മെല്‍ബണിലെ പബ്ബില്‍ ഹിറ്റ്‌ലറുടെ ജന്മദിനാഘോഷം; വംശീയവാദികള്‍ക്കെതിരെ ലോകമെങ്ങും പ്രതിഷേധം

മെല്‍ബണിലെ പബ്ബില്‍ ഹിറ്റ്‌ലറുടെ ജന്മദിനാഘോഷം; വംശീയവാദികള്‍ക്കെതിരെ ലോകമെങ്ങും പ്രതിഷേധം

മെല്‍ബണ്‍: ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ ഒരുകൂട്ടം നാസി അനുകൂലികള്‍ അഡോള്‍ഫ് ഹിറ്റ്‌ലറിന്റെ ജന്മദിനം പരസ്യമായി ആഘോഷിച്ചത് ലോകമെങ്ങും വലിയ വിമര്‍ശനത്തിന് വഴിവച്ചു. സേച്ഛ്വാധിപത്യവും വംശീയാധിപത്യവും നിലനില്‍ക്കാന്‍ ആഗ്രഹിക്കുന്ന ഒരു കൂട്ടം ആളുകള്‍ ആധുനിക കാലത്തും അവശേഷിക്കുന്നു എന്നത് അപകടകരമായ സന്ദേശമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സമൂഹമാധ്യമങ്ങളിലുള്‍പ്പടെ വലിയ വിമര്‍ശനങ്ങള്‍ ഉയരുന്നത്.

മെല്‍ബണിലെ ഡോക്ക്‌ലാന്‍ഡിലെ ഹോഫ് ഡൗണ്‍ടൗണ്‍ എന്ന പേരിലുള്ള തിരക്കേറിയ പബ്ബിലാണ് നാസി അനുകൂലികള്‍ ഒത്തു ചേര്‍ന്ന് ജര്‍മ്മന്‍ സേച്ഛ്വാധിപതി ഹിറ്റ്‌ലറുടെ 133-ാം ജന്മദിനം ആഘോഷിച്ചത്. ഒരു മേശക്കിരുവശവും ഒത്തുകൂടിയ സംഘം അഡോള്‍ഫ് ഹിറ്റ്‌ലറുടെ ചിത്രത്തോടൊപ്പം നാസി ചിഹ്നമായ സ്വസ്തിക പതിപ്പിച്ച കേക്ക് മുറിച്ച് ഹിറ്റ്‌ലര്‍ക്ക് ജന്മദിനാശംസ നേര്‍ന്നു. തുടര്‍ന്ന് നാസി സല്യൂട്ട് ചെയ്യുന്നതിന്റെയും ഫോട്ടോകളും വീഡിയോയുമാണ് ഇപ്പോള്‍ വാര്‍ത്താമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

ഇത്തരമൊരു പരിപാടിയാണ് നടക്കുന്നതെന്ന് യാതൊരു സൂചനകളും തങ്ങള്‍ക്കുണ്ടായിരുന്നില്ലെന്ന് പബ്ബിന്റെ മാനേജിംഗ് ഡയറക്ടര്‍ മാര്‍സെല്‍ മൂഡ്‌ലി പറഞ്ഞു. സാധാരണ ജന്മദിനാഘോഷം എന്ന പേരിലാണ് ഇവര്‍ പബ്ബിലെ ചെയര്‍ ബുക്ക് ചെയ്തത്. ആഘോഷങ്ങള്‍ക്ക് പബ്ബില്‍ സൗകര്യം ചെയ്യുന്നത് പതിവായതിനാല്‍ ഇവര്‍ക്കും കസേരകള്‍ അനുവദിച്ചു.

ആഘോഷങ്ങള്‍ ആരംഭിച്ചപ്പോഴാണ് ഹിറ്റലറുടെ ജന്മദിനാഘോഷ ചടങ്ങ് ആയിരുന്നെന്നും ഇവര്‍ നാസി അനുകൂലികളാണെന്നും ബോധ്യപ്പെട്ടത്. ഉടനെ പോലീസിനെ വിളിച്ചു. പോലീസ് എത്തുന്നതിന് മുന്‍പേ ഇവര്‍ ആഘോഷം മതിയാക്കി ബില്‍ അടച്ച് മടങ്ങി.

''ഞങ്ങള്‍ ഏതെങ്കിലും തരത്തിലുള്ള വംശീയതയെ പിന്തുണയ്ക്കുന്നില്ല. വര്‍ഗീയതയും നാസിസവും ഞങ്ങള്‍ എതിര്‍ക്കുന്നു. ഇവരുടെ പ്രവര്‍ത്തി ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ അതിനു സൗകര്യമൊരുക്കിയ കാരണക്കാര്‍ എന്ന നിലയില്‍ ഞങ്ങള്‍ ക്ഷമ ചോദിക്കുന്നു.'' മൂഡ്‌ലി സമൂഹമാധ്യമത്തില്‍ കുറിച്ച പോസ്റ്റില്‍ പറയുന്നു.


രാഷ്ട്രീയ സാമൂഹ്യ മേഖലകളില്‍ നിന്ന് ഒട്ടേറെ പേരാണ് ഇതിനെ വിമര്‍ശിച്ച് രംഗത്ത് എത്തിയത്. അപമാനകരമായ ജന്മദിനാഘോഷമാണ് രാജ്യത്ത് നടന്നതെന്ന് ആന്റി ഡിഫമേഷന്‍ കമ്മീഷന്‍ ചെയര്‍മാന്‍ ഡ്വിര്‍ അബ്രമോവിച്ച് വിമര്‍ശിച്ചു. 1930 കളില്‍ നാസി ജര്‍മ്മനിയിലെ ഒരു മദ്യശാലയില്‍ നിന്ന് എടുത്ത ചിത്രമായി ഈ ചിത്രങ്ങള്‍ കാണുമ്പോള്‍ സാമ്യം തോന്നിപ്പോകുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഇത്തരം ദേശീയ തീവ്രവാദികള്‍ നമുക്കിടെയിലുണ്ട് എന്നതിന്റെ തെളിവാണിത്. അവരുടെ ലക്ഷ്യത്തിലേക്ക് നമ്മുടെ ചെറുപ്പക്കാരെ അകര്‍ഷിച്ച് റിക്രൂട്ട് ചെയ്യാന്‍ ശ്രമിക്കുമെന്നും അത് രാജ്യത്തിനും സ്വര്യജീവിതത്തിനും വലിയ ഭീഷണിയാണെന്നും അദ്ദേഹം പറഞ്ഞു.

20 ലധികം പുരുഷന്മാരും സ്ത്രീകളും അടങ്ങുന്ന സംഘമാണ് കേക്ക് മുറിച്ചും നാസി സല്യൂട്ട് ചെയ്തും ഫോട്ടോയ്ക്കു പോസ് ചെയ്തും ആഘോഷത്തില്‍ പങ്കു ചേര്‍ന്നത്. വ്യാജ പേരിലാണ് ഇവര്‍ പബ്ബ് ബുക്ക് ചെയ്തത്. ടോം സെവെല്‍ എന്ന വ്യക്തിയാണ് സംഘത്തിലെ നോതാവ്. ഇയാളുടേത് ഒഴികെയുള്ളവരുടെ മുഖം മങ്ങിയ നിലയിലാണ് ഫോട്ടോകള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.