പാതയോരങ്ങളിലെ അനധികൃത കൊടിമരങ്ങള്‍; നീക്കം ചെയ്യുന്നതിനുള്ള മാര്‍ഗ നിര്‍ദേശം പുറത്തിറക്കി

പാതയോരങ്ങളിലെ അനധികൃത കൊടിമരങ്ങള്‍; നീക്കം ചെയ്യുന്നതിനുള്ള  മാര്‍ഗ നിര്‍ദേശം പുറത്തിറക്കി

തിരുവനന്തപുരം: പാതയോരങ്ങളില്‍ അനധികൃതമായി സ്ഥാപിച്ചിട്ടുള്ള കൊടിമരങ്ങളും തോരണങ്ങളും നീക്കം ചെയ്യുന്നതിനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ അടിയന്തിരമായി പ്രാബല്യത്തില്‍ വരുത്താനുള്ള ഉത്തരവ് പുറത്തിറക്കിയെന്ന് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. ഹൈക്കോടതി വിധിക്ക് പിന്നാലെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തിലാണ് പൊതു മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് സ്വകാര്യ മതിലുകളിലും കോമ്പൗണ്ടുകളിലും ഉടമസ്ഥന്റെ അനുവാദത്തോടെ കൊടിമരങ്ങളും തോരണങ്ങളും ഗതാഗതത്തെ ബാധിക്കാത്ത രീതിയില്‍ സ്ഥാപിക്കാന്‍ അനുമതി നല്‍കാം. സമ്മേളനങ്ങള്‍, ഉത്സവങ്ങള്‍ എന്നിവയോട് അനുബന്ധിച്ച് പാതയോരങ്ങളില്‍ മാര്‍ഗ തടസം ഉണ്ടാക്കാതെ ഒരു നിശ്ചിത സമയപരിധി തീരുമാനിച്ച് കൊടിമരങ്ങളും തോരണങ്ങളും സ്ഥാപിക്കാന്‍ അനുമതി നല്‍കാം.

കൂടാതെ പൊതു ഇടങ്ങളില്‍ ഗതാഗതത്തിനും കാല്‍നടയ്ക്കും തടസമുണ്ടാക്കുന്ന രീതിയില്‍ കൊടിമരങ്ങളും തോരണങ്ങളും പരസ്യങ്ങളും പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ല. ഗതാഗതത്തിനും കാല്‍നടയ്ക്കും തടസമുണ്ടാക്കുന്ന രീതിയില്‍ കൊടിമരങ്ങളും തോരണങ്ങളും പരസ്യങ്ങളും പ്രദര്‍ശിപ്പിച്ചിട്ടുണ്ടെങ്കില്‍, തദ്ദേശ സ്വയം ഭരണ സെക്രട്ടറിമാര്‍ അടിയന്തിരമായി അവ നീക്കം ചെയ്യാന്‍ നടപടി സ്വീകരിക്കണമെന്നും മന്ത്രി പറഞ്ഞു.

അതോടൊപ്പം കൊടിമരങ്ങളും തോരണങ്ങളും സ്ഥാപിക്കാന്‍ തദ്ദേശ സ്വയം ഭരണ സ്ഥാപന സെക്രട്ടറിമാരില്‍ നിന്ന് മുന്‍കൂട്ടി അനുവാദം വാങ്ങണം. കൊടിമരങ്ങളും തോരണങ്ങളും പരസ്യങ്ങളും സ്ഥാപിക്കുന്നതും നീക്കം ചെയ്യുന്നതും രാഷ്ട്രീയ-സാമുദായിക സ്പര്‍ദ്ധയ്ക്ക് വഴിവെക്കാതിരിക്കാനുള്ള മുന്‍കരുതല്‍ സ്വീകരിക്കണം. കൊടിമരങ്ങളും തോരണങ്ങളും പരസ്യങ്ങളും സ്ഥാപിക്കുന്നതും നീക്കം ചെയ്യുന്നതും സംബന്ധിച്ച് തര്‍ക്കങ്ങളുണ്ടായാല്‍, പ്രശ്‌നം പരിഹരിക്കാന്‍ ജില്ലാ കളക്ടറുടെയും ജില്ലാ പൊലീസ് മേധാവിയുടെയും സേവനം തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിലെ സെക്രട്ടറിമാര്‍ തേടണം.

കൂടാതെ ജില്ലാ കളക്ടര്‍മാരും പൊലീസ് മേധാവിമാരും എല്ലാ സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കാനുള്ള നടപടി സ്വീകരിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.