വാഷിങ്ടണ്‍: യു.എസില്‍ ഗര്‍ഭച്ഛിദ്രം നിരോധിക്കാനുള്ള സുപ്രീം കോടതി ജഡ്ജിമാരുടെ നീക്കങ്ങള്‍ പുറത്തുവന്നതിനു പിന്നാലെ രാജ്യമൊട്ടാകെ കത്തോലിക്ക പള്ളികളും സ്ഥാപനങ്ങളും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ തുടരുന്നു. ആക്രമണങ്ങള്‍ വ്യാപിക്കുമ്പോഴും മുഖ്യധാരാ മാധ്യമങ്ങളും സര്‍ക്കാരും ഈ വിഷയത്തെ പൂര്‍ണമായും അവഗണിക്കുന്നത് ഇത്തരം ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്കു പ്രോത്സാഹനമാകുന്നുണ്ട്.
കഴിഞ്ഞ ദിവസം മാതൃദിനത്തില്‍ ലോസ് ഏഞ്ചല്‍സിലെ കത്തോലിക്കാ പള്ളിയില്‍ ഗര്‍ഭച്ഛിദ്രാനുകൂലികള്‍ ദിവ്യബലി തടസപ്പെടുത്തിയ സംഭവത്തിനു പിന്നാലെ ടെക്‌സസിലെ ഒരു പള്ളിയില്‍നിന്ന് സക്രാരി മോഷണം പോയി. ഗാല്‍വെസ്റ്റണ്‍-ഹൂസ്റ്റണ്‍ അതിരൂപതയുടെ കീഴിലുള്ള സെന്റ് ബര്‍ത്തലോമിയോ കത്തോലിക്ക പള്ളിയിലാണ് തിങ്കളാഴ്ച്ച മോഷണം നടന്നത്.
മോഷണം നടന്ന സെന്റ് ബര്‍ത്തലോമിയോ കത്തോലിക്ക പള്ളിയുടെ അള്‍ത്താര
ഗര്‍ഭഛിദ്രത്തിനു നിയമസാധുത നല്‍കിയ 1973 ലെ റോ വേഴ്‌സസ് വേഡ് കേസിലെ വിധി അസാധുവാക്കാന്‍ സുപ്രീം കോടതി ജഡ്ജിമാര്‍ അനുകൂല നിലപാട് സ്വീകരിച്ചെന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നതിനു പിന്നാലെയാണ് ഗര്‍ഭച്ഛിദ്രാനുകൂലികളുടെ വ്യാപക ആക്രമണം നടക്കുന്നത്. രാജ്യത്തെ കത്തോലിക്ക പള്ളികളിലെ ദിവ്യബലി തടസപ്പെടുത്താന്‍ ഗര്‍ഭച്ഛിദ്രത്തെ അനുകൂലിക്കുന്ന സംഘടനകള്‍ തങ്ങളുടെ അംഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായാണോ സക്രാരി മോഷണം പോയതെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. ആരാണ് മോഷണത്തിനു പിന്നിലെന്നു വ്യക്തമായിട്ടില്ല.
പള്ളിക്കു വേണ്ടിയും ഈ ക്രിമിനല്‍ പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നവര്‍ക്കു വേണ്ടിയും പ്രാര്‍ത്ഥിക്കണമെന്ന് ഫാ. ക്രിസ്റ്റഫര്‍ പ്ലാന്റ് ട്വീറ്റ് ചെയ്തു.
മറ്റൊരു സംഭവത്തില്‍ കൊളറാഡോ സംസ്ഥാനത്തുള്ള, പ്രോ-ലൈഫ് ശുശ്രൂഷയ്ക്ക് പേരുകേട്ട ഒരു ദേവാലയത്തിന്റെ ചുവരുകളില്‍ ചുവന്ന മഷി കൊണ്ട് ഗര്‍ഭച്ഛിദ്ര അനുകൂല മുദ്രാവാക്യങ്ങള്‍ എഴുതി വികൃതമാക്കി. അരാജകത്വ ചിഹ്നങ്ങളും വരച്ചുചേര്‍ത്തിട്ടുണ്ട്. ഫോര്‍ട്ട് കോളിന്‍സിലെ സെന്റ് ജോണ്‍ XXIII ഇടവകയുടെ മുന്‍വശത്തെ ചുവരുകളാണ് ഇത്തരത്തില്‍ വികൃതമാക്കിയത്. ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം നടന്നത്. ഗ്ലാസ് പാനലുകളും തകര്‍ത്തിട്ടുണ്ട്.
