തിരുവനന്തപുരം: കാന്‍സര്‍ പ്രതിരോധത്തിന് ചുവപ്പ് കൊടുവേലിയുടെ (പ്ലംബാഗോ സെയ്‌ലാനിക്ക) സംയുക്തം ഫലപ്രദമാണെന്ന തിരുവനന്തപുരം സ്വദേശികളുടെ കണ്ടെത്തലിന് കേന്ദ്രസര്‍ക്കാരിന്റെ പേറ്റന്റ്.
കൊടുവേലി വേരിലെ പ്ലംബാഗിന്‍ ഹൈഡ്രോക്‌സി ക്വിനോണിന്റെ ഘടനാപരമായ പരിഷ്‌കരണത്തിലൂടെ ലഭിച്ച ഫ്ലൂറോ ഡെറിവേറ്റീവെന്ന സംയുക്തമുപയോഗിച്ചാണ് ചികിത്സ സാധ്യമാകുന്നത്.
കോളേജ് ഒഫ് എന്‍ജിനിയറിംഗ് ട്രിവാന്‍ഡ്രത്തിലെ (സി.ഇ.ടി) കെമിസ്‌ട്രി വിഭാഗം മേധാവിയായിരുന്ന ഡോ. ആനറ്റ് ഫെര്‍ണ്ടാസിന്റെ നേതൃത്വത്തില്‍ ഡോ. ഷൈനി പി. ലൈല, ഡോ. ബി. അരുണ്‍കുമാര്‍ എന്നിവര്‍ 2009 ലാണ് ഇതു സംബന്ധിച്ച് സി.ഇ.ടി കേന്ദ്രീകരിച്ച് പഠനം തുടങ്ങിയത്.
വന്‍കുടലിലെയും ത്വക്കിലെയും കാന്‍സറിന് ഈ സംയുക്തം ഫലപ്രദമാണെന്നാണ് പഠനം. സാധാരണ മരുന്നുകളേക്കാള്‍ പാര്‍ശ്വഫലം കുറവണെന്നാണ് വിലയിരുത്തല്‍. തൃശൂര്‍ അമല കാന്‍സര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എലികളില്‍ നടത്തിയ പരീക്ഷണം വിജയിച്ചിരുന്നു. തുടര്‍പഠനങ്ങള്‍ നടക്കുകയാണെന്ന് ഗവേഷകര്‍ പറഞ്ഞു.
കൂടുതല്‍ മൃഗങ്ങളില്‍ പരീക്ഷണം നടത്തി സംയുക്തത്തിന്റെ ശേഷി വര്‍ധിപ്പിക്കുന്ന പ്രക്രിയയാണ് ഇനി നടക്കേണ്ടത്. ഇതിനുശേഷമാകും ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളുമായി സഹകരിച്ച് മരുന്നാക്കി വിപണിയിലിറക്കുക.
പേറ്റന്റ് ലഭിച്ച പഠനം ജേര്‍ണല്‍ ഒഫ് ബയോ മോളിക്കുലര്‍ സ്‌ട്രെക്‌ച്ചര്‍ ആന്‍ഡ് ഡൈനാമിക്‌സ്, ആന്‍ഡി കാന്‍സര്‍ ഏജന്റ് ഇന്‍ മെഡിക്കല്‍ കെമിസ്‌ട്രി എന്നീ ജേര്‍ണലുകളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സി.ഇ.ടിയിലെ ബേസിക് സയന്‍സ് വിഭാഗത്തിലെ ആദ്യ പേറ്റന്റും കോളേജിന് ലഭിക്കുന്ന മൂന്നാമത്തെ പേറ്റന്റുമാണിത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.