ന്യൂഡല്‍ഹി: ലോകത്ത് ഇതുവരെ ഒന്നരക്കോടിയോളം പേര്‍ കോവിഡ് ബാധിച്ച് മരിച്ചുവെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട്. നിലവില്‍ രേഖപ്പെടുത്തിയതിന്റെ മൂന്നിരട്ടിയോളം മരണങ്ങള്‍ നടന്നതായാണ് ലോകാരോഗ്യ സംഘടന പുറത്തുവിട്ട കണക്കുകളില്‍ പറയുന്നത്.
ഇന്ത്യയില്‍ കോവിഡ് ബാധിച്ച് 47 ലക്ഷം പേര്‍ മരിച്ചെന്നാണ് സംഘടന വ്യക്തമാക്കുന്നത്. വിവിധ രാജ്യങ്ങള്‍ പുറത്തുവിട്ട കണക്കു പ്രകാരം 54 ലക്ഷം പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്. ഇക്കാര്യം തളളിയാണ് ലോകാരോഗ്യ സംഘടന പുതിയ കണക്ക് പുറത്തുവിട്ടത്. ഈ കണക്ക് പ്രകാരം 47 ലക്ഷം പേരാണ് ഇന്ത്യയില്‍ മാത്രം മരിച്ചത്. സര്‍ക്കാര്‍ കണക്കിനേക്കാള്‍ ഒന്‍പത് മടങ്ങ് അധികമാണ് ഇത്. ലോകത്തെ കോവിഡ് മരണങ്ങളുടെ മൂന്നിലൊന്ന് ഭാഗത്തോളം ഇന്ത്യയിലാണെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.
രേഖപ്പെടുത്തിയതിന്റെ 11 ഇരട്ടി മരണമാണ് ലോകാരോഗ്യ സംഘടനയുടെ ഡേറ്റകള്‍ പ്രകാരം ഈജിപ്തിലുള്ളത്. അമേരിക്കയും റഷ്യയും അടക്കമുള്ള രാജ്യങ്ങളിലും യഥാര്‍ത്ഥ മരണം രേഖപ്പെടുത്തപ്പെട്ടില്ലെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. അന്താരാഷ്ട്ര വിദഗ്ധ സംഘമാണ് ലോകാരോഗ്യ സംഘടനയ്ക്കായി ഈ കണക്ക് തയ്യാറാക്കിയത്.
2020 ജനുവരി മുതല്‍ 2021 ഡിസംബര്‍ വരെയുള്ള മരണങ്ങളെയാണ് കണക്കുകൂട്ടലിനായി ആശ്രയിച്ചത്. അതേസമയം കോവിഡ് കാലത്തെ ആകെ മരണങ്ങളെ അതിന് മുന്‍പുള്ള കാലത്തെ മരണനിരക്കുമായി താരതമ്യം ചെയ്ത് മരണ നിരക്ക് കണക്കാക്കുന്ന ലോകാരോഗ്യ സംഘടനയുടെ രീതിയുടെ ശാസ്ത്രീയതയെ ഇന്ത്യ ചോദ്യം ചെയ്തിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.