സന്യാസത്തിന്റെ പിള്ളത്തൊട്ടിലായ മധ്യപൗര്യസ്ത്യദേശത്ത് വളർന്ന ജെസീറ്റ സന്യാസ വൃതം സ്വീകരിച്ചു

സന്യാസത്തിന്റെ പിള്ളത്തൊട്ടിലായ മധ്യപൗര്യസ്ത്യദേശത്ത് വളർന്ന ജെസീറ്റ സന്യാസ വൃതം സ്വീകരിച്ചു

കുവൈറ്റ് സിറ്റി : ക്രൈസ്തവ വിശ്വാസത്തിന്റെയും സന്യാസത്തിന്റെയും പിള്ളത്തൊട്ടിലായ മധ്യപൗര്യസ്ത്യദേശത്തു നിന്നും സീറോ മലബാർസഭയിലെ സന്യാസിനിയായി ജെസ്സീറ്റ വൃതവാഗ്ദാനം നടത്തിയപ്പോൾ കുവൈറ്റിലെ വിശ്വാസ സമൂഹത്തിനും കുവൈറ്റ് എസ്എംസിഎക്കും ഇത് അഭിമാന മുഹൂർത്തം. കുവൈറ്റിലെ ഇക്യുവേറ്റ് കമ്പനിയിൽ ജോലി ചെയ്യുന്ന ചങ്ങനാശ്ശേരി അതിരൂപതയിലെ പുഷ്‌പഗിരി ഇടവകാംഗമായ ജോസ് മാത്യു ചൂനാട്ടിന്റെയും ആൻസി ജോസിന്റെയും രണ്ടാമത്തെ മകളായ ജെസീറ്റ ഏപ്രിൽ 28 വ്യാഴാഴ്ച പാലാ സെന്റ് തോമസ് കത്തീഡ്രലിൽ വച്ച് തിരുഹൃദയ സഭയിൽ അംഗമായി സന്യാസ വസ്ത്രം സ്വീകരിച്ചു.

പ്രവാസലോകത്തുള്ള സീറോ മലബാർ സഭാ വിശ്വാസികൾക്കിടയിൽ ദൈവവിളികൾകൊണ്ട് ഏറെ സമ്പന്നമാണ്, ഫൈലക്കാ ദ്വീപ് ഉൾപ്പെടുന്ന കുവൈറ്റ് എന്ന മധ്യപൗര്യസ്ത്യ രാജ്യം. 1995 -ൽ കുവൈറ്റിൽ സ്ഥാപിതമായ എസ്എംസിഎ യുടെ പ്രവർത്തനങ്ങൾ സീറോ മലബാർ സഭാ വിശ്വാസികൾക്കിടയിൽ ആധ്യാല്മിക പുരോഗതിക്ക് കാരണമായി. സി. ജെസ്സീറ്റയുടെ കുടുംബവും എസ്എംസിഎ യുടെ സജീവപ്രവർത്തകരായിരുന്നു. എസ്എംസിഎ ഫഹാഹീൽ ഏരിയ കൺവീനർ ആയി രണ്ടു തവണ സേവനം ചെയ്ത ജെസിറ്റയുടെ പിതാവായ ജോസ് ചൂനാട്ട്, അഹമ്മദി ഇടവകയുടെ പ്രവർത്തനങ്ങളിലും സാമൂഹ്യ പ്രവർത്തനങ്ങളിലും ശ്രധേയമായ സംഭാവനകൾ നൽകിയിട്ടുണ്ട്. സീറോ മലബാർ വിശ്വാസ പരിശീലന ക്‌ളാസുകളുടെ പ്രഥമാധ്യാപകനായും അദ്ദേഹം സേവനം അനുഷ്ഠിച്ചിരുന്നു. സി. ജെസീറ്റയുടെ മൂത്ത സഹോദരിയായ ജെനീറ്റ   ഏപ്രിൽ 30 നു വിവാഹിതയായി. സഹോദരൻ ജോൺസൺ ക്യാനഡയിൽ ജോലി ചെയ്യുന്നു.

