തിരുവനന്തപുരം: വരവും ചെലവും തമ്മിലുള്ള വിടവ് പരിഹരിക്കാനാവാതെ ഗുരുതര സാമ്പത്തികപ്രതിസന്ധിൽ സംസ്ഥാനം. സാമ്പത്തിക വർഷം തുടങ്ങി ഒരുമാസം പിന്നിട്ടിട്ടും കേരളത്തിന് കടമെടുക്കാൻ കേന്ദ്ര സർക്കാരിന്റെ അനുമതി കിട്ടിയില്ല.
എടുത്ത കടത്തെപ്പറ്റി കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള തർക്കം തുടരുന്നതാണ് കാരണം. കടം കിട്ടാതായതോടെ സാമ്പത്തികപ്രതിസന്ധിയിലാണ് സംസ്ഥാനം. അനുമതി ഇനിയും നീണ്ടാൽ ട്രഷറിയിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടിവരും.
എന്നാൽ മുൻവർഷങ്ങളിൽ കേരളത്തിന്റെ കടം സംബന്ധിച്ച കണക്കിൽ പൊരുത്തക്കേടുണ്ടെന്നാണ് കേന്ദ്ര വാദം. കിഫ്ബി ഉൾപ്പെടെയുള്ള ഏജൻസികളും പൊതു മേഖലാസ്ഥാപനങ്ങളും എടുക്കുന്ന കടവും സർക്കാരിന്റെ കടമായി കണക്കാക്കണമെന്നാണ് കംപ്‌ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ നിർദേശം. ഇത് ഉൾപ്പെടുത്താനാവില്ലെന്നാണ് സർക്കാർ നിലപാട്.
32,425 കോടി രൂപയാണ് സാമ്പത്തികവർഷം കേരളത്തിന് കടമെടുക്കാൻ കേന്ദ്രം നിശ്ചയിച്ച പരിധി. ഇത് ഗഡുക്കളായി ഏപ്രിൽ ആദ്യം തന്നെ അനുവദിക്കുകയാണ് പതിവ്. റിസർവ് ബാങ്കുവഴി കടപ്പത്രങ്ങളിലൂടെയാണ് ഇങ്ങനെ വായ്പയെടുക്കുന്നത്.
കണക്കിലെ പൊരുത്തക്കേടിനെപ്പറ്റിയും കോവിഡ് കാലത്ത് അനുവദിച്ച അധിക വായ്പവിനിയോഗത്തെപ്പറ്റിയും കേന്ദ്രം വിശദീകരണം ചോദിച്ചിട്ടുണ്ട്. ഇതിന് മറുപടി നൽകിയിട്ടുണ്ടെന്നും വായ്പയെടുക്കാൻ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സർക്കാർവൃത്തങ്ങൾ പറഞ്ഞു. ഇനിയും വൈകിയാൽ മുഖ്യമന്ത്രി ഇടപെട്ട് പരിഹാരം തേടാനാണ് തീരുമാനം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.