പ്രാര്‍ത്ഥനയ്‌ക്കൊപ്പം അനുതാപവും കാരുണ്യ പ്രവര്‍ത്തികളും വേണമെന്ന് പഠിപ്പിച്ച വിശുദ്ധ മാമ്മെര്‍ട്ടൂസ്

 പ്രാര്‍ത്ഥനയ്‌ക്കൊപ്പം അനുതാപവും കാരുണ്യ പ്രവര്‍ത്തികളും വേണമെന്ന് പഠിപ്പിച്ച വിശുദ്ധ മാമ്മെര്‍ട്ടൂസ്

അനുദിന വിശുദ്ധര്‍ - മെയ് 11

വിയെന്നായിലെ മെത്രാപ്പൊലീത്തയായിരുന്നു വൈജ്ഞാനികനും വിശുദ്ധനുമായ മാമ്മെര്‍ട്ടൂസ്. അദ്ദേഹം തന്റെ രൂപതയില്‍ നടപ്പില്‍ വരുത്തിയ പ്രാര്‍ത്ഥനാ ദിനങ്ങളിലും ഉപവാസ ദിവസങ്ങളിലും ചിലത് പിന്നീട് സര്‍വ്വത്രിക സഭയും നടപ്പിലാക്കി. പ്രകൃതി ദുരന്തങ്ങളുടെയും യുദ്ധം, മഹാമാരി തുടങ്ങിയ ദൈവീക കോപത്തിന്റേതായ അവസരങ്ങളിലും പ്രത്യേക പ്രാര്‍ത്ഥനാന്തരീക്ഷം സൃഷ്ട്ടിക്കാന്‍ വിശുദ്ധന് സാധിച്ചു.

ഒരിക്കല്‍ വിയെന്നാ നഗരത്തില്‍ വലിയൊരു അഗ്‌നി ബാധയുണ്ടായി. നഗരവാസികള്‍ ആകെ അമ്പരപ്പിലാവുകയും അവരുടെ ദൈനംദിന പ്രവര്‍ത്തനങ്ങളെ അത് ബാധിക്കുകയും ചെയ്തു. പക്ഷേ വിശുദ്ധ മാമ്മെര്‍ട്ടൂസിന്റെ പ്രാര്‍ത്ഥനയാല്‍ പെട്ടെന്ന് തന്നെ ആ അഗ്‌നിബാധ അത്ഭുതകരമായി കെട്ടടങ്ങി. ഈ അത്ഭുതം ജനങ്ങളുടെ മനസുകളെ കാര്യമായി സ്വാധീനിച്ചു.

ഈ അവസരം ഉപയോഗപ്പെടുത്തി ഭക്തിപൂര്‍വ്വമായ പ്രാര്‍ത്ഥനയുടെ സാധ്യതയെക്കുറിച്ചും ആത്മാര്‍ത്ഥമായ മനസ്താപത്തെക്കുറിച്ചും ജീവിതത്തില്‍ സമൂലമായ മാറ്റം വരുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും മാമ്മെര്‍ട്ടൂസ് ജനങ്ങളെ ബോധവാന്‍മാരാക്കി. ഒരു ഈസ്റ്റര്‍ രാത്രിയില്‍ വീണ്ടും നഗരത്തില്‍ ഭയാനകമായ അഗ്‌നി ബാധയുണ്ടായി. നഗരം മുന്‍പെങ്ങുമില്ലാത്ത വിധം ഭീതിതമായ അവസ്ഥയിലായി. പതിവുപോലെ പരിശുദ്ധനായ ആ പിതാവ് തന്റെ ദൈവത്തില്‍ അഭയം പ്രാപിച്ചു.

തീജ്വാലകള്‍ ശമിക്കുന്നത് വരെ അദ്ദേഹം കണ്ണീരോടെ അള്‍ത്താരക്ക് മുന്‍പില്‍ നിന്ന് പ്രാര്‍ത്ഥിച്ചു. വിശുദ്ധന്റെ പിന്‍ഗാമിയായ വിശുദ്ധ അവിറ്റൂസ് ഭയാനകമായ ആ തീജ്വാലകളുടെ കെട്ടടങ്ങലിനെ അത്ഭുതകരമെന്നാണ് വിശേഷിപ്പിച്ചിട്ടുള്ളത്.

