ന്യൂഡല്‍ഹി: രാജ്യദ്രോഹ നിയമം പുനപരിശോധന നടത്തുന്നതുവരെ ഈ വകുപ്പ് അനുസരിച്ച് കേസെടുക്കുന്നത് സുപ്രീം കോടതി തടഞ്ഞു. കേന്ദ്രവും സംസ്ഥാനങ്ങളും ഇന്ത്യന്‍ ശിക്ഷാനിയമം 124 എ അനുസരിച്ച് കേസുകള്‍ രജിസ്റ്റര്‍ ചെയ്യരുതെന്ന് ചീഫ് ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു.
നിലവില്‍ രജിസ്റ്റര്‍ ചെയ്ത രാജ്യദ്രോഹക്കേസുകള്‍ മരവിപ്പിക്കാനും സുപ്രീം കോടതി ഉത്തരവിട്ടു. രാജ്യദ്രോഹ നിയമപ്രകാരം എടുത്ത കേസുകളില്‍ ജയിലില്‍ കഴിയുന്നവര്‍ക്ക് ജാമ്യത്തിനായി കോടതിയെ സമീപിക്കാമെന്നും വിധിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. രാജ്യദ്രോഹ കേസുകളില്‍ 13,000 പേര്‍ ജയിലിലുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.
രാജ്യദ്രോഹ നിയമപ്രകാരം കേസെടുക്കുന്നത് ഒഴിവാക്കാനാവില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാട് സുപ്രീം കോടതി അംഗീകരിച്ചില്ല. രാജ്യദ്രോഹക്കുറ്റം ചുമത്തുന്ന ഐ.പി.സി 124 എ വകുപ്പ് കേന്ദ്രം പുനപരിശോധിക്കുന്നതുവരെ ഈ വകുപ്പും രാജ്യദ്രോഹം ചുമത്തിയ കേസുകളിലെ നടപടികളും മരവിപ്പിച്ചു കൂടെയെന്ന് സുപ്രീം കോടതി കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു.
നിലവില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ മരവിപ്പിക്കാനാവില്ലെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിനു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചത്. രാജ്യദ്രോഹ കേസ് രജിസ്റ്റര്‍ ചെയ്യുന്നതില്‍ തീരുമാനം എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥരേ എടുക്കാന്‍ പാടുള്ളുവെന്ന് നിര്‍ദേശിക്കാമെന്നും കേസ് രജിസ്റ്റര്‍ ചെയ്യുന്നതിന്റെ മേല്‍നോട്ടം പ്രത്യേക സമിതിക്ക് വിടാമെന്നും കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.
രാജ്യദ്രോഹം ചുമത്തിയ ഇരുപതോളം കേസുകളാണ് കേരളത്തിലുള്ളത്. ഏറെയും മാവോയിസ്റ്റുകള്‍ക്കും വന്‍ കള്ളനോട്ടടിക്കാര്‍ക്കും എതിരെയാണ്. നിരവധി കേസുകളില്‍ പൊലീസ് ചുമത്തിയ രാജ്യദ്രോഹക്കുറ്റം ഹൈക്കോടതി റദ്ദാക്കിയിട്ടുണ്ട്. മാവോയിസ്റ്റ് നേതാവ് രൂപേഷിനെതിരേ മൂന്നു കേസുകളില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തിയത് ഹൈക്കോടതി റദ്ദാക്കിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.