മോഷ്ടിച്ചത് വേണ്ട; ലക്ഷങ്ങള്‍ വിലമതിക്കുന്ന അതിപുരാതന ശില്പം മടക്കി നല്‍കാനൊരുങ്ങി ടെക്‌സാസിലെ പുരാവസ്തു വില്‍പ്പനക്കാരി

മോഷ്ടിച്ചത് വേണ്ട; ലക്ഷങ്ങള്‍ വിലമതിക്കുന്ന അതിപുരാതന ശില്പം മടക്കി നല്‍കാനൊരുങ്ങി ടെക്‌സാസിലെ പുരാവസ്തു വില്‍പ്പനക്കാരി

ടെക്‌സാസ്: യവന ശില്പകലയുടെ മനോഹാര്യത തുളുമ്പുന്ന രണ്ടായിരത്തിലേറെ വര്‍ഷം പഴക്കമുള്ള റോമന്‍ ശില്പം മടക്കി നല്‍കാനൊരുങ്ങി ടെക്‌സാസിലെ പുരാവസ്തു വില്‍പ്പനക്കാരി. ലക്ഷങ്ങള്‍ നല്‍കാന്‍ ആളുള്ളപ്പോള്‍ ഇത്രയും നാള്‍ സൂക്ഷിച്ചതിനുള്ള പ്രതിഫലം മാത്രം വാങ്ങി ഉടമയ്ക്ക് ശില്പം മടക്കി നല്‍കാനുള്ള തീരുമാനത്തിലാണ് ലോറ യംഗ് എന്ന പുരവസ്തു കച്ചവടക്കാരി. കാരണം യഥാര്‍ഥ ഉടമയില്‍ നിന്ന് ആരോ മോഷ്ടിച്ചതാണെന്ന ചീത്തപ്പേര് തന്നെ.

2018 ലാണ് ലോറയ്ക്ക് ഏതോ റോമന്‍ ഭരണാധികാരിയുടേതെന്ന് തോന്നിക്കുന്ന മാര്‍ബിളില്‍ തീര്‍ത്ത ശില്പം യാഥര്‍ച്ഛികമായി കിട്ടുന്നത്. ഓസ്റ്റിനിലെ ഗുഡ്‌വില്‍ മ്യൂസിയത്തില്‍ ആകര്‍ഷകമായ ശില്പങ്ങള്‍ ഉണ്ടോയെന്ന് പരതുന്നതിനിടെ മേശയ്ക്കടിയില്‍ തറയില്‍ കിടക്കുകയായിരുന്നു ഇത്. ശില്പം കൈയിലെടുത്തപ്പോള്‍ എന്തോ ഒരു അകര്‍ഷണം തോന്നി. കവിള്‍ ഭാഗത്ത് തുങ്ങിക്കിടന്ന മഞ്ഞ നിറത്തിലുള്ള പ്രൈസ് ടാഗ് നോക്കിയപ്പോള്‍ വില വെറും 34.99 ഡോളര്‍. പിന്നെ മറ്റൊന്നും ആലോചിച്ചില്ല. പേഴ്‌സില്‍ നിന്ന് പണമെടുത്ത് നല്‍കി പ്രതിമ സ്വന്തമാക്കി.

വീട്ടിലെത്തിച്ച പ്രതിമയെ ആദ്യം പൂന്തോട്ടത്തിലും പിന്നീട് സ്വീകരണ മുറിയിലും പ്രതിഷ്ഠിച്ചു. 'ഇറ്റ്‌സ് ഓള്‍വേസ് സണ്ണി ഇന്‍ ഫിലാഡല്‍ഫിയ' എന്ന ഹാസ്യ പരമ്പരയിലെ കഥാപാത്രത്തിന്റെ സാമ്യം തോന്നിയതിനാല്‍ അവള്‍ അതിന് 'ഡെന്നിസ് റെയ്‌നോള്‍ഡ്‌സ്' എന്ന് പേരിട്ടു. 52 പൗണ്ടാണ് മാര്‍ബിളില്‍ തീര്‍ത്ത ശില്പത്തിന്റെ ഭാരം. 'വളരെ ബുദ്ധിമുട്ടുള്ള, വികാരരഹിതനായ ഒരു മനുഷ്യനായി' ശില്പം കാണുമ്പോള്‍ ലോറയ്ക്ക് തോന്നി. മാര്‍ബിളിന്റെ തണുപ്പ് ആസ്വദിക്കാന്‍ ഇടയ്ക്കിടെ ഡെന്നിസിനെ വാത്സല്യത്തോടെ തഴുകുമായിരുന്നു.

