കാസര്‍കോട്: ചെറുവത്തൂരില്‍ ഷവര്‍മ കഴിച്ച് വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ രണ്ടു പേര്‍ അറസ്റ്റില്‍. ചെറുവത്തൂര്‍ ഐഡിയല്‍ ഫുഡ്പോയിന്റ് മാനേജിങ് പാര്‍ട്ണര്‍ മംഗളൂരു സ്വദേശി അനക്സ്, ഷവര്‍മയുണ്ടാക്കിയ നേപ്പാള്‍ സ്വദേശി സന്ദേശ് റായ് എന്നിവരെയാണ് ചന്തേര പൊലീസ് അറസ്റ്റ് ചെയ്തത്. മനപൂര്‍വമല്ലാത്ത നരഹത്യ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് ഇവര്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് സ്ഥാപനത്തിന്റെ മറ്റൊരു മാനേജിങ് പാര്‍ട്ണറെ പൊലീസ് നേരത്തെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് ചെറുവത്തൂരിലെ ഐഡിയല്‍ ഫുഡ്പോയിന്റില്‍ നിന്ന് ഷവര്‍മ കഴിച്ച പ്ലസ് വണ്‍ വിദ്യാര്‍ഥിനി ദേവനന്ദ(16) ഭക്ഷ്യ വിഷബാധയേറ്റ് മരിച്ചത്. ഷവര്‍മ കഴിച്ച മറ്റു 17 വിദ്യാര്‍ഥികളെ ശാരീരികാസ്വാസ്ഥ്യങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. വെള്ളിയാഴ്ചയാണ് ചെറുവത്തൂരിലെ ഐഡിയല്‍ ഫുഡ്‌പോയന്റില്‍ നിന്ന് ദേവനന്ദയടക്കമുള്ളവര്‍ ഷവര്‍മ കഴിച്ചത്. 
ഞായറാഴ്ച രാവിലെയോടെ കുട്ടികള്‍ക്ക് ഛര്‍ദി, വയറുവേദന, പനി തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടു. രാവിലെ പത്തുമണിയോടെ രോഗലക്ഷണമുള്ളവര്‍ ചെറുവത്തൂര്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ എത്തിത്തുടങ്ങി. ഇവര്‍ക്ക് പ്രാഥമിക ചികിത്സ നല്‍കി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്കു മാറ്റി. അവിടെവെച്ചായിരുന്നു ദേവനന്ദയുടെ മരണം. മൂന്നുമാസം മുമ്പ് അച്ഛന്‍ മരിച്ചതിനെത്തുടര്‍ന്ന് മട്ടലായിലെ ബന്ധുവീട്ടിലായിരുന്നു ദേവനന്ദ താമസം. ചെറുവത്തൂരിലെ സമാന്തര വിദ്യാഭ്യാസസ്ഥാപനത്തില്‍ ശനിയാഴ്ചയാണ് ദേവനന്ദ പരിശീലനത്തിനു ചേര്‍ന്നത്.
ആദര്‍ശ് (16), അദ്വൈദ് (16), അനുഗ്രഹ് (15), സൂര്യ (15), അഭിജിത്ത് (18), അഭിനന്ദ് (16), ആകാശ് (21), രഞ്ജിമ (17), കാര്‍ത്തിക (12), രോഷ്‌ന (17), പൂജ (15), അര്‍ഷ (15), അഭിന്‍രാജ് (15), വൈഗ (13), ഫിദ (12), അഭിന (15), അനഘ (17) എന്നിവരാണ് ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിലുള്ള മറ്റുള്ളവര്‍. 
ഭക്ഷ്യ വിഷബാധയെത്തുടര്‍ന്ന് ചെറുവത്തൂരിലെ ഐഡിയല്‍ ഫുഡ്‌പോയന്റ് ഭക്ഷ്യസുരക്ഷാ ജീവനക്കാരെത്തി അടപ്പിച്ചു. സ്ഥാപനത്തിന് ഭക്ഷ്യസുരക്ഷാ ലൈസന്‍സില്ല. ഇവിടത്തെ ഭക്ഷ്യവസ്തുക്കളുടെ സാംപിള്‍ പരിശോധനയ്ക്കയച്ചു. ചെറുവത്തൂരിലെ ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സതേടിയ കയ്യൂര്‍ ഞണ്ടാടിയിലെ നന്ദന എസ്. ആനന്ദിനെ (18) പരിയാരം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. സംഭവത്തില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി വീണാ ജോര്‍ജ് ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍ക്ക് നിര്‍ദേശം നല്‍കി. ഭക്ഷ്യവിഷബാധയേറ്റവര്‍ക്ക് വിദഗ്ധചികിത്സ ഉറപ്പാക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കി.
മൃതദേഹം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലാണുള്ളത്. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30-ന് എ.വി. സ്മാരക സ്‌കൂളിലും തുടര്‍ന്ന് പെരളം ഇ.എം.എസ്. മന്ദിരത്തിലും പൊതുദര്‍ശനത്തിന് വയ്ക്കും. സംസ്‌കാരം ഉച്ചയ്ക്കുശേഷം വെള്ളൂരില്‍.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.