കെഎസ്ആര്‍ടിസിയിലെ ശമ്പള പ്രതിസന്ധി; ഗതാഗതമന്ത്രി യൂണിയനുകളുമായി ഇന്ന് ചര്‍ച്ച നടത്തും

കെഎസ്ആര്‍ടിസിയിലെ ശമ്പള പ്രതിസന്ധി; ഗതാഗതമന്ത്രി യൂണിയനുകളുമായി ഇന്ന് ചര്‍ച്ച നടത്തും

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ ശമ്പള പ്രതിസന്ധി പരിഹരിക്കാന്‍ ഗതാഗത മന്ത്രി ആന്റണി രാജു വിളിച്ച ചര്‍ച്ച ഇന്ന്. മൂന്ന് അംഗീകൃത യൂണിയനുകളെയാണ് ചര്‍ച്ചയ്ക്ക് വിളിച്ചത്.

ശമ്പള വിതരണം വൈകുന്ന സാഹചര്യത്തില്‍ ഇന്ന് അര്‍ധരാത്രി മുതല്‍ 24 മണിക്കൂര്‍ പണിമുടക്കുമെന്ന് പ്രതിപക്ഷ യൂണിയനുകള്‍ അറിയിച്ചിരുന്നു. ഏപ്രില്‍ മാസത്തെ ശമ്പളം നല്‍കാനായി സര്‍ക്കാരില്‍ നിന്ന് 65 കോടി രൂപ മാനേജ്‌മെന്റ് ആവശ്യപ്പെട്ടെങ്കിലും ധന വകുപ്പ് ഇതുവരെ പ്രതികരിച്ചിട്ടില്ല. ഉച്ചകഴിഞ്ഞ് മൂന്നിന് മന്ത്രിയുടെ ചേംബറിലാണ് ചര്‍ച്ച.

ചര്‍ച്ചയില്‍ പങ്കെടുക്കുമെങ്കിലും എല്ലാ മാസവും അഞ്ചാം തീയതിക്കകം ശമ്പള വിതരണം പൂര്‍ത്തിയാക്കണം എന്നതടക്കമുള്ള അവശ്യങ്ങളില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്നാണ് യൂണിയനുകളുടെ നിലപാട്. കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കേണ്ട ബാധ്യത സര്‍ക്കാരിനില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞത് നേരത്തെ ചര്‍ച്ചയായിരുന്നു. എല്ലാക്കാലവും കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ സര്‍ക്കാരിന് ആകില്ലെന്നും പൊതുമേഖലാ സ്ഥാപനങ്ങള്‍ ശമ്പളം കൊടുക്കാന്‍ അടക്കമുള്ള വരുമാനം സ്വയം കണ്ടെത്തണമെന്നുമായിരുന്നു ആന്റണി രാജുവിന്റെ പരാമര്‍ശം.

ശമ്പളം കൊടുക്കേണ്ടത് കെഎസ്ആര്‍ടിസി മനേജ്‌മെന്റാണെന്നും എല്ലാ ചിലവും വഹിക്കാന്‍ സര്‍ക്കാരിനാകില്ലെന്നും വ്യക്തമാക്കിയ മന്ത്രി, കെ എസ് ആര്‍ടിസിക്കുള്ള സര്‍ക്കാരിന്റെ സഹായങ്ങള്‍ തുടരുമെന്നും അറിയിച്ചിരുന്നു. പരാമര്‍ശം ചര്‍ച്ചയായതോടെ മന്ത്രി പറഞ്ഞത് സര്‍ക്കാരിന്റെ കൂട്ടായ തീരുമാനമാണെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാലും സ്ഥിരീകരിക്കുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.