നൂറു വയസ്സ് കടന്ന വല്യപ്പൻ മത്തായി ചൂനാട്ടിനും വല്യമ്മ ഏലികുട്ടിക്കും ഇത് ധന്യ മുഹൂർത്തങ്ങൾ. 2022 ൽ വിവാഹത്തിന്റ എഴുപത്തിയേഴാം  വാർഷികം ആഘോഷിക്കുന്ന അവർക്ക്   രണ്ടു പേരക്കുട്ടികൾ വ്യത്യസ്ത ജീവിതാന്തസുകളിൽ പ്രവേശിക്കുന്നത് കൺകുളിർക്കെ കാണുവാനുള്ള ഭാഗ്യം ലഭിച്ചു.


എസ്എംസിഎയുടെ കുട്ടികളുടെ വിഭാഗമായ ബാലദീപ്തിയുടെ മുൻനിര പ്രവർത്തകയായിരുന്നു ജെസീറ്റ. 2015-16 വർഷത്തിൽ ഫഹാഹീൽ ഏരിയ കൺവീനർ എന്ന നിലയിലും അതിനു മുൻപുള്ള വർഷം കേന്ദ്ര ഭരണസമിതി അംഗം എന്ന നിലയിലും ജെസ്സീറ്റ പ്രവർത്തിച്ചിരുന്നു. അഹമ്മദി ഇടവകയുടെ ധ്യാനങ്ങളിലും മറ്റു പ്രവർത്തനങ്ങളിലും ജെസ്സീറ്റ സ്ഥിര സാന്നിധ്യമായിരുന്നു.
പന്ത്രണ്ടാം ക്‌ളാസിൽ കുവൈറ്റിലെ തന്നെ ഏറ്റവും ഉയർന്ന മാർക്ക് വാങ്ങി എസ്എംസിഎ ഏർപ്പെടുത്തിയ മാർ വർക്കി വിതയത്തിൽ അവാർഡ് നേടിയ ജെസീറ്റ പഠനത്തിലും മുൻപന്തിയിലായിരുന്നു.

സന്യാസവും സമർപ്പിത ജീവിതങ്ങളും ആധുനിക മാധ്യമങ്ങൾ പരിഹാസ വിഷയമാക്കുമ്പോഴും സുവിശേഷങ്ങളിലെ മിശിഹായെ അടുത്താനുകരിക്കാനായി യുവജനങ്ങൾ കടന്നു വരുന്നു എന്നത് സമൂഹത്തിൽ സമർപ്പിതരുടെ പ്രസക്തി വർധിക്കുന്നു എന്നതിന്റെ ഉദാഹരണമാണ്.

മെയ് 11 നു കുവൈറ്റ് ഫഹാഹീൽ എസ്എംസിഎ ഹാളിൽ ജെസ്സീറ്റക്ക് അനുമോദന സമ്മേളനം ഒരുക്കിയിട്ടുണ്ട്. സാധിക്കുന്ന എല്ലാവരും കുടുംബ സമേതം ഈ പരിപാടിയിൽ പങ്കെടുക്കണമെന്നും വളരുന്ന കുട്ടികൾക്ക് മാതൃകയും പ്രോത്സാഹനവുമായി ജെസ്സീറ്റയുടെ സന്യാസ ജീവിതം മാറട്ടെയെന്നു ബാലദീപ്തി ചീഫ് കോഓർഡിനേറ്റർ ജിമ്മി സ്കറിയ , എസ്എംസിഎ ജനറൽ സെക്രട്ടറി അഭിലാഷ് അരീക്കുഴിയിൽ എന്നിവർ അറിയിച്ചു. കുവൈറ്റിൽ സേവനം ചെയ്യുന്ന വൈദികരും സന്യസ്തരുമടക്കം ജീവിതത്തിന്റെ വിവിധ മേഖലയിലുള്ളവർ ഈ സ്വീകരണ സമ്മേളനത്തിൽ പങ്കെടുക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.