മാതൃദിനത്തില്‍ വിശുദ്ധ കുര്‍ബാന തടസപ്പെടുത്തി: പ്രോ ലൈഫ് ആസ്ഥാനം തീയിട്ടു നശിപ്പിച്ചു; അമേരിക്കയില്‍ ഗര്‍ഭച്ഛിദ്ര അനുകൂലികളുടെ അഴിഞ്ഞാട്ടം

മാതൃദിനത്തില്‍ വിശുദ്ധ കുര്‍ബാന തടസപ്പെടുത്തി: പ്രോ ലൈഫ് ആസ്ഥാനം തീയിട്ടു നശിപ്പിച്ചു; അമേരിക്കയില്‍ ഗര്‍ഭച്ഛിദ്ര അനുകൂലികളുടെ അഴിഞ്ഞാട്ടം

ലോസ് ഏഞ്ചല്‍സ്: അമേരിക്കയൊട്ടാകെ ഗര്‍ഭച്ഛിദ്ര നിരോധന നിയമം കൊണ്ടുവന്നേക്കുമെന്ന സൂചനകള്‍ പുറത്തുവന്നതോടെ കത്തോലിക്ക പള്ളികളിലും സ്ഥാപനങ്ങളിലും ഗര്‍ഭച്ഛിദ്ര അനുകൂലികളുടെ വ്യാപക ആക്രമണം. ഞായറാഴ്ച്ച മാതൃദിനാചരണത്തിന്റെ ഭാഗമായി നടന്ന വിശുദ്ധ കുര്‍ബാന അലങ്കോലപ്പെടുത്തിയ സംഘം മാഡിസണിലുള്ള പ്രോ-ലൈഫ് ഓര്‍ഗനൈസേഷന്റെ ആസ്ഥാനമന്ദിരം തീയിട്ടു നശിപ്പിച്ചു. രാജ്യത്തിന്റെ പലയിടങ്ങളിലും ആക്രമണം അഴിച്ചുവിടുന്നതിനൊപ്പം ഗര്‍ഭച്ഛിദ്രത്തിനെതിരെ നിലപാട് സ്വീകരിച്ച സൂപ്രീംകോടതി ജഡ്ജിമാരെ ലക്ഷ്യമിട്ട് പ്രതിഷേധം വ്യാപിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇവര്‍.

ലോസ് ഏഞ്ചല്‍സ് അതിരൂപതയുടെ മാതൃ പള്ളിയായ ഔവര്‍ ലേഡി ഓഫ് ദ ഏഞ്ചല്‍സ് കത്തീഡ്രല്‍ പള്ളിയിലാണ് ഞായറാഴ്ച രാവിലെ 10ന് പ്രാര്‍ത്ഥനയ്ക്കിടെ പ്രത്യേക വസ്ത്രം ധരിച്ചെത്തിയ ചിലര്‍ വിശുദ്ധ കുര്‍ബാന തടസപ്പെടുത്തിയത്. മാതൃദിനാചരണത്തോടനുബന്ധിച്ച് നടന്ന പ്രത്യേക കുര്‍ബാന പള്ളിയില്‍ നടക്കുമ്പോള്‍ വലിയ തോപ്പിയും ചുവന്ന ഗൗണും ധരിച്ച ആറ് സ്ത്രീകള്‍ മുദ്രാവക്യം മുഴക്കി കത്തീഡ്രനുള്ളില്‍ പ്രവേശിച്ചു.


പള്ളിക്ക് പുറത്ത് പ്രകടനം നടത്തിയ ശേഷമാണ് ഇവര്‍ അകത്തേക്ക് വന്നത്. പ്രതിഷേധക്കാര്‍ ഗര്‍ഭച്ഛിദ്രാനുകൂല വാചകങ്ങള്‍ എഴുതിയ ബാനര്‍ കൈവശം പിടിച്ചിരുന്നു. കത്തീഡ്രല്‍ ജീവനക്കാരും ഇടവകാംഗങ്ങളും ഇവരെ തടയാന്‍ ശ്രമിച്ചെങ്കിലും അള്‍ത്താരയ്ക്ക് അടുത്തേക്ക് ഇവര്‍ പാഞ്ഞടുത്തു. കൂടുതല്‍ വിശ്വാസികള്‍ ഇടപെട്ടാണ് ഇവരെ തടഞ്ഞ് പുറത്താക്കിയത്. വിശ്വാസികള്‍ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു.

