കൊച്ചി: കാസര്‍കോട് ഭക്ഷ്യവിഷബാധയേറ്റ് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി നടപടി. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ നേതൃത്വത്തിലുള്ള ഡിവിഷന്‍ ബെഞ്ചാണ് കേസെടുത്തത്. സംഭവത്തില്‍ നിലപാടറിയിക്കാന്‍ സര്‍ക്കാരിന് കോടതി നിര്‍ദ്ദേശം നല്‍കി.
കാസര്‍കോട് സംഭവത്തില്‍ ഉചിതമായ നടപടി സ്വീകരിച്ചതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. ശുചിത്വം ഉറപ്പാക്കാന്‍ നടപടി ഉണ്ടാകണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. അതേസമയം സംസ്ഥാനത്ത് രാത്രി ഭക്ഷണം വില്‍ക്കുന്ന കടകളില്‍ വ്യാപക പരിശോധന തുടങ്ങിയെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജ് അറിയിച്ചു. ഭക്ഷ്യ വിഭവങ്ങളില്‍ മായം ചേര്‍ക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
കാസര്‍കോട് ചെറുവത്തൂരില്‍ മൂന്ന് പേര്‍ക്ക് മാത്രമാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. കൂടുതല്‍ പരിശോധനാഫലങ്ങള്‍ക്കായി കാത്തിരിക്കുകയാണ്. ചികിത്സയിലുള്ള കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആരോഗ്യമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.
ചെറുവത്തൂരിലെ ഐഡിയല്‍ ഫുഡ് പോയന്റില്‍ നിന്നും ഷവര്‍മ്മ കഴിച്ചവര്‍ക്ക് ഭക്ഷ്യ വിഷബാധ ഉണ്ടാക്കാന്‍ കാരണം ഷിഗെല്ല ബാക്ടീരിയയാണെന്ന് സ്ഥിരീകരിച്ച സാഹചര്യത്തില്‍ കൂടുതല്‍ പരിശോധനകള്‍ക്കൊരുങ്ങുകയാണ് ആരോഗ്യവകുപ്പ്. ഐഡിയല്‍ ഫുഡ് പോയന്റ് കടയിലേക്ക് ഉപയോഗിച്ച ജലസ്രോതസ് പരിശോധിക്കും. ഇതോടൊപ്പം പരിസര പ്രദേശങ്ങളിലേയും ജല സ്രോതസുകള്‍ പരിശോധിക്കാന്‍ ആരോഗ്യ വകുപ്പ് തീരുമാനിച്ചതായി ഡെപ്യൂട്ടി ഡിഎംഒ ഡോ. മനോജ് അറിയിച്ചു.
രോഗ ബാധിതരില്‍ നിന്നും മറ്റുള്ളവരിലേക്ക് രോഗം പടരാതിരിക്കാനുള്ള മുന്‍കരുതലിലാണ് അധികൃതര്‍. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലെ വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളവര്‍ പ്രത്യേകം നിരീക്ഷണത്തിലാണ്. നിരീക്ഷണം ശക്തമാക്കാന്‍ പ്രത്യേക മെഡിക്കല്‍ സംഘത്തെ രൂപീകരിക്കാനും ആലോചിക്കുന്നുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.