'തിരുവിതാംകൂര്‍ ഝാന്‍സി റാണി'യുടെ ഓര്‍മയ്ക്ക് 40 വയസ്

'തിരുവിതാംകൂര്‍ ഝാന്‍സി റാണി'യുടെ ഓര്‍മയ്ക്ക് 40 വയസ്

അക്കമ്മ ചെറിയാന്‍ ഓര്‍മയായിട്ട് 40 വര്‍ഷം. തിരുവിതാംകൂറിന്റെ 'ഝാന്‍സി റാണി' എന്ന് മഹാത്മാഗാന്ധി വിശേഷിപ്പിച്ച ധീരവനിത. കേരളത്തിലെ സ്ത്രീ മുന്നേറ്റ ചരിത്രത്തിലേയും രാഷ്ട്രീയ ചരിത്രത്തിലേയും ഉജ്ജ്വല വ്യക്തിത്വം. സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ കേരളത്തിന്റെ സംഭാവന. ഇങ്ങനെ നിരവധി വിശേഷണങ്ങള്‍ ഒത്തിണങ്ങിയ ഒരേയൊരു വ്യക്തിത്വം.

തിരുവിതാംകൂര്‍ ദിവാന്‍ സി.പി രാമസ്വാമി അയ്യരുടെ ഭരണത്തിനെതിരെ തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ശക്തമായ സമരം നടക്കുന്ന കാലത്താണ് അക്കമ്മ ചെറിയാന്‍ പാര്‍ട്ടിയുടെ നേതൃനിരയില്‍ എത്തുന്നത്. തിരുവിതാംകൂറില്‍ തടവില്‍ പാര്‍പ്പിച്ചിരിക്കുന്ന രാഷ്ട്രീയ നേതാക്കളെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട് അക്കമ്മ ചെറിയാന്റെ നേതൃത്വത്തില്‍ 1938 ഒക്ടോബര്‍ 23ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തിരുവനന്തപുരത്ത് സമരം നടത്തി.

അന്നത്തെ പട്ടാള മേധാവിയായിരുന്ന വാട്കീസ് നിറയൊഴിക്കുമെന്നു ഭീഷണി മുഴക്കിയപ്പോള്‍ 'എങ്കില്‍ ആദ്യ വെടിയുണ്ട എന്റെ നേര്‍ക്ക് ആകട്ടെ' എന്നു പറഞ്ഞ് അക്കമ്മ ധൈര്യത്തോടെ നിലകൊണ്ടു. അസാമാന്യമായ ഈ ധീരതയ്ക്കു മുന്നില്‍ വാട്കീസ് ആദരവോടെ തല കുനിച്ചു. തുടര്‍ന്നു രാഷ്ട്രീയത്തടവുകാരെയെല്ലാം വിട്ടയയ്ക്കുകയായിരുന്നു.
കാഞ്ഞിരപ്പള്ളി കരിപ്പാപ്പറമ്പില്‍ തൊമ്മന്‍ ചെറിയാന്റെയും വെട്ടിക്കാട് അന്നമ്മയുടെയും മകളായി 1909 ഫെബ്രുവരി 15ന് ജനിച്ച അക്കമ്മ തിരുവിതാംകൂര്‍, തിരുക്കൊച്ചി നിയമസഭകളില്‍ അംഗമായിരുന്നു.

കാഞ്ഞിരപ്പള്ളി ഗവണ്മെന്റ് ഗേള്‍സ് ഹൈസ്‌കൂള്‍, ചങ്ങനാശേരി സെന്റ്. ജോസഫ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ പ്രാഥമിക വിദ്യാഭ്യാസം നേടി. തുടര്‍ന്ന് എറണാകുളം സെന്റ്. തെരേസാസ് കോളേജില്‍ നിന്ന് ചരിത്രത്തില്‍ ബിരുദം എടുത്തു. വിദ്യാഭ്യാസത്തിനു ശേഷം കാഞ്ഞിരപ്പിള്ളി സെന്റ് മേരീസ് ഇംഗ്ലീഷ് മിഡില്‍ സ്‌കൂളില്‍ ജോലിയ്ക്ക് പ്രവേശിച്ചു. പിന്നീട് അവിടത്തെ പ്രധാന ആധ്യാപകയായി.

ആറുവര്‍ഷം അവിടെ ജോലി ചെയ്യുന്നതിനിടയില്‍ തിരുവനന്തപുരം ട്രെയിനിങ്ങ് കോളേജില്‍ നിന്ന് എല്‍.ടി ബിരുദവും നേടി. കാഞ്ഞിരപ്പളി സെയിന്റ് മേരീസ് സ്‌കൂളില്‍ പ്രധാന അധ്യാപികയായി ജോലി നോക്കിയിരുന്നെങ്കിലും 1938ല്‍ അത് രാജിവച്ചു.

1952ല്‍ എം.എല്‍.എ ആയിരുന്ന വി.വി വര്‍ക്കിയെ വിവാഹം ചെയ്യുകയും അക്കാമ്മ വര്‍ക്കി എന്ന പേര്‍ സ്വീകരിയ്ക്കുകയും ചെയ്തു. ആദ്യ കേരള നിയമസഭയിലെ അംഗമായ റോസമ്മ പുന്നൂസ് സഹോദരിയാണ്.