അമേരിക്കയിലെ ഗര്‍ഭച്ഛിദ്ര അനുകൂല ഗ്രൂപ്പായ 'റൂത്ത് സെന്‍ഡ് അസ്' അംഗങ്ങളുടെ വസ്ത്രധാരണവുമായി ഇതിന് സാമ്യമുണ്ടെന്ന് ഇടവകാംഗമായ ബ്രാഡ്‌ഫോര്‍ഡ് അഡ്കിന്‍സ് പറഞ്ഞു. എന്നാല്‍ സംഭവത്തിന്റെ ഉത്തരവാദിത്തം റൂത്ത് ഏറ്റെടുത്തിട്ടില്ല. ഗര്‍ഭച്ഛിദ്രത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചുവരുന്ന കത്തോലിക്ക സഭയ്‌ക്കെതിരെ ഗര്‍ഭച്ഛിദ്ര അനുകൂലികളുടെ ഭാഗത്ത് നിന്ന് വ്യാപകമായ പ്രതിഷേധങ്ങളും അക്രമങ്ങളുമാണ് അമേരിക്കയൊട്ടാകെ അരങ്ങേറുന്നത്.

കഴിഞ്ഞ ഫെബ്രുവരി നാലിന് സാന്‍ഫ്രാന്‍സിസ്‌കോയിലെ സെന്റ് മേരീ ഓഫ് ദ അസംപ്ഷന്‍ കത്തീഡ്രലിലും സമാനമായ സംഭവം അരങ്ങേറിയിരുന്നു. സംഭവത്തിന്റെ ഉത്തരവാദിത്തം 'റൂത്ത് സെന്‍ഡ് അസ്' ഏറ്റെടുത്തിരുന്നു. അന്നു ചുവന്ന വസ്ത്രങ്ങളും ഗര്‍ഭച്ഛിദ്ര അനുകൂല പ്ലക്കാര്‍ഡുകളും പിടിച്ചാണ് പ്രതിഷേധക്കാര്‍ പള്ളിയില്‍ പ്രവേശിപ്പിക്കുകയും തിരുക്കര്‍മ്മങ്ങള്‍ തടസപ്പെടുത്തുകയും ചെയ്തത്. പിന്നാലെയാണ് ഞായറാഴ്ച്ചയിലെ ആക്രമണം.


യു.എസ്. സംസ്ഥാനമായ വിസ്‌കോണ്‍സിനിലെ മാഡിസണിലുള്ള പ്രോ-ലൈഫ് ഓര്‍ഗനൈസേഷന്റെ ആസ്ഥാന മന്ദിരമാണ് ഗര്‍ഭച്ഛിദ്രാനുകൂലികള്‍ തീയിട്ടു നശിപ്പിച്ചത്. ഞായറാഴ്ച രാവിലെ ചിലര്‍ കെട്ടിടത്തിലേക്ക് പെട്രോള്‍ ബോംബുകള്‍ എറിയുന്നതായി കണ്ടവരുണ്ട്. ഓഫീസ് കെട്ടിടത്തില്‍നിന്ന് തീജ്വാലകള്‍ ഉയരാന്‍ തുടങ്ങിയതോടെ മാഡിസണ്‍ ഫയര്‍ഫോഴ്‌സ് എത്തി തീ അണയ്ച്ചു.

സംഭവത്തില്‍ ആര്‍ക്കും പരിക്കിക്കേറ്റിട്ടില്ലെന്നും തീപിടിക്കാന്‍ കാരണം പെട്രോള്‍ ബോംബ് എറിഞ്ഞതാണോ എന്ന് സ്ഥിരീകരിക്കാറായിട്ടില്ലെന്നും പൊലീസ് പറഞ്ഞു. കെട്ടിടത്തിനു പുറത്ത് ഗര്‍ഭച്ഛിദ്രത്തെ അനുകൂലിക്കുന്ന ചില ചുവരെഴുത്തുകളും അരാജകത്വ ചിഹ്നങ്ങളും പോലീസ് വിരുദ്ധ മുദ്രാവാക്യങ്ങളും കണ്ടെത്തിയിട്ടുണ്ട്.

