‍ (ഒമാന്‍), സജീവ് ഫെര്‍ണാണ്ടസ് (ഖത്തര്‍), ജോബിന്‍ ജോസഫ് (സൗദി), ലൗലി ജോസ് (സ്വിറ്റസര്‍ലന്‍ഡ്), സെലിന്‍ പോള്‍സണ്‍ (യുഎഇ), ഗാനരചിതാവ് ബേബി ജോണ്‍ കാലയന്താനി എന്നിവര്‍ ആശംസകള്‍ അറിയിച്ചു.

സിന്യൂസ് ലൈവ് സി.ഇ.ഒ ലിസി കെ ഫെര്‍ണാണ്ടസ് സ്വാഗതവും ചീഫ് എഡിറ്റര്‍ ജോ കാവാലം നന്ദിയും പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.