മീന്‍ കച്ചവടത്തിന്റെ പേരില്‍ 43 ലക്ഷം തട്ടി: ധര്‍മ്മജന്‍ ബോള്‍ഗാട്ടിക്കെതിരെ കേസ്

മീന്‍ കച്ചവടത്തിന്റെ പേരില്‍ 43 ലക്ഷം തട്ടി: ധര്‍മ്മജന്‍ ബോള്‍ഗാട്ടിക്കെതിരെ കേസ്

കൊച്ചി: സാമ്പത്തിക വഞ്ചന നടത്തിയെന്ന പരാതിയില്‍ നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിക്കെതിരെ കേസ്. ധര്‍മ്മജന്‍ അടക്കം 11 പേര്‍ക്കെതിരെയാണ് കൊച്ചി സെന്‍ട്രല്‍ പൊലീസ് കേസെടുത്തത്. ധര്‍മ്മജന്റെ ഉടമസ്ഥതയിലുള്ള ധര്‍മ്മൂസ് ഫിഷ് ഹബ്ബിന്റെ ഫ്രാഞ്ചൈസി നല്‍കാമെന്ന് പറഞ്ഞ് 43 ലക്ഷം രൂപ വാങ്ങി പറ്റിച്ചു എന്നാണ് പരാതി.

ആസിഫ് അലിയാര്‍ എന്ന കോതമംഗലം സ്വദേശിയാണ് നടനെതിരെ പരാതിയുമായി കോടതിയെ സമീപിച്ചത്. ധര്‍മ്മൂസ് ഫിഷ് ഹബ്ബിന്റെ കോതമംഗലത്തെ ഫ്രാഞ്ചൈസി നല്‍കാമെന്ന് പറഞ്ഞ് ധര്‍മ്മജനും മറ്റു പ്രതികളും പലപ്പോഴായി 43 ലക്ഷം രൂപയാണ് ആസിഫില്‍ നിന്ന് വാങ്ങിയത്.

തുടര്‍ന്ന് 2019 നവംബര്‍ 16 ന് പരാതിക്കാരന്‍ ധര്‍മ്മൂസ് ഫിഷ് ഹബ്ബ് ആരംഭിക്കുകയായിരുന്നു. കരാര്‍ പ്രകാരം വില്‍പ്പനയ്ക്കുള്ള മത്സ്യം എത്തിച്ചു നല്‍കേണ്ടതായിരുന്നു. എന്നാല്‍ 2020 മാര്‍ച്ച് മാസത്തോടെ മത്സ്യം വരാതെയായെന്നും മീന്‍ കട അടച്ചുപൂട്ടേണ്ടതായി വന്നെന്നുമാണ് പരാതിക്കാരന്‍ പറയുന്നത്.

തന്റെ കൈയില്‍ നിന്ന് വാങ്ങിയ പണം തിരിച്ചു തന്നില്ലെന്നും വിശ്വാസ വഞ്ചനയാണ് കാണിച്ചതെന്നും പറഞ്ഞ് ആസിഫ് കോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് പരാതിയില്‍ കേസെടുക്കാന്‍ കോടതി കൊച്ചി സെന്‍ട്രല്‍ പൊലീസിനോട് നിര്‍ദേശിച്ചു.

ധര്‍മ്മജനെ ഒന്നാം പ്രതിയാക്കിയാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഐപിസി 406, 402, 36 എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. അന്വേഷണം ആരംഭിച്ചിട്ടുള്ളൂവെന്നും ധര്‍മ്മജന്‍ അടക്കമുള്ള പ്രതികളെ ചോദ്യം ചെയ്യുമെന്നും പൊലീസ് പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.