തിരുവിതാംകൂറില്‍ ദേശസേവികാ സംഘം രൂപവല്‍ക്കരിച്ചത് അക്കാമ്മയാണ്. പിന്നീട് രാഷ്ട്രീയത്തില്‍ നിന്ന് വിട്ടു നിന്ന അക്കാമ്മ 1967ല്‍ വീണ്ടും കോണ്‍ഗ്രസിലെത്തി. കാഞ്ഞിരപ്പള്ളി മണ്ഡലത്തില്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. അക്കാമ്മ പ്രധാന അധ്യാപികയായിരുന്ന കാലത്താണ് തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ് രൂപവല്‍ക്കരിക്കപ്പെടുന്നതും ഉത്തരവാദിത്ത ഭരണം ആവശ്യപ്പെട്ട് പ്രക്ഷോഭം ആരംഭിക്കുന്നതും. അക്കാമ്മ തുടക്കം മുതല്‍ക്കേ സ്റ്റേറ്റ് കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങളെ ഇഷ്ടപ്പെട്ടിരുന്നു. എന്നാല്‍ ഇവരുടെ പ്രവര്‍ത്തനങ്ങളെ അടിച്ചമര്‍ത്താനായിരുന്നു അന്നത്തെ ദിവാന്‍ സി.പി രാമസ്വാമി അയ്യര്‍ ശ്രമിച്ചിരുന്നത്.

1938 ഓഗസ്റ്റ് 26ന് സ്റ്റേറ്റ് കോണ്‍ഗ്രസ് പ്രത്യക്ഷ സമരം ആരംഭിച്ചു. എന്നാല്‍ ഇതോടെ സ്റ്റേറ്റ് കോണ്‍ഗ്രസ് പ്രവര്‍ത്തനരീതി മാറ്റി. സമര തന്ത്രത്തിന്റെ ഭാഗമെന്ന നിലയില്‍ പ്രവര്‍ത്തക സമിതി പിരിച്ചു വിട്ടു.

പ്രസിഡന്റിന് സര്‍വ്വാധികാരവും നല്‍കി നിയമ ലംഘന സമരം തുടങ്ങാന്‍ അവര്‍ തീരുമാനിച്ചു. 1938 ഓഗസ്റ്റ് 26ന് കോണ്‍ഗ്രസ് പ്രസിഡന്റ് പട്ടം താണുപിള്ള അറസ്റ്റ് ചെയ്യപ്പെട്ടു. രാമസ്വാമി അയ്യര്‍ സ്റ്റേറ്റ് കോണ്‍ഗ്രസിനേയും യുവജന സംഘടനയായ യൂത്ത് ലീഗിനേയും നിയമ വിരുദ്ധമായി പ്രഖ്യാപിച്ചു. സ്റ്റേറ്റ് കോണ്‍ഗ്രസിന്റെ 11 ഡിക്ടേറ്റര്‍മാരെ തുറങ്കിലടച്ചു. 12ാമത് ഡിക്ടേറ്ററായാണ് കാഞ്ഞിരപ്പള്ളി ഹൈസ്‌കൂള്‍ പ്രഥമാധ്യാപികയായ അക്കാമ്മ എത്തുന്നത്.

മഹാരാജാവിന്റെ ആട്ടപ്പിറന്നാള്‍ ദിവസം അക്കാമ്മയുടെ നേതൃത്വത്തില്‍ ആയിരക്കണക്കിന് കോണ്‍ഗ്രസ് വൊളന്റിയര്‍മാര്‍ രാജകൊട്ടാരത്തിലേക്ക് മാര്‍ച്ച് ചെയ്തു. മാര്‍ച്ച് കൊട്ടാരത്തിനടുത്തുവരെയെത്തി. പട്ടാളം വെടിയുതിര്‍ക്കാന്‍ ഒരുങ്ങവെ അതിനെ വെല്ലുവിളിച്ച് അക്കാമ്മ പ്രഖ്യാപിച്ചു- 'ഞാനാണ് നേതാവ്.എനിക്കുനേരെ ആദ്യം വെടിയുതിര്‍ക്കൂ'.
അക്കാമ്മയ്ക്കൊപ്പം ആ സമരത്തില്‍ മുന്നണിയിലുണ്ടായിരുന്ന മറ്റൊരാള്‍ അവരുടെ ഇളയസഹോദരി റോസമ്മയായിരുന്നു. കൊട്ടാരത്തിലേക്ക് മാര്‍ച്ച് നടത്തിയ അക്കാമ്മയെയും റോസമ്മയെയും 1939 ഡിസംബര്‍ 24ന് അറസ്റ്റു ചെയ്ത് ജയിലിലടച്ചു. വെറും 29 വയസ് മാത്രം പ്രായമുള്ള അക്കാമയുടെ ധീരത കേട്ടറിഞ്ഞ ഗാന്ധിജി അവരെ 'തിരുവിതാംകൂറിന്റെ ഝാന്‍സി റാണി' എന്ന് വിശേഷിപ്പിച്ചു.

സ്വാതന്ത്ര്യ സമരകാലത്തെ നിരന്തരമായ പോരാട്ടങ്ങളും ജയില്‍ വാസവും അക്കമ്മയുടെ ആരോഗ്യത്തെയും ബാധിച്ചു. 1982 മെയ് അഞ്ചിന് ആ ധീര വനിത വിടവാങ്ങി. തിരുവിതാംകൂറിന്റെ ഝാന്‍സി റാണി എന്നറിയപ്പെട്ടിരുന്ന അക്കാമ്മ ചെറിയാന്റെ ചരമവാര്‍ഷിക ദിനമായിരുന്നു മെയ് അഞ്ച്. കേരളത്തിലെ സ്ത്രീ മുന്നേറ്റ ചരിത്രത്തിന്റെയും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.