പാലാ രൂപതയെ ആദ്ധ്യാത്മിക ചൈതന്യത്തിന്റെ പാതയിലൂടെ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നയിക്കാന്‍ തുടങ്ങിയിട്ട് ഇന്ന് 18 വര്‍ഷം തികയുകയാണ്. വൈദീകവൃത്തി ആരംഭിച്ച സമയത്ത് തന്നെ അദ്ദേഹം അറിയപ്പെടുന്ന ദൈവശാസ്ത്രജ്ഞനും സഭാ പണ്ഡിതനും വേദ വിജ്ഞാനീയ വിദഗ്ദനുമായിരുന്നു. ഏത് പ്രതിസന്ധിഘട്ടത്തിലും സ്വന്തം വാക്കിലും നിലപാടുകളിലും നിന്നും ഒരിഞ്ചു പോലും മാറാന്‍ അദ്ദേഹം ഒരിക്കല്‍ പോലും തയ്യാറായിട്ടില്ല. ആത്മീയ ജീവിതത്തിലും രാഷ്ട്രീയ നിലപാടിലും വ്യക്തമായ കാഴ്ചപ്പാടുളള മാര്‍ ജോസഫ് കല്ലറങ്ങാട്ട് യുവതലമുറയ്ക്ക് എന്നും മാതൃകയാണ്.
2004 മെയ് രണ്ടിനാണ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ബിഷപ്പായി ഔദ്യോഗികമായി അഭിഷേകം ചെയ്യപ്പെട്ടത്. അതുവരെ അദ്ദേഹം കോട്ടയം വടവാതൂര്‍ അപ്പസ്‌തോലിക് സെമിനാരി പ്രൊഫസറും പൗരസ്ത്യ വിദ്യാപീഠം പ്രസിഡന്റുമായിരുന്നു. ബിഷപ് മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍ വിരമിക്കല്‍ സന്നദ്ധത റോമില്‍ അറിയിച്ച നാളുകളില്‍ത്തന്നെ പിന്‍ഗാമിയുടെ സാധ്യതാ പട്ടികയില്‍ ഒന്നാമതു നിന്നത് കല്ലറങ്ങാട്ടച്ചന്‍ തന്നെയായിരുന്നു.
2004 മാര്‍ച്ച് 18ന് വലിയ പിതാവിന്റെ വിരമിക്കല്‍ അംഗീകരിച്ചു കൊണ്ടും പിന്‍ഗാമിയായി ജോസഫ് കല്ലറങ്ങാട്ടച്ചനെ നിയമിച്ചു കൊണ്ടും റോമില്‍ നിന്നും പ്രഖ്യാപനമുണ്ടായി. അതേദിവസം തന്നെ റോമില്‍ നിന്നുള്ള നിയമന കല്‍പന അഭിവന്ദ്യ മാര്‍ പള്ളിക്കാപറമ്പില്‍ പിതാവ് ഔദ്യോഗികമായി പരസ്യപ്പെടുത്തി.
പിതാവ് നര്‍മ്മം നന്നായി ആസ്വദിക്കാറുണ്ടെങ്കിലും പിതാവിന്റെ പ്രസംഗങ്ങളിലും എഴുതുന്ന ലേഖനങ്ങളിലും കൂടുതലും നിഴലിക്കുന്നത് ഭാഷയുടെ ഉപയോഗത്തിലെ അനുപമവും അനന്യവുമായ ഒരു തീവ്രഭംഗിയും പാണ്ഡിത്യ സഹജമായ ഗൗരവവുമാണെന്നാണ് പറയുന്നത്. പ്രഭാഷണ കലയില്‍ മലയാളത്തില്‍ ഇപ്പോള്‍ പിതാവിനു സമന്മാരായി കേരളത്തില്‍ അധികമാരുമില്ല എന്നതും ദൈവ ശാസ്ത്രവും വേദ വിജ്ഞാനീയവും മാത്രമല്ല സാഹിത്യപരമോ സാമൂഹികമോ രാഷ്ട്രീയമോ ഭരണഘടനാ പരമോ വിദ്യാഭ്യാസ സംബന്ധമോ ആയ ഏതു വിഷയവും പിതാവിനു വളരെ നന്നായി വഴങ്ങുമെന്നുമാണ് മനസിലാക്കുന്നത്.
പ്രളയകാലത്തും കോവിഡ് കാലത്തുമായി പിതാവ് മുന്‍നിന്നു നേതൃത്വം നല്‍കിയ ഒട്ടേറെ സാമൂഹിക ക്ഷേമസംരംഭങ്ങളും ശ്രദ്ധിക്കപ്പെടുകയുണ്ടായി എന്നു മാത്രമല്ല അവയില്‍ ചിലതൊക്കെ മറ്റുള്ളവര്‍ക്കും മാതൃകയായി എന്നതും എടുത്തു പറയേണ്ടതുണ്ട്. പ്രത്യേകിച്ചും വീടില്ലാത്തവര്‍ക്കായി പിതാവു തുടങ്ങിയ ഭവന നിര്‍മ്മാണപദ്ധതി സര്‍വ്വരുടെയും പ്രശംസ നേടി. കൂടാതെ ആതുര ശുശ്രൂഷാ മേഖലയില്‍ മാര്‍സ്ലീവാ മെഡിസിറ്റിയും ശ്രദ്ധിക്കപ്പെട്ടു.
ഇതിനിടെ സമൂഹത്തില്‍ അപകടകരമായിത്തന്നെ പടര്‍ന്ന ചില പ്രകടമായ പ്രവണതകള്‍ക്കെതിരെ സ്വന്തം വിശ്വാസി സമൂഹത്തിനായി പിതാവ് നല്‍കിയ മുന്നറിയിപ്പുകളും വളരെയേറെ കരുത്ത് പകരുന്നതായിരുന്നു. സ്വന്തം വാക്കുകളിലും പറഞ്ഞ നിലപാടുകളിലും നിന്നും ഒരിഞ്ചു പോലും മാര്‍ കല്ലറങ്ങാട്ടു പിന്നോട്ടു പോയില്ല. നമ്മള്‍ ഇന്ന് അഭിമുഖീകരിക്കുന്ന വെല്ലുവിളികളെ നേരിടാനും നേര്‍വഴിക്ക് അവരെ നയിക്കാന്‍ ശക്തനായ പിതാവ് തന്നെയാണ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. അദ്ദേഹം പലപ്പോഴും തന്റെ പ്രവര്‍ത്തിയിലൂടെ അത് തെളിയിച്ചിട്ടുള്ളതുമാണ്. അത് കൂടുതല്‍ ശക്തമായിത്തുടര്‍ന്നു പോകാന്‍ അദ്ദേഹത്തിന് കഴിയട്ടെ.
മാര്‍ ജോസഫ് കല്ലറങ്ങാട്ടു പിതാവിന് സീന്യൂസ് കുടുംബത്തിന്റെ മെത്രാഭിഷേക വാര്‍ഷികത്തിന്റെ സ്‌നേഹാദരപൂര്‍വ്വമായ പ്രാര്‍ത്ഥനാശംസകള്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.