കട ബാധ്യത ഒഴിവാക്കാന്‍ സ്വന്തം വീട് നറുക്കെടുപ്പിലൂടെ വില്‍ക്കാനിറങ്ങിയ ദമ്പതികള്‍ക്കെതിരെ ലോട്ടറി വകുപ്പ്; കൂപ്പണ്‍ വില്‍പ്പന തടഞ്ഞു

കട ബാധ്യത ഒഴിവാക്കാന്‍ സ്വന്തം വീട് നറുക്കെടുപ്പിലൂടെ വില്‍ക്കാനിറങ്ങിയ ദമ്പതികള്‍ക്കെതിരെ ലോട്ടറി വകുപ്പ്; കൂപ്പണ്‍ വില്‍പ്പന തടഞ്ഞു

തിരുവനന്തപുരം: കട ബാധ്യത ഒഴിവാക്കാന്‍ സ്വന്തം വീട് നറുക്കെടുപ്പിലൂടെ വില്‍ക്കാന്‍ തീരുമാനിച്ച കുടുംബത്തിനെതിരെ ലോട്ടറി വകുപ്പ്. വീട് നറുക്കെടുപ്പിലൂടെ വില്‍ക്കുന്നത് നിയമപരമായി ശരിയല്ലെന്നും ഇത് തടയണമെന്നും ലോട്ടറി വകുപ്പ് ജോയിന്റ് ഡയറക്ടര്‍ വട്ടിയൂര്‍ക്കാവ് പൊലീസിന് നിര്‍ദേശം നല്‍കി.

വ്യക്തികള്‍ക്ക് പണം വാങ്ങി കൂപ്പണോ ലോട്ടറിയോ നടത്താനാകില്ലെന്നും സംഭവത്തില്‍ എസ്പിയ്ക്ക് പരാതി നല്‍കുമെന്നും ലോട്ടറി വകുപ്പ് അറിയിച്ചു. ജോയിന്റ് ഡയറക്ടറുടെ നിര്‍ദേശ പ്രകാരം വീട്ടിലെത്തി വട്ടിയൂര്‍ക്കാവ് പൊലീസ് വിവരങ്ങള്‍ ശേഖരിച്ചു. വീട്ടുടമസ്ഥരായ അജോ-അന്ന ദമ്പതികള്‍ കൂപ്പണ്‍ വില്‍പ്പന തല്‍ക്കാലത്തേയ്ക്ക് നിര്‍ത്തി വച്ചിരിക്കുകയാണ്.

കേരള ബാങ്ക് ജഗതി ശാഖയില്‍ നിന്ന് വീടു വാങ്ങാനെടുത്ത വായ്പ അടയ്ക്കുന്നത് മുടങ്ങിയതോടെയാണ് കുടുംബം പ്രതിസന്ധിയിലായത്. വായ്പ അടയ്ക്കേണ്ട സമയം നീട്ടിക്കിട്ടാന്‍ മന്ത്രിയടക്കമുള്ളവരെ കണ്ടെങ്കിലും ബാങ്ക് ജീവനക്കാരില്‍ നിന്നുള്ള കടുത്ത സമ്മര്‍ദം മൂലമാണ് വീട് വിറ്റ് കടം തീര്‍ക്കാന്‍ തീരുമാനിച്ചത്.

അത്യാവശ്യക്കാരെന്ന് കണ്ടതോടെ വിപണിവിലയും കുറച്ച് വാങ്ങാനാണ് പലരും ശ്രമിച്ചത്. ഇതിനൊരു പരിഹാരമെന്ന നിലയില്‍ മൂന്നാംമൂട് ക്രിസ്തുരാജപുരം ദേവാലയത്തിലെ വികാരി അടക്കമുള്ളവരുടെ സഹായത്തോടെ നറുക്കെടുപ്പ് നടത്താന്‍ കുടുംബം തീരുമാനിക്കുകയായിരുന്നു.

അക്കൗണ്ടന്റായിരുന്ന അജോയ്ക്ക് അപകടത്തില്‍ കാഴ്ച നഷ്ടപ്പെട്ടതോടെ ജോലി നഷ്ടമായി. എന്‍ജിനീയറായിരുന്ന അന്നയ്ക്കും കോവിഡ് സാഹചര്യത്തില്‍ ജോലി നഷ്ടമായിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.