'മകളെ... പൊറുക്കൂ, ഒന്നും നിന്നെ തളര്‍ത്താതിരിക്കട്ടെ': സമസ്ത നേതാവ് പെണ്‍കുട്ടിയെ അപമാനിച്ച സംഭവത്തില്‍ പ്രതികരിച്ച് മാത്യു ടി.തോമസ്

'മകളെ... പൊറുക്കൂ, ഒന്നും നിന്നെ തളര്‍ത്താതിരിക്കട്ടെ': സമസ്ത നേതാവ് പെണ്‍കുട്ടിയെ അപമാനിച്ച സംഭവത്തില്‍ പ്രതികരിച്ച് മാത്യു ടി.തോമസ്

പത്തനംതിട്ട: മലപ്പുറത്ത് സമ്മാനം വാങ്ങാന്‍ സ്റ്റേജിലെത്തിയ പെണ്‍കുട്ടിയെ അപമാനിച്ച സംഭവത്തില്‍ പ്രതികരണവുമായി മാത്യു ടി.തോമസ് എംഎല്‍എ. കഷ്ടം ! എന്ന തലക്കെട്ടോടെ ഫെയ്‌സ് ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്.

''സമ്മാനം സ്വീകരിക്കുന്നതിനു വേദിയിലേക്ക് പെണ്‍കുട്ടിയെ ക്ഷണിച്ചതിന് സംഘാടകര്‍ക്കു മേല്‍ മതനിഷ്ഠകളുടെ മറവില്‍ ശകാരങ്ങള്‍ വര്‍ഷിക്കുന്ന ദൃശ്യങ്ങള്‍ ഇന്നത്തെ വാര്‍ത്തകളില്‍ കാണാനിടയായി. പഠന മികവിന് സമ്മാനിതയായത് 16 വയസുകാരി പെണ്‍കുട്ടിയായിപ്പോയത് കൊണ്ട് ഇത്ര മ്ലേച്ഛത്തരം പാടുണ്ടോ?'' എന്ന് മാത്യു ടി. തോമസ് ചോദിച്ചു.

സര്‍ട്ടിഫിക്കറ്റ് വിതരണത്തിനായി പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ സ്റ്റേജിലേക്ക് വിളിപ്പിച്ചതില്‍ സമസ്ത നേതാവ് അബ്ദുല്ല മുസലിയാര്‍ വേദിയില്‍ വച്ച് പ്രകോപിതനായിരുന്നു.

ഫെയ്‌സ് ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

കഷ്ടം !
സമ്മാനം സ്വീകരിക്കുന്നതിനു വേദിയിലേക്ക് പെണ്‍കുട്ടിയെ ക്ഷണിച്ചതിന് സംഘാടകര്‍ക്കു മേല്‍ മതനിഷ്ഠകളുടെ മറവില്‍ ശകാരങ്ങള്‍ വര്‍ഷിക്കുന്ന ദൃശ്യങ്ങള്‍ ഇന്നത്തെ വാര്‍ത്തകളില്‍ കാണാനിടയായി. പഠന മികവിന് സമ്മാനിതയായത് 16 വയസുകാരി പെണ്‍കുട്ടി ആയിപ്പോയതു കൊണ്ട് ഇത്ര മ്ലേച്ഛത്തരം പാടുണ്ടോ?
ലിംഗസമത്വം, തുല്യനീതി,... ഭരണഘടനാ തത്വങ്ങള്‍ അവിടെ നില്‍ക്കട്ടെ.. ആ കുഞ്ഞു മനസിനെ വേദനിപ്പിച്ചില്ലേ? ആ അപരാധത്തിന് മതത്തിന്റെ സംരക്ഷണമോ?
മതബോധനങ്ങളുടെ ദുര്‍വ്യാഖ്യാനം എന്ന് കരുതിക്കോട്ടെ? മകളെ... പൊറുക്കു ഞങ്ങളോട്. മറക്കു ഇന്നെന്ന കറുത്ത ദിനത്തെ. വെല്ലുവിളിയായി ഈ അനുഭവം മാറട്ടെ. നീ മിടുക്കിയായി വളരണം. ഒന്നും നിന്നെ തളര്‍ത്താതിരിക്കട്ടെ.
നീ നിന്ദിതയല്ല...ആവരുത്.. ഇന്ന് നിനക്കീ വേദന സമ്മാനിച്ച ഞങ്ങള്‍ നിന്നെ നമിക്കുന്ന ഒരു ദിനമുണ്ടാവും.. തീര്‍ച്ച.

മാത്യു ടി. തോമസ്


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.