ഹൂസ്റ്റണിലെ ഹോളി റോസറി കത്തോലിക്ക പള്ളിയുടെ വാതിലുകളില്‍ മഞ്ഞ നിറത്തില്‍ ഗര്‍ഭച്ഛിദ്ര അനുകൂല മുദ്രാവാക്യങ്ങള്‍ എഴുതിച്ചേര്‍ത്തിരിക്കുന്നു. പള്ളി വികാരി ഫാ. പീറ്റര്‍ ഡാമിയനാണ് ഈ സംഭവത്തിന്റെ ചിത്രങ്ങള്‍ പങ്കുവച്ചത്.
ഹൂസ്റ്റണിലെ ഹോളി റോസറി കത്തോലിക്ക പള്ളിയുടെ വാതിലുകളില്‍ പ്രത്യക്ഷപ്പെട്ട ഗര്‍ഭച്ഛിദ്ര അനുകൂല മുദ്രാവാക്യങ്ങള്‍
വിര്‍ജീനിയയില്‍ ഒരു ഗര്‍ഭകാല പരിചരണ കേന്ദ്രവും ആക്രമിക്കപ്പെട്ടവയില്‍ ഉള്‍പ്പെടുന്നു. പ്രോ-ലൈഫ് നയങ്ങള്‍ കാത്തുസൂക്ഷിക്കുന്ന, മനാസാസ് നഗരത്തിലെ പ്രെഗ്‌നന്‍സി റിസോഴ്‌സ് സെന്ററായ ഫസ്റ്റ് കെയര്‍ വിമന്‍സ് ഹെല്‍ത്ത് ക്ലിനിക്കാണ് ഒറ്റരാത്രികൊണ്ട് നശിപ്പിച്ചത്. കറുത്ത മഷി കൊണ്ട് 'ഗര്‍ഭച്ഛിദ്രം ശരിയാണ്' എന്നതടക്കമുള്ള മുദ്രവാക്യങ്ങള്‍ കെട്ടിടത്തിന്റെ വശത്ത് എഴുതിയിട്ടുണ്ട്.
ഞായറാഴ്ച സിയാറ്റിലിലെ സെന്റ് ജെയിംസ് കത്തീഡ്രലിന് പുറത്ത് സെക്യൂരിറ്റി ഗാര്‍ഡും ഗര്‍ഭച്ഛിദ്ര അനുകൂലികളും തമ്മില്‍ സംഘര്‍ഷമുണ്ടായി.
ഗര്‍ഭച്ഛിദ്രാനുകൂല ഗ്രൂപ്പുകള്‍ ശക്തമായ ആക്രമണം അഴിച്ചുവിടുന്ന പശ്ചാത്തലത്തില്‍ ജാഗ്രത പാലിക്കണമെന്ന് വിവിധ അതിരൂപതകള്‍ ഇടവകകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം വിസ്‌കോണ്‍സിന്‍ സംസ്ഥാന തലസ്ഥാനമായ മാഡിസണില്‍ പ്രോ-ലൈഫ് ഓര്‍ഗനൈസേഷന്റെ ആസ്ഥാന മന്ദിരം ഗര്‍ഭച്ഛിദ്രാനുകൂലികള്‍ തീയിട്ടു നശിപ്പിച്ചിരുന്നു. സംഭവത്തെ വൈറ്റ് ഹൗസ് ഒരു പ്രസ്താവനയിലൂടെ അപലപിച്ചു.
കത്തോലിക്ക പള്ളികളും സ്ഥാപനങ്ങളും ആക്രമിക്കപ്പെടുന്ന സംഭവങ്ങള്‍ തുടരുമ്പോഴും മുഖ്യധാരാ മാധ്യമങ്ങള്‍ ഈ വിഷയത്തെ പൂര്‍ണമായും അവഗണിക്കുകയാണ്. ഇതും ഗര്‍ഭച്ഛിദ്രത്തെ അനുകൂലിക്കുന്നവര്‍ക്ക് പ്രോത്സാഹനം നല്‍കുന്നുണ്ട്. യു.എസ്. പ്രസിഡന്റ് ജോ ബൈഡനും മൗനത്തിലാണ്.
കൂടുതല്‍ വായനയ്ക്ക്:
മാതൃദിനത്തില്‍ വിശുദ്ധ കുര്‍ബാന തടസപ്പെടുത്തി: പ്രോ ലൈഫ് ആസ്ഥാനം തീയിട്ടു നശിപ്പിച്ചു; അമേരിക്കയില്‍ ഗര്‍ഭച്ഛിദ്ര അനുകൂലികളുടെ അഴിഞ്ഞാട്ടം
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.