അഹമ്മദാബാദ്: ഈ വര്‍ഷം ഡിസംബറില്‍ നടക്കേണ്ട നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഒരുക്കങ്ങള്‍ വിലയിരുത്താന്‍ രാഹുല്‍ ഗാന്ധി ഗുജറാത്തിലെത്തി. മൂന്നോളം പൊതുയോഗങ്ങളില്‍ പ്രസംഗിക്കുന്ന രാഹുല്‍ വിവിധ നേതാക്കളുമായി കൂടിക്കാഴ്ച്ചയും നടത്തും. സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞു നില്‍ക്കുന്ന വര്‍ക്കിംഗ് പ്രസിഡന്റ് ഹര്‍ദിക് പട്ടേലിനെ രാഹുല്‍ കണ്ടേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന സൂചന അടുത്തിടെ ഹര്‍ദിക് നല്‍കിയിരുന്നു. ട്വിറ്റര്‍ ബയോയില്‍ നിന്ന് കോണ്‍ഗ്രസിന്റെ പേര് ഒഴിവാക്കിയത് വലിയ അഭ്യൂഹങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. ഹര്‍ദിക്കിനെ കോണ്‍ഗ്രസില്‍ പിടിച്ചു നിര്‍ത്തുകയെന്ന ദൗത്യവുമായാണ് രാഹുല്‍ അഹമ്മദാബാദില്‍ എത്തിയതെന്ന് സംസ്ഥാന നേതൃത്വം പറയുന്നു.
പാര്‍ട്ടി കാര്യങ്ങളൊന്നും തന്നെ അറിയിക്കുന്നില്ല എന്നതായിരുന്നു ഹാര്‍ദിക് പട്ടേല്‍ പാര്‍ട്ടിക്ക് എതിരായി ഉയര്‍ത്തിയ വിമര്‍ശനം. പട്ടേല്‍ സമുദായത്തിലെ തന്നെ മറ്റൊരു പ്രധാന നേതാവായ നരേഷ് പട്ടേലിനെ കോണ്‍ഗ്രസിലേക്ക് കൊണ്ടു വരുന്നതിന് ശ്രമിക്കുന്നതും യുവ നേതാവിനെ പ്രകോപിപ്പിക്കുന്നു.
അടുത്തിടെ ഗുജറാത്തി പത്രമായ ദിവ്യ ഭാസ്റില്‍ ഹാര്‍ദിക് നല്‍കിയ അഭിമുഖത്തില്‍ നരേന്ദ്ര മോഡി ഉള്‍പ്പടെയുള്ള ബിജെപി നേതാക്കളെ ഹാര്‍ദിക് പ്രശംസ കൊണ്ട് മൂടിയിരുന്നു. രാമക്ഷേത്ര നിര്‍മാണം, കശ്മീരിലെ 370-ാം അനുച്ഛേദം റദ്ദാക്കല്‍ എന്നിവയെ പിന്തുണയ്ക്കുകയും ചെയ്തിരുന്നു.
2017 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ഹര്‍ദിക്കിന്റെ സാന്നിധ്യമാണ് 77 സീറ്റുകള്‍ നേടാന്‍ കോണ്‍ഗ്രസിനെ സഹായിച്ചത്. എന്നാല്‍ പിന്നീട് പാര്‍ട്ടി കൂടുതല്‍ ദുര്‍ബലമായി. ഇത്തവണ ഹര്‍ദിക് കൂടി പാര്‍ട്ടി വിട്ടാല്‍ കോണ്‍ഗ്രസിനത് വലിയ തിരിച്ചടിയാകും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.