ഇതിനിടെ ശില്പത്തിന്റെ പ്രത്യേകതകളും പഴമയും പഠിക്കാനുള്ള യാത്ര ആരംഭിച്ചു. ബിസി ഒന്നാം നൂറ്റാണ്ടിന്റെ അവസാനത്തിലോ എഡി ഒന്നാം നൂറ്റാണ്ടിന്റെ ആരംഭത്തിലോ പണികഴിപ്പിച്ച ശില്പമാണതെന്ന് അവള്‍ കണ്ടെത്തി. അതായത് രണ്ടായിരം വര്‍ഷത്തിലേറെ പഴക്കം. പുരാതന റോമിലെ ഭരണാധികാരി ജൂലിയസ് സീസര്‍, അല്ലെങ്കില്‍ പോംപെ ദി ഗ്രേറ്റ്, അല്ലെങ്കില്‍ റോമന്‍ കമാന്‍ഡറായ നീറോ ക്ലോഡിയസ്, അതുമല്ലെങ്കില്‍ ഡ്രൂസസ് ജെര്‍മാനിക്കസ് അങ്ങനെ നീളുന്നു ശില്പവുമായി രൂപസാദൃശ്യമുള്ള ചക്രവര്‍ത്തിമാരുടെ നിര.

റോമില്‍ നിര്‍മിക്കപ്പെട്ട ശില്പം എങ്ങനെ ടെക്‌സാസില്‍ എത്തിയെന്ന് കണ്ടെത്താനായി ലോറയുടെ പിന്നീടുള്ള യാത്ര. പത്തൊന്‍പതാം നൂറ്റാണ്ട് മുതല്‍ രണ്ടാം ലോകമഹായുദ്ധ സമയംവരെ ജര്‍മ്മനിയിലെ ബവേറിയയിലെ രാജാവായ ലുഡ്വിഗ് ഒന്നാമന്റെ കൊട്ടാരമുറ്റത്തെ തലയെടുപ്പുള്ള പ്രതിമകളിലൊന്നായിരുന്നു ഇത്.

1944 ലും 1945 ലും സഖ്യസേന നടത്തിയ ബോംബാക്രമണത്തില്‍ ബവേറിയയിലെ ഈ കൊട്ടാരം ആക്രമിക്കപ്പെട്ടു. കൊട്ടാരത്തിനുള്ളിലും പുറത്തും നടന്ന ശക്തമായ സ്‌പോടനങ്ങളില്‍ അവിടെ ഉണ്ടായിരുന്ന കലാശില്പങ്ങളൊക്കെ തകര്‍ക്കപ്പെട്ടു. ആ കുട്ടത്തില്‍ ഇതും ഉണ്ടായിരുന്നു. പിന്നീട് ഇവിടെത്തിയ ഒരു അമേരിക്കന്‍ സൈനീകന്‍ മോഷ്ടിച്ചുകൊണ്ടുപോയതാണ് ഈ ശില്പം എന്നാണ് ഏറ്റവും വിശ്വസനീയമായ കഥ. എങ്കിലും ശില്പം എങ്ങനെ ടെക്‌സാസില്‍ എത്തിയതിന്റെ ഉത്തരം ലോറയ്ക്ക് കണ്ടെത്താന്‍ ആയില്ല.



ബവേറിയന്‍ രാജാവിന്റെ കലാ ശേഖരത്തിന്റെ ഭാഗമായിരുന്നതിനാല്‍ ശില്പം തിരികെ നല്‍കാനുള്ള തീരുമാനത്തിലാണ് ലോറ. 'യുദ്ധസമയത്ത് കൊള്ളയടിക്കുന്ന കലാ മോഷണം ഒരു യുദ്ധക്കുറ്റമാണ്. അതില്‍ പങ്കുകാരിയാകാന്‍ താല്‍പര്യമില്ല'- ഇതാണ് ലോറയുടെ നിലപാട്. ഏറ്റവും അടുത്ത സമയത്ത് തന്നെ ശില്പം ബവേറിയന്‍ സര്‍ക്കാരിന് തിരികെ നല്‍കും.

'നഷ്ടപ്പെട്ടുവെന്ന് കരുതിയ ശില്പം തിരികെ ലഭിക്കുന്നതില്‍ സന്തോഷമുണ്ടെന്നും ബവേറിയന്‍ ചരിത്രത്തിന്റെ നഷ്ടമായ ഭാഗം കൂട്ടിയോചിപ്പിക്കപ്പെടുകയാണെന്നും ബവേറിയന്‍ പൗരാണിക കൊട്ടാരങ്ങളുടെ അഡ്മിനിസ്‌ട്രേറ്റര്‍ ബെര്‍ണ്‍ഡ് ഷ്രെയിബര്‍ പറഞ്ഞു. തിരികെ ലഭിച്ച ശേഷം സാന്‍ അന്റോണിയോ മ്യൂസിയത്തില്‍ 2023 മെയ് വരെ പ്രതിമ പ്രദര്‍ശിപ്പിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.