സംഭവം സംസ്ഥാനത്തെ മറ്റ് പ്രോ-ലൈഫ് സംഘടനകളെ ആശങ്കയിലാക്കിയിരിക്കുകയാണെന്ന് മാഡിസണ്‍ ബിഷപ്പ് ഡാനിയല്‍ ഹൈയിംഗ് ട്വീറ്റ് ചെയ്തു. വിസ്‌കോണ്‍സിന്‍ ഫാമിലി ആക്ഷന്റെ പ്രതിനിധികള്‍ സംഭവത്തില്‍ നടുക്കം രേഖപ്പെടുത്തി. വിവാഹം, കുടുംബ ജീവിതം, മതസ്വാതന്ത്ര്യം എന്നിവ ശക്തിപ്പെടുത്തുന്നതിനും സംരക്ഷിക്കുന്നതിനും ഗര്‍ഭസ്ഥശിശുക്കളുടെ അവകാശങ്ങള്‍ക്കു വേണ്ടിയും പ്രവര്‍ത്തിക്കുന്ന സംഘടനയാണിത്.

ഓര്‍ഗനൈസേഷന്റെ നിലപാടുകളോട് വിയോജിക്കാനുള്ള മറ്റുള്ളവരുടെ അവകാശത്തെ മാനിക്കുന്നുവെന്നും എന്നാല്‍ അക്രമത്തിന്റെ മാര്‍ഗം സ്വീകരിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും വിസ്‌കോണ്‍സിന്‍ ഫാമിലി ആക്ഷന്‍ പ്രസിഡന്റ് ജുലൈന്‍ കെ. ആപ്ലിംഗ് പറഞ്ഞു. തങ്ങള്‍ ആരെയും ഭീഷണിപ്പെടുത്താന്‍ ശ്രമിക്കാറില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.



യുഎസില്‍ ഗര്‍ഭഛിദ്രത്തിനു നിയമസാധുത നല്‍കിയ 1973 ലെ റോ വേഡ് കേസിലെ വിധി അസാധുവാക്കാനുള്ള സുപ്രീം കോടതി നീക്കത്തെ തുടര്‍ന്നുണ്ടായ പ്രകോപനമാണ് റൂത്ത് സെന്‍ഡ് അസിന്റെ നടപടിക്ക് പിന്നില്‍. സംഭവത്തിന് ശേഷം ക്രിസ്ത്യന്‍ പള്ളികള്‍ക്ക് നേരെ പ്രതിഷേധം വ്യാപകമാക്കണമെന്ന് റൂത്ത് തങ്ങളുടെ അനുയായികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഇതിനെതിരെ ഒരു നടപടിയും കൈക്കൊണ്ടിട്ടില്ല. ഇതാണ് ഗര്‍ഭച്ഛിദ്രത്തെ അനുകൂലിക്കുന്ന ഡെമോക്രറ്റിക് പാര്‍ട്ടി ഭരിക്കുന്ന അമേരിക്കയില്‍ പള്ളികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരെ തുടര്‍ച്ചയായി അക്രമങ്ങള്‍ ഉണ്ടാകാന്‍ കാരണം.

അതേസമയം ഗര്‍ച്ഛിദ്ര വിരുദ്ധനിലപാട് കൈക്കൊണ്ട സുപ്രീം കോടതി ജഡ്ജിമാരുടെ വസതികളിലേക്ക് പ്രതിഷേധം നടത്താനുള്ള തയ്യാറെടുപ്പിലാണ് റൂത്ത് സെന്‍ഡ് അസ്. വിര്‍ജീനിയയിലെ മൂന്ന് ജഡ്ജിമാരുടെയും മേരിലാന്‍ഡിലെ മൂന്ന് ജഡ്ജിമാരുടെയും വസതികളിലേക്കാണ് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. അന്തരിച്ച ജസ്റ്റിസ് റൂത്ത് ബാദര്‍ ഗിന്‍സ്ബര്‍ഗ് രൂപം നല്‍കിയ ആക്ടിവിസ്റ്റ് ഗ്രൂപ്പാണ് റൂത്ത് സെന്‍ഡ് അസ്.


മുന്‍ വാര്‍ത്ത വായിക്കാന്‍:-

https://cnewslive.com/news/27918/in-the-us-there-may-be-a-law-banning-abortion-al


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.