സംസ്ഥാനത്തെ ഒന്നാം ക്ലാസ് പ്രവേശനത്തിന് കുറഞ്ഞത് അഞ്ച് വയസ്; സ്കൂള്‍ മാനുവലിന്റെ കരട് പുറത്തിറക്കി

സംസ്ഥാനത്തെ ഒന്നാം ക്ലാസ് പ്രവേശനത്തിന് കുറഞ്ഞത് അഞ്ച് വയസ്; സ്കൂള്‍ മാനുവലിന്റെ കരട് പുറത്തിറക്കി

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായം അഞ്ചായി തുടരുമെന്നു വ്യക്തമാക്കി സ്കൂള്‍ മാനുവലിന്റെ കരട് പുറത്തിറക്കി.

ഒന്ന് മുതൽ എട്ട് വരെയുള്ള വിദ്യാര്‍ഥികളില്‍നിന്ന് ഒരുതരത്തിലുള്ള ഫീസും ഈടാക്കരുത്. സ്കൂള്‍ പ്രവര്‍ത്തനം സംബന്ധിച്ചുള്ള ആധികാരികരേഖയായ സ്കൂള്‍ മാനുവലിന്റെയും ഏകോപനത്തോടെയുള്ള പഠന പ്രവര്‍ത്തനങ്ങള്‍ വിശദമാക്കുന്ന അക്കാദമിക് മാസ്റ്റര്‍ പ്ലാനിന്റെയും കരടാണു മന്ത്രി വി.ശിവന്‍കുട്ടി പുറത്തിറക്കിയത്.

കേന്ദ്ര വിദ്യാഭ്യാസനയം അനുസരിച്ച്‌ ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായം ആറ് ആണെങ്കിലും കേരളത്തില്‍ വിദ്യാഭ്യാസച്ചട്ടം അനുസരിച്ച്‌ അഞ്ച് ആയി തുടരുമെന്നാണു മാനുവലില്‍ വ്യക്തമാക്കുന്നത്. ഒമ്പതാം ക്ലാസ് വരെ പ്രവേശനത്തിനു മൂന്ന് മാസത്തെയും പത്താം ക്ലാസിലേക്ക് ആറ് മാസത്തെയും വയസിളവ് ജില്ലാ-ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍മാര്‍ക്ക് അനുവദിക്കാം.

പിടിഎ, ക്ലാസ് പിടിഎ, സ്കൂള്‍ മാനേജ്മെന്റ് കമ്മിറ്റി, മാതൃസമിതി, പൂര്‍വ വിദ്യാര്‍ഥി സംഘടന തുടങ്ങിയ വിവിധ സമിതികളുടെ ഘടന, ചുമതലകള്‍, ഫണ്ട് വിനിയോഗം എന്നിവ മാനുവലില്‍ വിശദമാക്കുന്നു. പിടിഎ കമ്മിറ്റികളില്‍ രക്ഷിതാക്കളുടെയും അധ്യാപകരുടെയും പ്രതിനിധികളില്‍ പകുതിയെങ്കിലും വനിതകളായിരിക്കണം. അധ്യാപകര്‍ സ്വകാര്യ ട്യൂഷനും മറ്റു സ്വകാര്യ പഠന പ്രവര്‍ത്തനങ്ങളും നടത്തുന്നില്ലെന്നു സ്കൂള്‍ മാനേജ്മെന്റ് കമ്മിറ്റി ഉറപ്പാക്കണം.

പഠന പ്രവര്‍ത്തന മേല്‍നോട്ടത്തിനു നിരീക്ഷണ സമിതി രൂപീകരിക്കണമെന്ന് അക്കാദമിക് മാസ്റ്റര്‍ പ്ലാനിന്റെ കരടില്‍ നിര്‍ദേശിച്ചിട്ടുണ്ട്. അധ്യാപക-പിടിഎ പ്രതിനിധികള്‍ക്കൊപ്പം തദ്ദേശ ജനപ്രതിനിധി, അക്കാദമിക് വിദഗ്ധ - വിദഗ്ധന്‍, പൂര്‍വ വിദ്യാര്‍ഥി-വിദ്യാര്‍ഥി പ്രതിനിധി തുടങ്ങിയവരും ഉള്‍പ്പെട്ടതാകണം സമിതി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.