വിനാശകരമായ രണ്ടാമത്തെ അഗ്‌നി ബാധയ്ക്ക് ശേഷം വിശുദ്ധ മാമ്മെര്‍ട്ടൂസ് മെത്രാപ്പോലീത്ത വര്‍ഷം തോറും മൂന്ന് ദിവസത്തെ ഉപവാസങ്ങളും യാചനാ പ്രാര്‍ത്ഥനകളുമടങ്ങിയ ഭക്തിപൂര്‍വ്വമായ ഒരാചാര രീതി തന്റെ രൂപതയില്‍ കൊണ്ടു വന്നു.

എല്ലാ വിശ്വാസികളും ആത്മാര്‍ത്ഥമായ പശ്ചാത്താപത്തോടുകൂടിയും കണ്ണുനീരും, പ്രാര്‍ത്ഥനയും ഉപവാസവുമായി തങ്ങളുടെ പാപങ്ങള്‍ ഏറ്റുപറഞ്ഞ് ദൈവകോപത്തെ ശമിപ്പിക്കുന്നതിനായി ഈ പ്രാര്‍ത്ഥനയില്‍ പങ്കെടുക്കണമെന്ന് നിര്‍ബന്ധമായിരുന്നു. വിശുദ്ധ മാമ്മെര്‍ട്ടൂസ്നടപ്പാക്കിയ ഈ വിശ്വാസാചരണ രീതി വിശുദ്ധ സിഡോണിയൂസ് മെത്രാനായിരുന്ന ഓവര്‍ഗനേയിലെ സഭയും മാതൃകയാക്കി.

വളരെ കുറഞ്ഞ കാലം കൊണ്ട് ഇത് ലോകം മുഴുവനും ആചരിക്കുന്ന ഒരു ഭക്തിപരമായ ആചാരമായി മാറി. സങ്കീര്‍ത്തനങ്ങള്‍ ചൊല്ലേണ്ട രീതിയില്‍ ക്രമീകരിച്ചതും മൂന്ന് യാചനാ പ്രാര്‍ത്ഥനാ ദിനങ്ങളുടെ ആചാരക്രമം നിലവില്‍ വരുത്തിയതും വിശുദ്ധ മാമ്മെര്‍ട്ടൂസാണെന്ന് വിശുദ്ധ അവിറ്റൂസിന്റെ പ്രസംഗത്തില്‍ നിന്നും വ്യക്തമാണ്.

സഹോദരനായ മാമ്മെര്‍ട്ടൂസ് ക്ലോഡിയന്‍ മരിച്ച് മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം 477 ലാണ് വിശുദ്ധ മാമ്മെര്‍ട്ടൂസ് ഇഹലോക വാസം വെടിയുന്നത്. നമ്മുടെ കഷ്ടതകളുടെ സമയങ്ങളില്‍ ആത്മാര്‍ത്ഥമായ പശ്ചാത്താപവും അനുതാപവും കാരുണ്യ പ്രവര്‍ത്തികളും നമ്മുടെ പ്രാര്‍ത്ഥനകള്‍ക്കൊപ്പം ഉണ്ടാവണമെന്ന് വിശുദ്ധ മാമ്മെര്‍ട്ടൂസ് നമ്മെ പഠിപ്പിക്കുന്നു.

ഇന്നത്തെ ഇതര വിശുദ്ധര്‍

1. റോമായിലെ അന്തിമൂസ്

2. സ്‌പെയിനിലെ അനസ്റ്റാസിയൂസും കൂട്ടരും

3. റോമായിലെ ഫാബിയൂസും മാക്‌സിമൂസും.

'അനുദിന വിശുദ്ധര്‍' എന്ന ഈ ആത്മീയ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26