ജാക്സണ്‍: അമേരിക്കയിലെ മൂന്നു തെക്കന്‍ സംസ്ഥാനങ്ങളില്‍ ആകാശത്ത് വലിയ ശബ്ദത്തോടെ പാഞ്ഞുപോയ ഉല്‍ക്കയുടെ ശകലങ്ങള്‍ ദിവസങ്ങള്‍ക്കു ശേഷം മിസിസിപ്പിയില്‍നിന്നു ലഭിച്ചു. 35,000 മൈല്‍ വേഗത്തില്‍ സഞ്ചരിച്ച ഉല്‍ക്ക ലൂസിയാന-മിസിസിപ്പി അതിര്‍ത്തിക്ക് സമീപമാണ് ആകാശത്ത് പൊട്ടിത്തെറിച്ചതെന്ന് നാസ അറിയിച്ചു. ഏപ്രില്‍ 27-ന് രാവിലെയാണ് ആകാശത്ത് അസാധാരണമാംവിധം ശോഭയോടെ കത്തിജ്വലിച്ച് വമ്പന്‍ തീഗോളം പാഞ്ഞുപോയത്. മിസിസിപ്പി, അര്‍ക്കന്‍സാസ്, ലൂസിയാന എന്നീ മൂന്നു സംസ്ഥാനങ്ങളിലുമായി നിരവധി പേര്‍ ഇതിനു സാക്ഷികളായി.
നാച്ചെസ് പ്രദേശത്താണ് ഉല്‍ക്കാശിലകള്‍ കണ്ടെത്തിയത്. ഉല്‍ക്കാ ശകലങ്ങളിലൊന്നിന്റെ ചിത്രം നാസ ഫേസ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്.
സംഭവം ഉല്‍ക്കാ പതനമാണെന്ന് നാസ സ്ഥിരീകരിച്ചിരുന്നു. വളരെ അപൂര്‍വമായ ഒരു കാഴ്ചയാണിതെന്ന് നാസ ഗവേഷകര്‍ പറഞ്ഞു. മിസിസിപ്പി നദിക്ക് 54 മൈല്‍ ഉയരത്തില്‍, അല്‍കോര്‍ണിന് സമീപമാണ് ഇത് ആദ്യം കണ്ടതെന്ന് അധികൃതര്‍ പറഞ്ഞു. അതേസമയം നാശനഷ്ടമുണ്ടാക്കാന്‍ തക്കവിധം പ്രാപ്തിയില്ലാത്തത്ര ചെറുതായിരുന്നു ഉല്‍ക്ക. അഗ്നിഗോളത്തിന് പൂര്‍ണ്ണചന്ദ്രനേക്കാള്‍ 10 മടങ്ങ് തിളക്കമുണ്ടായിരുന്നു.
കൂടുതല്‍ ഗവേഷണം നടത്തി ഉല്‍ക്ക പതനം സ്ഥിരീകരിച്ചാല്‍ മിസിസിപ്പിയില്‍ രേഖപ്പെടുത്തുന്ന അഞ്ചാമത്തെ ഉല്‍ക്ക പതനമാകും ഇതെന്ന് നാസ പറഞ്ഞു. മുന്‍പ് 1854, 1910, 1922, 2012 എന്നീ വര്‍ഷങ്ങളിലാണ് ഉല്‍ക്ക പതനം സംഭവിച്ചത്.
ആദ്യകാഴ്ചയില്‍ സാധാരണ പാറ പോലെയാണ് ഉല്‍ക്കാശിലയുടെയും രൂപം. എന്നാല്‍ ഇവയ്ക്കു സമീപം ഇരുമ്പ് കൊണ്ടുവന്നാല്‍ ഒട്ടിപ്പിടിക്കും. ഈ കാന്തികസ്വഭാവമാണ് ഇവ ഉല്‍ക്കാശിലയാണെന്നു സ്ഥിരീകരിക്കാനുള്ള പ്രധാന മാര്‍ഗം.
അതേസമയം ഉല്‍ക്ക എവിടെയാണോ വീണത് ആ വസ്തുവിന്റെ ഉടമയ്ക്കായിരിക്കും ഉല്‍ക്കയുടെയും ഉടമസ്ഥാവകാശമെന്ന് നിയമം അനുശാസിക്കുന്നു. ഉടമയുടെ സ്വകാര്യതയെ മാനിച്ച് ഉല്‍ക്കയുടെ ഭാഗങ്ങള്‍ വീണ കൃത്യമായ പ്രദേശം വെളിപ്പെടുത്താനാവില്ലെന്ന് നാസ അറിയിച്ചു.
ബഹിരാകാശത്തു ചുറ്റിക്കറങ്ങുന്ന ഛിന്നഗ്രഹങ്ങളുടെയും വാല്‍നക്ഷത്രങ്ങളുടെയും ഭാഗമാണ് ഉല്‍ക്ക. ഉല്‍ക്കാശിലകളില്‍ പലപ്പോഴും വളരെ അപൂര്‍വവും അമൂല്യവുമായ ധാതുക്കളും ലോഹങ്ങളും അടങ്ങിയിട്ടുണ്ടാകും. അതിനാല്‍ ഏറെ ഗൗരവത്തോടെയാണ് ഇത്തരം ഉല്‍ക്ക പതനത്തെ ഗവേഷകര്‍ കാണുന്നത്. ഇവ വന്‍ വില കൊടുത്ത് വാങ്ങാനും നിരവധി പേരുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.