വാഷിങ്ടണ്‍: അമേരിക്കയുടെ ചരിത്രത്തിലാദ്യമായി കറുത്തവര്‍ഗക്കാരിയെ ഭരണസിരാകേന്ദ്രമായ വൈറ്റ്ഹൗസിന്റെ പ്രസ് സെക്രട്ടറിയായി നിയമിച്ചു. വൈറ്റ്ഹൗസിന്റെ പ്രിന്‍സിപ്പല്‍ ഡെപ്യൂട്ടി പ്രസ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചു വരികയായിരുന്ന കരീന്‍ ജീന്‍ പിയറി (44) ന്റെ നിയമനമാണ് പ്രസിഡന്റ് ജോ ബൈഡന്‍ അംഗീകരിച്ചത്.
വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയായി സേവനമനുഷ്ഠിക്കുന്ന ആദ്യത്തെ കറുത്ത വര്‍ഗക്കാരിയും എല്‍.ജി.ബി.ടി.ക്യു പ്ലസ് വ്യക്തിയുമാണ് കരീന്‍. പ്രസ് സെക്രട്ടറിയായിരുന്ന ജെന്‍ സാക്കിക് പകരക്കാരിയായാണ് കരീനെത്തുന്നത്.
കരീനെ പ്രസ് സെക്രട്ടറിയായി നിയമിക്കുന്നതില്‍ അഭിമാനമുണ്ടെന്നും അവരുടെ അനുഭവപരിചയം, കഴിവ്, സമഗ്രത എന്നിവയെ പ്രശംസിക്കുന്നതായും ജോ ബൈഡന്‍ അഭിപ്രായപ്പെട്ടു. പ്രസ് സെക്രട്ടറിയായുള്ള കരീന്റെ പ്രാതിനിധ്യം പ്രധാനമാണെന്നും അവള്‍ക്ക് പലരുടെയും ശബ്ദമായി മാറാന്‍ കഴിയുമെന്നും മുന്‍ പ്രസ് സെക്രട്ടറി ജെന്‍ സാക്കി പറഞ്ഞു.
ഫ്രഞ്ച് കരീബിയന്‍ ദ്വീപായ മാര്‍ടിനിക്വില്ലില്‍ ജനിച്ച കരീന്‍, ഒബാമയുടെ കാലത്ത് വൈറ്റ് ഹൗസില്‍ സുപ്രധാന ചുമതലകള്‍ വഹിച്ചിരുന്നു. വൈസ് പ്രസിഡന്റ് നോമിനിയായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം കമലാ ഹാരിസിന്റെ ചീഫ് ഓഫ് സ്റ്റാഫായി സേവനമനുഷ്ഠിച്ചു. 2016 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ലിബറല്‍ അഭിഭാഷക ഗ്രൂപ്പായ മൂവ് ഓണിന്റെ ദേശീയ വക്താവായിരുന്നു കരീന്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.