നാടന്‍ പശുക്കളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ കൃത്രിമ ബീജസങ്കലനം; നിലപാട് തേടി സുപ്രീം കോടതി

നാടന്‍ പശുക്കളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ കൃത്രിമ ബീജസങ്കലനം; നിലപാട് തേടി സുപ്രീം കോടതി

ന്യൂഡല്‍ഹി: രാജ്യത്ത് നാടന്‍ ഇനത്തില്‍ പെട്ട പശുക്കളുടെ എണ്ണം കുറയുന്നത് തടയാന്‍ കൃത്രിമ ബീജസങ്കലനം നടത്തണമെന്ന ആവശ്യത്തില്‍ സുപ്രീം കോടതി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നിലപാട് തേടി. ചീഫ് ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ ബെഞ്ചാണ് നിലപാട് ആരാഞ്ഞത്.

ഇരുപതാമത് കന്നുകാലി സെന്‍സസ് പ്രകാരം രാജ്യത്തെ ആകെ കന്നുകാലികളുടെ എണ്ണം 19,34,62,871 ആണ്. ഇതില്‍ 14,21,06,466 നാടന്‍ വിഭാഗത്തില്‍ പെട്ടതും, 5,13,56,405 എണ്ണം വിദേശ ബ്രീഡുകളോ, ക്രോസ് ബ്രീഡുകളോ ആണ്. 2019ലെ കണക്കുകളാണിത്.

2012ലെ കന്നുകാലി സെന്‍സസിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ നാടന്‍ വിഭാഗത്തില്‍ പെട്ട കന്നുകാലികളുടെ എണ്ണത്തില്‍ ആറ് ശതമാനം കുറവാണ് രേഖപെടുത്തിയിരിക്കുന്നത്. എന്നാല്‍ വിദേശ, ക്രോസ് ബ്രീഡുകളുടെ എണ്ണത്തില്‍ ഇരുപത്തി ഒമ്പത് ശതമാനത്തില്‍ അധികം വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. പാല്‍ ഉല്‍പാദനം കൂട്ടുക എന്ന ലക്ഷ്യത്തോടെ വിദേശ, ക്രോസ് ബ്രീഡുകളെ പ്രോത്സാഹിപ്പിക്കുകയാണെന്ന് സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ ആന്ധ്ര സ്വദേശിയായ ദിവ്യ റെഡ്ഡി ആരോപിക്കുന്നു.

എന്നാല്‍ നാടന്‍ വിഭാഗത്തിന് പല ഗുണങ്ങളും ഉണ്ട്. അതിനാല്‍ നാടന്‍ പശു വിഭാഗത്തിന്റെ എണ്ണം വര്‍ധിപ്പിക്കുന്നതിനായി കൃത്രിമ ബീജസങ്കലനം അനുവദിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. നാടന്‍ പശു വിഭാഗങ്ങളുടെ ഗുണ ഗണങ്ങള്‍ കര്‍ഷകരെ ബോധ്യപെടുത്തുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശിക്കണമെന്നും ഹര്‍ജിയില്‍ പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.