തിരുവനന്തപുരം: സംസ്ഥാനത്ത് എയ്ഡഡ് അധ്യാപക ഒഴിവുകളിൽ സ്ഥിരനിയമനം നടത്താൻ മുൻകൂർ അനുമതി നിർബന്ധമാക്കി കേരള വിദ്യാഭ്യാസ ചട്ടം (കെ.ഇ.ആർ.) സർക്കാർ ഭേദഗതി ചെയ്തു.
കുട്ടികളുടെ എണ്ണം പെരുപ്പിച്ചുകാട്ടി അധ്യാപക തസ്തിക സൃഷ്ടിക്കുന്നത് തടയും വിധം എയ്ഡഡ് അധ്യാപക നിയമനത്തിനുള്ള വ്യവസ്ഥകൾ കർക്കശമാക്കുന്നതാണ് ഭേദഗതി.
നേരത്തേ വിവിധ ഉത്തരവുകളിലൂടെ ഏർപ്പെടുത്തിയ വ്യവസ്ഥകളും ഭേദഗതിയിൽ ഉൾപ്പെടുത്തി. ചട്ടഭേദഗതി വന്നതോടെ അധ്യാപകനിയമനം സംബന്ധിച്ച വ്യവസ്ഥകൾക്ക് നിയമപ്രാബല്യം കൈവന്നു.
അധിക അധ്യാപക തസ്തിക അനുവദിക്കും മുമ്പ് വിദ്യാഭ്യാസ ഓഫീസർ സ്കൂൾ സന്ദർശിച്ച് കുട്ടികളുടെ എണ്ണം യു.ഐ.ഡി നോക്കി പരിശോധിക്കും. ഇതിന്മേൽ സൂപ്പർ ചെക്ക് ഓഫീസറും നേരിട്ട് പരിശോധിക്കും. തസ്തിക ആവശ്യമെന്നുകണ്ടാൽ വിദ്യാഭ്യാസ ഡയറക്ടർക്ക് ജൂലായ് 15-നു മുമ്പ് ശുപാർശ നൽകും.
ഡയറക്ടർ ഓഗസ്റ്റ് 31-നു മുമ്പ് ശുപാർശ സർക്കാരിന് നൽകണം. സെപ്റ്റംബർ 30-നകം തസ്തിക സംബന്ധിച്ച് സർക്കാർ തീരുമാനമെടുക്കും. ഒക്ടോബർ ഒന്നിനുമുമ്പ് നിയമനം നടത്തണം.
അധിക തസ്തിക അനുവദിക്കുന്നതോ നിലവിലെ തസ്തിക നിലനിർത്തുന്നതോ കുട്ടികളുടെ എണ്ണം കൂടുതലായി കാണിച്ചാണെന്നു ബോധ്യപ്പെട്ടാൽ കാരണക്കാരായ മാനേജർ, വിദ്യാഭ്യാസ ഓഫീസർമാർ, ഹെഡ് മാസ്റ്റർ/വൈസ് പ്രിൻസിപ്പൽ, ക്ലാസ് ടീച്ചർ എന്നിവർക്കെതിരേ നടപടിയുണ്ടാകും. സർക്കാരിന് ഇതുമൂലമുണ്ടായ സാമ്പത്തികനഷ്ടം ഇവരിൽനിന്ന് തിരിച്ചുപിടിക്കും.
ജൂലായ് 15 കണക്കാക്കിയാണ് ഒഴിവുള്ള തസ്തികകൾ കണക്കാക്കുക. അധികക്ലാസ്, അധികതസ്തിക എന്നിവയനുവദിക്കുന്നത് ഒക്ടോബർ ഒന്ന് കണക്കാക്കിയായിരിക്കും. കുട്ടികളുടെ എണ്ണം കണക്കാക്കുന്നത് വിദ്യാഭ്യാസവകുപ്പിന്റെ സമ്പൂർണ പോർട്ടലിൽനിന്നുള്ള യു.ഐ.ഡി വിവരങ്ങൾ അടിസ്ഥാനമാക്കിയാണ്.
അധ്യാപകനിയമനം, തസ്തിക സംബന്ധിച്ച വിവരം, നിയമനാംഗീകാരം എന്നിവ വിദ്യാഭ്യാസവകുപ്പിന്റെ ‘സമന്വയ’ പോർട്ടൽ വഴിയായിരിക്കും. കുട്ടികളുടെ എണ്ണം കണക്കാക്കാൻ ആറാം പ്രവൃത്തിദിവസത്തെ ഹാജർ അടിസ്ഥാനമാക്കും.
ഒന്നുമുതൽ എട്ടുവരെ ക്ലാസുകളിൽ അധ്യാപക-വിദ്യാർഥി അനുപാതം കേന്ദ്ര വിദ്യാഭ്യാസനിയമപ്രകാരം 1:35 ആയിരിക്കും. ക്ലാസ് തുടങ്ങി കാരണം കാണിക്കാതെ അടുപ്പിച്ച് 15 ദിവസം വരാത്ത കുട്ടികളുടെ കാര്യം പ്രാദേശിക അധികൃതരുമായി സംസാരിച്ച് തീർപ്പാക്കണം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.